1400 കോടി കടന്ന് തമിഴ്നാടിന്റെ ഇലക്ട്രോണിക്സ് കയറ്റുമതി; ലക്ഷ്യം 1800 കോടി ഡോളർ

Published : Feb 10, 2026, 02:18 PM IST
Export

Synopsis

കേന്ദ്ര പദ്ധതികൾക്കായി കാത്തുനിൽക്കുക മാത്രമല്ല, വ്യവസായത്തെ കൂടുതൽ മത്സരക്ഷമമാക്കാൻ സംസ്ഥാനം സ്വന്തമായി ഗ്രാൻ്റുകൾ നൽകുന്നുണ്ടെന്നും ടിആർബി രാജ.

ചെന്നെ: ഇന്ത്യയുടെ ഇലക്ട്രോണിക്സ് രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് തമിഴ്നാട്. 2025-ൽ തമിഴ്നാടിന്റെ കയറ്റുമതി 1465 കോടി ഡോളറിലെത്തി. 2021-ൽ ഇത് വെറും 165 കോടി ഡോളർ മാത്രമായിരുന്നു. തമിഴ്നാട് വ്യവസായ, നിക്ഷേപ പ്രോത്സാഹന, വാണിജ്യ മന്ത്രി ടിആർബി രാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

"ഇന്ത്യയുടെ ആകെ കയറ്റുമതി ഏകദേശം 4500 കോടി ഡോളറാണ്. അതിൽ തമിഴ്നാടിന്റെ പങ്ക് 1800 കോടി ഡോളറിലെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതോടെ ഇലക്ട്രോണിക്സ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി തമിഴ്നാട് തുടരും," ടിആർബി രാജ പറഞ്ഞു. ചെന്നൈയിൽ നടന്ന ഇലക്ട്രോണിക് ഇൻഡസ്ട്രീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 15-ാമത് സോഴ്സ് ഇന്ത്യ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നിക്ഷേപത്തിന്റെ കണക്കുകൾ പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രാധാന്യം നൽകുന്നത് ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് എന്ന് മന്ത്രി വിശദീകരിച്ചു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പോലുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ വഴി തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിൽ സംസ്ഥാനം വലിയ വിജയം നേടിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇലക്ട്രോണിക്സ് കോംപോണന്റ് മാനുഫാക്ചറിംഗ് സ്കീമിന്റെ (ഇസിഎംഎസ്) രണ്ടാം ഘട്ടത്തിലെ കണക്കുകൾ പ്രകാരം, പദ്ധതിക്ക് കീഴിൽ സൃഷ്ടിക്കപ്പെട്ട 69 ശതമാനം ജോലികളും തമിഴ്നാട്ടിലാണെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര പദ്ധതികൾക്കായി കാത്തുനിൽക്കുക മാത്രമല്ല, വ്യവസായത്തെ കൂടുതൽ മത്സരക്ഷമമാക്കാൻ സംസ്ഥാനം സ്വന്തമായി ഗ്രാൻ്റുകൾ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങളുടെ ഫലമായി, പിസിബികൾ, ക്യാമറ മൊഡ്യൂളുകൾ, ട്രാൻസിസ്റ്ററുകൾ തുടങ്ങിയ സങ്കീർണ്ണമായ ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി തമിഴ്നാട് മാറിയിരിക്കുന്നു. ഇന്ത്യക്ക് മാത്രമല്ല, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കും സേവനം നൽകാൻ കഴിയുന്ന ഒരു സമ്പൂർണ്ണ വിതരണ ശൃംഖല സംസ്ഥാനത്തിനുള്ളിൽ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം.

ലോകം തമിഴ്നാട്ടിലെ കഴിവുറ്റ തൊഴിൽ ശക്തിയെയാണ് ഉറ്റുനോക്കുന്നതെന്നും ടിആർബി രാജ പറഞ്ഞു. ഓരോ വർഷവും 1.5 ലക്ഷം എഞ്ചിനീയർമാരാണ് സംസ്ഥാനത്തെ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്നത്. ജപ്പാൻ, കൊറിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ഇവരെ നിയമിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനായി, വിദ്യാർത്ഥികൾക്ക് സാങ്കേതിക വൈദഗ്ധ്യത്തിലും വിദേശ ഭാഷകളിലും പരിശീലനം നൽകുന്നതിൽ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. "സാങ്കേതിക വിദ്യയിലും ഭാഷയിലും പരിശീലനം ലഭിച്ച തമിഴ്നാട്ടിലെ ആളുകളെ അവരുടെ രാജ്യങ്ങളിൽ ജോലിക്ക് കൊണ്ടുപോകാൻ അവർ തയ്യാറാണ്. അതേസമയം, തമിഴ്നാട്ടിലെ ലോകോത്തര ആശയങ്ങൾക്കനുസരിച്ച് ഞങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കാൻ അവരും ഇവിടേക്ക് വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ടിആർബി രാജ പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് ഉയരും, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ​ഗുണം ചെയ്യുമെന്ന് ഗോൾഡ്മാൻ സാക്സ്
ജിഎം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്, ചായയ്ക്കും കാപ്പിക്കും വന്‍ ഇളവ്; യുഎസുമായി കച്ചവടത്തിന് ഇന്ത്യ