കേന്ദ്രസർക്കാർ ജിയോക്കൊപ്പം: എയർടെലിനും വൊഡഫോൺ ഐഡിയക്കും വൻതുക പിഴശിക്ഷ

By Web TeamFirst Published Oct 1, 2021, 3:43 PM IST
Highlights

ടെലികോം റെഗുലേറ്ററി അതോറിറ്റി 2016 ൽ തന്നെ രണ്ട് കമ്പനികൾക്കുമെതിരെ പിഴശിക്ഷ ശുപാർശ ചെയ്തിരുന്നു

ദില്ലി: ജിയോയുടെ പരാതിയിൽ എയർടെലിനും വൊഡഫോൺ ഐഡിയക്കുമെതിരെ നടപടിയെടുത്ത് ടെലികോം വകുപ്പ്. മൂന്നാഴ്ചക്കുള്ളിൽ 3050 കോടിയാണ് രണ്ട് കമ്പനികളും ചേർന്ന് അടയ്ക്കേണ്ടത്. എയർടെൽ 1050 കോടി രൂപയും വൊഡഫോൺ ഐഡിയ 2000 കോടിയും അടയ്ക്കണം. ഇന്റർ കണക്ഷൻ പോയിന്റ്സുമായി ബന്ധപ്പെട്ട കരാറുകളിലെ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി.

ടെലികോം റെഗുലേറ്ററി അതോറിറ്റി 2016 ൽ തന്നെ രണ്ട് കമ്പനികൾക്കുമെതിരെ പിഴശിക്ഷ ശുപാർശ ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഈ ശുപാർശ അംഗീകരിച്ചത് 2019 ജൂണിലാണ്. എന്നാൽ നോട്ടീസ് നൽകിയിരുന്നില്ല. 2018 ഓഗസ്റ്റിൽ വോഡഫോണും ഐഡിയയും ലയിക്കുകയും ചെയ്തു. 2016ലാണ് റിലയൻസ് ജിയോ ഇൻഫോ കോം ടെലികോം രംഗത്തേക്ക് വന്നത്. തുടക്കത്തിൽ ഉപഭോക്താക്കൾക്ക് മാസങ്ങളോളം സൗജന്യ കോൾ അടക്കം നൽകിയായിരുന്നു ഇവർ വിപണിയിൽ ചുവടുറപ്പിച്ചത്.

ജിയോയുടെ സൗജന്യ സേവനത്തിൽ അന്ന് തന്നെ എയർടെലും ഐഡിയയും വൊഡഫോണും എതിർപ്പുന്നയിച്ചിരുന്നുവെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റിയോ ടെലികോം വകുപ്പോ ഇതിൽ കാര്യമായ നടപടികൾ എടുത്തിരുന്നില്ല. ഇതോടെയാണ് ജിയോക്ക് നൽകേണ്ട ഇന്റർകണക്ഷൻ പോയിന്റുകൾ നൽകാതെ ലൈസൻസ് വ്യവസ്ഥ എതിരാളികളായ കമ്പനികൾ ലംഘിച്ചത്. ഇതിന്റെ പേരിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.

സെപ്തംബർ 15 ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ടെലികോം സെക്ടറിലെ കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മൊറട്ടോറിയം അടക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പിഴശിക്ഷ നൽകിയിരിക്കുന്നത്. സർക്കാർ സഹായിച്ചില്ലെങ്കിൽ അടച്ചുപൂട്ടേണ്ടി വരുമെന്ന നിലയിലായ ടെലികോം കമ്പനികൾക്ക് ജീവശ്വാസം നൽകുന്ന തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെ പിഴശിക്ഷ നൽകിയതിൽ വിപണിയിലാകെ അമ്പരപ്പുണ്ട്. നടപടി ഏകപക്ഷീയമെന്ന് എയർടെൽ പ്രതികരിച്ചു. കേസിൽ ഇരു കമ്പനികളും നിയമ നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.

click me!