തെരഞ്ഞെടുപ്പിന് മൂന്നുനാള്‍ മുന്‍പ് അമേരിക്കയുമായി 'രഹസ്യ' കരാര്‍; ബംഗ്ലാദേശില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു

Published : Feb 06, 2026, 06:18 PM IST
india us trade deal zero tariff trump modi agreement impact analysis

Synopsis

എന്താണ് ഈ 'രഹസ്യ' കരാര്‍? കരാറിലെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അമേരിക്കയുമായി ബംഗ്ലാദേശ് നേരത്തെ ധാരണയിലെത്തിയിരുന്നു

 

രാജ്യം നിര്‍ണ്ണായകമായ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അമേരിക്കയുമായി ധൃതിപിടിച്ച് വ്യാപാര കരാറില്‍ ഒപ്പുവെക്കാനൊരുങ്ങി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സര്‍ക്കാര്‍. ഫെബ്രുവരി 12-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഫെബ്രുവരി 9-ന് വാഷിംഗ്ടണില്‍ വെച്ചാണ് കരാര്‍ ഒപ്പിടുന്നത്. കരാറിലെ നിബന്ധനകള്‍ പുറത്തുവിടാത്തതും ഇന്ത്യയുമായുള്ള വ്യാപാര മത്സരവുമാണ് ബംഗ്ലാദേശില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്.

എന്താണ് ഈ 'രഹസ്യ' കരാര്‍? കരാറിലെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അമേരിക്കയുമായി ബംഗ്ലാദേശ് നേരത്തെ ധാരണയിലെത്തിയിരുന്നു.. ഇതുപ്രകാരം കരാറിന്റെ കരട് പാര്‍ലമെന്റിലോ വ്യവസായ മേഖലയിലുള്ളവര്‍ക്കോ ലഭ്യമാക്കിയിട്ടില്ല. ബംഗ്ലാദേശ് വാണിജ്യ ഉപദേഷ്ടാവ് എസ്.കെ. ബഷീര്‍ ഉദ്ദീന്‍ നേരത്തെ തന്നെ ധാക്കയില്‍ വെച്ച് കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. ഇത് കൈമാറാനായി അഞ്ചംഗ ഉദ്യോഗസ്ഥ സംഘം അമേരിക്കയിലേക്ക് തിരിക്കും. അമേരിക്കന്‍ വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറാണ് യുഎസിന് വേണ്ടി ഒപ്പിടുന്നത്.

ഇന്ത്യയും വസ്ത്രവ്യാപാരവും

അടുത്തിടെ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച വ്യാപാര കരാറാണ് ബംഗ്ലാദേശിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവ അമേരിക്ക 18 ശതമാനമായി കുറച്ചിരുന്നു. നിലവില്‍ 20 ശതമാനം തീരുവ നല്‍കുന്ന ബംഗ്ലാദേശ്, അത് 15 ശതമാനമായി കുറയ്ക്കാനാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിന്റെ ആകെ കയറ്റുമതിയുടെ 90 ശതമാനവും വസ്ത്രവ്യാപാരമാണ്. ഇന്ത്യയുമായുള്ള മത്സരത്തില്‍ വിപണി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈ തിടുക്കത്തിന് പിന്നില്‍.

വിവാദ നിബന്ധനകള്‍

കരാറിനെക്കുറിച്ച് പുറത്തുവരുന്ന ചില സൂചനകള്‍ ആശങ്കയുണ്ടാക്കുന്നതാണ്:

ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറച്ച്, അമേരിക്കയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ വാഷിംഗ്ടണ്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

അമേരിക്കന്‍ വാഹനങ്ങള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും ബംഗ്ലാദേശില്‍ പരിശോധനയില്ലാതെ പ്രവേശനം നല്‍കണം.

അമേരിക്കന്‍ ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകള്‍ അതേപടി അംഗീകരിക്കണം.

വിമര്‍ശനവുമായി വിദഗ്ധര്‍

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ല ഇത്തരം സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നാണ് പ്രധാന വിമര്‍ശനം. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുന്‍പ് എന്തിന് ഇത്ര തിടുക്കം എന്ന് സാമ്പത്തിക വിദഗ്ധനായ അനു മുഹമ്മദ് ചോദിക്കുന്നു. വിദേശ ലോബികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, വരാനിരിക്കുന്ന സര്‍ക്കാരിന്റെ കൈകള്‍ കെട്ടിയിടാനാണോ ഈ നീക്കമെന്ന് സാമ്പത്തിക വിദഗ്ധന്‍ ദേബപ്രിയ ഭട്ടാചാര്യ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി ഒന്നുമില്ലെന്നും അമേരിക്കയുടെ അനുമതിയോടെ കരാര്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

ബിറ്റ്കോയിന് വന്‍ തിരിച്ചടി: വില 65,000 ഡോളറിലേക്ക് കൂപ്പുകുത്താന്‍ സാധ്യത; നിക്ഷേപകര്‍ക്ക് നെഞ്ചിടിപ്പ്
പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ 5.25 ശതമാനത്തിൽ തുടരും