ദിവസം 1002 കോടിയുടെ വരുമാനവുമായി അദാനി സമ്പത്തിൽ ഏഷ്യയിലെ രണ്ടാം സ്ഥാനത്തേക്ക്

By Web TeamFirst Published Oct 1, 2021, 2:08 PM IST
Highlights

 ചൈനയിലെ ബോട്ടിൽഡ് വാട്ടർ വ്യാപാരി സോങ് ഷാൻസനെ വെട്ടിച്ചാണ് അദാനി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നത്

കഴിഞ്ഞ ഒരു വർഷം ലോകം കൊറോണാ(corona) ഭീതിയിൽ കഴിച്ചു കൂട്ടിയ, പലർക്കും ഉപജീവനമാർഗം അടഞ്ഞു പോയ ഒരു കാലഘട്ടമാണ്. എന്നാൽ, ഗൗതം അദാനി(Gautham Adani) എന്ന ബിസിനസ്സുകാരന് അത് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ(richest) പട്ടികയിൽ ഒരു സ്ഥാനം മുകളിലേക്ക് കയറാനുള്ള അവസരമായിരുന്നു. അദാനിയും കുടുംബവും കഴിഞ്ഞ വർഷത്തിലെ ഓരോ ദിവസത്തിലും സമ്പാദിച്ചു കൂട്ടിയത് 1002 കോടി വീതം. ഒരു വർഷം മുമ്പ് അവരുടെ സമ്പത്ത്  1,40,200 കോടി രൂപയുണ്ടായിരുന്നത്, ഇക്കൊല്ലം ആയപ്പോഴേക്കും അഞ്ചിരട്ടിയായി വർധിച്ച്, 5,05,900 കോടി രൂപയായിട്ടുണ്ട്. അതോടെ ചൈനയിലെ ബോട്ടിൽഡ് വാട്ടർ വ്യാപാരി സോങ് ഷാൻസനെ വെട്ടിച്ച് ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ഗൗതം അദാനി. 2021 -ലെ  IIFL Wealth Hurun India Rich List -ലാണ് ഗൗതം അദാനിയും, സഹോദരൻ വിനോദ് അദാനിയും ആദ്യപത്തിൽ ഇടം പിടിച്ചിട്ടുള്ളത്. 1,31,600 കോടി രൂപയാണ് വിനോദ് അദാനിയുടെ ആകെ ആസ്തി. 

മുകേഷ് അംബാനിയാണ് പ്രസ്തുത ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എങ്കിലും, കഴിഞ്ഞ വർഷം ഒരു ദിവസം 169 കോടി രൂപ വീതം ആർജിക്കാൻ അദ്ദേഹത്തിന് സാധിച്ചുള്ളൂ. അംബാനിയുടെ ആസ്തി ഒമ്പതു ശതമാനം വർധിച്ച്, 7,18,000 കോടി ആയിട്ടുണ്ടെന്നാണ് ഹുറൂൺ റിപ്പോർട്ടിൽ പറയുന്നത്. മൂന്നാം സ്ഥാനത്തുള്ളത് HCL ടെക്‌നോളജീസ് ഉടമ ശിവ് നാടാർ ആണ്. 2,36,600 കോടിയുടെ ആസ്തിയുള്ള അദ്ദേഹം കഴിഞ്ഞ വർഷം നേടിയത് പ്രതിദിനം 260 കോടിയുടെ ആസ്തി വളർച്ചയാണ്. കൊവിഡ് വാക്സിൻ നിർമിക്കുന്ന സെറം ഇൻസ്റ്റിട്യൂട്ടിന്റെ ഉടമസ്ഥനായ സൈറസ് പൂനവാലയും 1,63,700 കോടിയുടെ അധികം പിന്നിലല്ലാതെയായി പട്ടികയിലുണ്ട്. 

ഉദാരീകരണത്തെ അവസരമാക്കിയ  വ്യവസായി 

ഉദാരീകരണം തുടങ്ങിയശേഷം ഇന്ത്യയിൽ ഏറ്റവും വലിയ വ്യവസായസാമ്രാജ്യം പടുത്തുയർത്തിയ ഒരു സംരംഭകനാണ് ഗൗതം അദാനി. വളർച്ചയുടെ വേഗംകൊണ്ട് ഇദ്ദേഹം അനുസ്മരിപ്പിക്കുന്നത് സാക്ഷാൽ ധീരുഭായ് അംബാനിയെ ആണ്. ഗുജറാത്തിലെയും ദില്ലിയിലെയും  അധികാര കേന്ദ്രങ്ങളോട് ഒരു കാലത്ത് ധീരുഭായ്ക്ക് ഉണ്ടായിരുന്നത് പോലുള്ള അടുപ്പം തന്നെയാണ് ഇന്ന് അദാനിയും കാത്തു സൂക്ഷിക്കുന്നത്. 1962 -ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ, ശാന്തിലാൽ അദാനി എന്ന വസ്ത്ര വ്യവസായിയുടെയും  ശാന്തബെൻ അദാനി എന്ന വീട്ടമ്മയുടെയും എട്ടുമക്കളിൽ ഒരാളായിട്ടാണ് ഗൗതം ജനിക്കുന്നത്. വടക്കൻ ഗുജറാത്തിലെ ബനാസ്കാന്ധ ജില്ലയിലെ ഥറാദ്  എന്ന ഉൾനാടൻ ഗ്രാമത്തിൽ നിന്ന് അഹമ്മദാബാദിലെ രത്തൻപോളിലേക്ക് കുടിയേറിപ്പാർത്തതാണ് അദാനിയുടെ കുടുംബം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗുജറാത്ത് സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടാൻ അദാനി ശ്രമിക്കുന്നുണ്ട് എങ്കിലും, തന്റെ വഴി അക്കാദമിക വിദ്യാഭ്യാസമല്ല, വ്യാപാരവും വ്യവസായവുമാണ് എന്ന്  വളരെ നേരത്തെ തന്നെ തിരിച്ചറിയുന്ന അദ്ദേഹം  പഠനം പാതി വഴി ഉപേക്ഷിച്ച് കച്ചവടം ചെയ്യാൻ വേണ്ടി ഇറങ്ങിപ്പുറപ്പെടുന്നു.

അങ്ങനെ എൺപതുകളുടെ തുടക്കത്തിൽ,  തന്റെ പതിനെട്ടാമത്തെ വയസ്സിൽ അഹമ്മദാബാദ് വിട്ട് മായാനഗരി മുംബൈയിലേക്ക് തീവണ്ടി കയറുന്ന ഗൗതം അദാനിയുടെ കീശയിൽ, അന്ന് നൂറിന്റെ ഏതാനും നോട്ടുകൾ മാത്രമാണ് മൂലധനമായി  ഉണ്ടായിരുന്നത്. പക്ഷെ, അദാനി അടക്കമുള്ള ഗുജറാത്തിലെ ബനിയകൾക്ക് പണപ്പെട്ടിക്കുള്ളിൽ അടുക്കിവെക്കുന്ന നോട്ടുകെട്ടുകളേക്കാൾ എത്രയോ വലിയ ഒരു മൂലധനം ജന്മസിദ്ധമായി കിട്ടാറുണ്ട്. അതാണ് 'ബിസിനസ് അക്യൂമെൻ' അഥവാ 'വ്യാപാരബുദ്ധി' എന്ന് പറയുന്നത്. അത്  ഗൗതമിന്റെ തലച്ചോറിൽ ധാരാളം ഉണ്ടായിരുന്നു. ചെന്നിറങ്ങി അധികം വൈകാതെ തന്നെ അദ്ദേഹത്തിന്, മുംബൈയിലെ മഹിന്ദ്ര ബ്രദേഴ്‌സ് എന്ന സ്ഥാപനത്തിൽ വേണ്ടി ഡയമണ്ട് സോർട്ടർ ആയി ജോലി കിട്ടുന്നു. ഒന്നോ രണ്ടോ വർഷം അങ്ങനെ ജോലി ചെയ്ത് വജ്രവ്യാപാരത്തിന്റെ ഉള്ളുകള്ളികൾ എല്ലാം സ്വായത്തമാക്കുന്ന ഗൗതം, അധികം വൈകാതെ സാവേരി ബസാറിൽ സ്വന്തമായി ഒരു ഡയമണ്ട് ബ്രോക്കിങ് സ്ഥാപനം തന്നെ തുടങ്ങുകയും ചെയ്യുന്നു.  സ്വന്തം സ്ഥാപനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ തന്റെ ജീവിതത്തിൽ ആദ്യത്തെ മില്യൺ, അതായത് പത്തുലക്ഷത്തിൽ അധികം രൂപയുടെ ലാഭം, തന്റെ ഇരുപതു വയസ്സിനുള്ളിൽ തന്നെ ഗൗതം അദാനി ഉണ്ടാക്കുന്നുണ്ട്.

കയറ്റിറക്കുമതിയിൽ തെളിഞ്ഞ തലവര

ഈ ഡയമണ്ട് ബ്രോക്കിങ് ബിസിനസ്സിങ്ങനെ വലിയ മോശമില്ലാത്ത രീതിയിൽനടന്നുകൊണ്ടിരിക്കുമ്പോഴാണ് ഗൗതം അദാനിയുടെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവുണ്ടാവുന്നത്. അനിയന് സാമാന്യം നന്നായി ബിസിനസ് നടത്താൻ അറിയാമെന്ന് തിരിച്ചറിയുന്ന മൂത്ത ജ്യേഷ്ഠൻ മൻസുഖ് ഭായ് അദാനി, 1981 - ൽ അഹമ്മദാബാദിൽ താൻ പുതുതായി തുടങ്ങിയ പ്ലാസ്റ്റിക് ഫാക്ടറി ഏറ്റെടുത്തു നടത്താൻ വേണ്ടി ഗൗതമിനെ മുംബൈയിൽ നിന്ന് തിരികെ വിളിച്ചു വരുത്തുന്നു. അടുത്തവർഷം മുതൽ ജ്യേഷ്ഠന്റെ ഈ ബിസിനസ് ഏറ്റെടുത്ത് നടത്താൻ ശ്രമിച്ചപ്പോഴാണ് ഗൗതം അദാനിക്ക് തന്റെ ജീവിതത്തിൽ ആദ്യമായി ഒരു  പ്രതിസന്ധി നേരിടേണ്ടി വരുന്നത്. ഈ ഫാക്ടറിയ്ക്ക് മാസാമാസം  വേണ്ടിയിരുന്നത് 20 ടണ്ണോളം പിവിസി ഗ്രാന്യൂൾസ് ആയിരുന്നു. ഇന്ത്യയിൽ അന്ന് ആകെ ഇത് സപ്ലൈ ചെയ്തിരുന്ന ഒരേയൊരു കമ്പനി മുംബൈ IPCL ആയിരുന്നു. അവർക്കാണെങ്കിൽ മുക്കിമൂളി ആകെ ഡെലിവർ ചെയ്യാൻ പറ്റിയിരുന്നത് മാസം കഷ്ടിച്ച് രണ്ടു ടൺ ആയിരുന്നു. അങ്ങനെ ഫാക്ടറി നടത്തിക്കൊണ്ടുപോവാൻ വേണ്ടത്ര അസംസ്‌കൃത വസ്‌തുകിട്ടാതെ അദാനി ആകെ ചുറ്റിപ്പോവുന്നു.

ഇത്തരത്തിലുള്ള വഴിമുട്ടിക്കുന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയവർ മാത്രമേ എന്നും ചരിത്രത്തിൽ വിജയിച്ചിട്ടുള്ളൂ. ഗൗതം അദാനിയുടെ കഥയും മറ്റൊന്നായിരുന്നില്ല. ഫാക്ടറി മുടക്കം കൂടാതെ നടത്തിക്കൊണ്ടു പോകാൻ  വേണ്ട പിവിസി ഗ്രാന്യൂൾസ് കിട്ടാനില്ല, അത് സപ്ലൈ ചെയ്യാൻ നാട്ടിൽ ആളില്ല എന്ന് തിരിച്ചറിയുന്ന അദാനി, 1988 -ൽ IMPORT / EXPORT ലൈസൻസ് സംഘടിപ്പിച്ച ശേഷം  അന്നത്തെ അഞ്ചുലക്ഷം രൂപയുടെ അടിസ്ഥാന മൂലധനത്തിൽ 'അദാനി EXPORTS' എന്ന പേരിൽ ഒരു പോളിമർ ഇറക്കുമതി കമ്പനി തുടങ്ങുന്നു.

ഗൗതം അദാനിക്ക് ആ ചെറുപ്രായത്തിൽ തന്നെ നല്ല കാഞ്ഞ ബുദ്ധി ആയിരുന്നു എങ്കിലും ഒരു വീക്ക്നെസ്സ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വൃത്തിക്ക് ഇംഗ്ലീഷ് പറഞ്ഞു പിടിച്ചു നില്ക്കാൻ അറിഞ്ഞുടാ. ഇതിന്റെ പേരിലുണ്ടായിരുന്നആത്മവിശ്വാസക്കുറവ് പരിഹരിക്കാനും പക്ഷെ, ഗൗതം ഒരു വഴി കണ്ടിരുന്നു. അവന്റെ ഒരു ബാല്യകാല സ്നേഹിതൻ   ഡോ. മലയ് മഹാദേവിയ അന്ന് ബിഡിഎസ് കഴിഞ്ഞു നിൽക്കുന്ന കാലമായിരുന്ന. നന്നേ ചെറുപ്പത്തിൽ പണക്കാരനായിക്കഴിഞ്ഞിരുന്ന ഉറ്റ സ്നേഹിതൻ ഗൗതമിനോട് ഡോ. മലയ് തനിക്കൊരു ക്ലിനിക്ക് ഇട്ടു തരാമോ എന്നൊക്കെ അന്ന്  ചോദിക്കുന്നുണ്ട്. അങ്ങനെ ഒരു ക്ലിനിക്കിട്ടിരുന്നു എങ്കിൽ, ആജീവനാന്തം അവിടെ ഒരു പല്ലുഡോക്ടർ ആയി ഒതുങ്ങിപ്പോവുമായിരുന്ന മലയിനെ ബ്രെയ്ൻ വാഷ് ചെയ്ത്, ബിഡിഎസ് ബിരുദമൊക്കെ പരണത്തുവെച്ച്, തന്നോടൊപ്പം വ്യവസായം ചെയ്യാനിറങ്ങാൻ വേണ്ടി ഇറങ്ങിത്തിരിക്കാൻ പ്രേരിപ്പിക്കുന്നതും ഗൗതം ആണ്.   ഇവര് രണ്ടുപേരും കൂടി അക്കാലത്ത്  ഒരു ഗ്രേ കളർ ബജാജ് സൂപ്പർ സ്‌കൂട്ടറിൽ, നിരന്തരം അഹമ്മദാബാദിലെ പല ഓഫീസുകളും കയറിയിറങ്ങി നടന്ന് ബിസിനസിനുള്ള അവസരങ്ങൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. വെറും ഒരു വർഷത്തെ കഠിനാധ്വാനം കൊണ്ട് ആദ്യ മൂലധനമായ അഞ്ചുലക്ഷത്തെ ഗൗതം/മലയ് ജോഡികൾ ചേർന്ന് രണ്ടരക്കോടിയാക്കി വർധിപ്പിക്കുന്നു.

ഗുജറാത്തിലെ അന്നത്തെ പ്രധാന തുറമുഖങ്ങളിൽ ഒന്ന് കണ്ട് ല ആയിരുന്നു. അവിടെയാണ് അദാനി എക്സ്പോർട്ട്സ് കമ്പനി ആദ്യമായി ഒരു ഓഫീസിടുന്നത്. ഇറക്കുമതിയിലെ സകല ലൂപ്പ് ഹോൾസും അന്ന് അദാനിക്ക് അറിയാമായിരുന്നു. ഉദാ. അന്ന് ചെറുകിട പ്ലാസ്റ്റിക് വ്യാപാരികളിൽ നിന്ന് 'ലെറ്റർ ഓഫ് ഓതറൈസേഷൻ' വാങ്ങിയ ശേഷം അദാനി ബൾക്കായി ഗ്രാന്യൂൾസ് ഇറക്കുമതി ചെയ്യുമായിരുന്നു. പിന്നെ, ഇറക്കുമതി ചെയ്യാൻ LOA വേണ്ടാത്ത ഗുജറാത്ത് സ്റ്റേറ്റ് എക്സ്പോർട്ട് കോർപ്പറേഷൻ പോലുള്ള സ്റ്റേറ്റ് ഏജൻസികൾക്ക് വേണ്ടി ബൾക്കായി ഇറക്കി അവർക്കുവേണ്ടത് അവർക്ക് കൊടുത്തിട്ട് ബാക്കി വരുന്ന ഷിപ്പ്മെന്റ് ലോക്കലി വിറ്റഴിച്ചും അദാനി നല്ല ലാഭം തന്നെ ഉണ്ടാക്കിക്കൊണ്ടിരുന്നു.

അവിടന്നങ്ങോട്ടുള്ള അദാനിയുടെ വളർച്ച കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു. 1988 -ൽ വെറും നൂറു മെട്രിക് ടൺ കാർഗോ ക്ലിയർ ചെയ്തിരുന്ന അദാനി, 1992 ആയപ്പോഴേക്കും 40,000  മെട്രിക് ടൺ ക്ലിയർ ചെയ്യുന്ന തരത്തിലേക്ക് വളരുന്നു. പിവിസി ഗ്രാന്യൂൾസിന് പുറമെ, കെമിക്കലുകളും പെട്രോളിയം ഉത്പന്നങ്ങളും ഒക്കെ അദ്ദേഹം ഇറക്കുമതി ചെയ്തു തുടങ്ങി.  

കലങ്ങാതെ പോയ കാർഗിൽ

1991-ൽ  കാർഗിൽ എന്ന് പേരായ ഒരു അമേരിക്കൻ കമ്പനിയുടെ പ്രതിനിധികൾ ഗൗതം അദാനിയെ വളരെ lucrative ആയിട്ടുള്ള ഒരു പ്രൊജക്റ്റുമായിട്ട് സമീപിക്കുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് ഉത്പാദന മേഖലകളിൽ ഒന്നാണ് കച്ച്. അവിടെ ഒരു സാൾട്ട് വർക്ക്സ് സ്ഥാപിക്കുക. അവിടെ ഉത്പാദിപ്പിക്കുന്ന ഉപ്പ് വിദേശത്തേക്ക് കയറ്റി അയക്കാൻ ഒരു ചെറുകിട തുറമുഖവും നിർമിക്കുക. അദാനി ഗ്രൂപ്പുമായി ചേർന്ന് ഒരു 50:50 പാർട്ണർഷിപ്പിലുള്ള  ജോയിന്റ് വെഞ്ചർ ആയിട്ട് ഈ പ്രോജക്ട് പൂർത്തിയാക്കാം എന്നൊരു പ്രൊപ്പോസലുമായി അവർ അദാനിയെ ചെന്ന് കാണുന്നു.  ഇതുമായി സഹകരിക്കാൻ തയ്യാറാവുന്ന അദാനി, ഗവൺമെന്റിൽ തനിക്കുള്ള സ്വാധീനങ്ങൾ പരമാവധി ചെലുത്തി, തുറമുഖത്തിന് വേണ്ട പെർമിഷനുകള് നേടിയെടുക്കുന്നു. ഒപ്പം തന്നെ, ഇതേ ആവശ്യം  ചൂണ്ടിക്കാട്ടി അന്നത്തെ ചിമൻ ഭായ് പട്ടേൽ സർക്കാരിൽ നിന്ന് കുറെയേറെ കോസ്റ്റൽ ലാൻഡും അദാനി ഗ്രൂപ്പ് അക്വയർ ചെയ്തെടുക്കുന്നു.

ഈ സമയത്താണ് കേന്ദ്ര ഗവണ്മെന്റിന്റെ വിദേശ നിക്ഷേപ നയങ്ങളിൽ മാറ്റമുണ്ടാവുന്നത്. 100 ശതമാനം വേണമെങ്കിലും ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് ആവാം പോർട്ടുകൾ നിർമിക്കുന്നതിൽ എന്ന് കേന്ദ്രം പ്രഖ്യാപിക്കുന്നു. അതോടെ, അതുവരെ ഉണ്ടായിരുന്ന ധാരണയിൽ നിന്ന് കാർഗിൽ മാനേജ്‌മെന്റ് പിന്നോട്ടടിക്കുന്നു. അവർ ഏകപക്ഷീയമായിട്ട്, 50 :50 എന്നുള്ള പങ്കാളിത്തം 89:11  എന്നാക്കി മാറ്റുന്നു. അതോടെ അദാനി ഗ്രൂപ്പ് ആ പങ്കുകച്ചവടത്തിൽ നിന്ന് പിൻവാങ്ങുന്നു. പിൻവാങ്ങി എന്ന് മാത്രമല്ല, കാർഗിൽ അങ്ങനെ ഒരു പദ്ധതിയുമായി മുന്നോട്ടു പോവുന്നില്ല എന്നുകൂടി ഗൗതം അദാനി തന്റെ പിടിപാടുകൾ കൊണ്ട് ഉറപ്പാക്കുന്നു. അതോടെ തങ്ങളുടെ പ്രോജക്ടും ഉപേക്ഷിച്ച് അമേരിക്കൻ കമ്പനി സ്ഥലം വിടുന്നു  തുറമുഖത്തിനുള്ള പെര്മിഷനും പത്തുമൂവായിരത്തോളം ഏക്കർ തരിശു ഭൂമിയുമായി "ഇനി എന്ത്" എന്നറിയാതെ അദാനി പെരുവഴിയിൽ നിന്നുപോവുന്നു.

മുന്ദ്ര പോർട്ട് എന്ന ജാക്പോട്ട്

പക്ഷേ, ആ പ്രതിസന്ധിയും ഗൗതം അദാനിക്ക് അനുഗ്രഹമാവാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളൂ. 1995 -ൽ ഗുജറാത്ത് സർക്കാറിന്റെ തുറമുഖ നയത്തിൽ കാര്യമായ മാറ്റം വരുന്നു.അതുവരെ കണ്ട് ല / മുംബൈ JNPT പോർട്ടുകളെ ആശ്രയിച്ച് ഇമ്പോർട്ട് എക്സ്പോർട്ട് നടത്തിയിരുന്ന അദാനിക്ക് അവിടെയൊക്കെ ഉള്ള ചുവപ്പുനാട കാരണമുളള കാലതാമസങ്ങൾ കൊണ്ട് വന്നിരുന്നത് വർഷാവർഷം ഏകദേശം പത്തുകോടി രൂപയുടെ ധനനഷ്ടമായിരുന്നു. തന്റെ കച്ചവടങ്ങൾക്കുവേണ്ടി സ്വന്തമായി ഒരു കൊമേർഷ്യൽ തുറമുഖം തന്നെ മുന്ദ്രയിൽ തുടങ്ങിയാലെന്ത് എന്നൊരു ആലോചന ഗൗതം അദാനിയുടെ തലച്ചോറിൽ ഇങ്ങനെ കിടന്നു കളിക്കുന്ന സമയത്താണ്, ഗുജറാത്ത് സർക്കാർ സംസ്ഥാനത്ത് പത്തു പുതിയ തുറമുഖങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുക്കും എന്നൊരു  പ്രഖ്യാപനവുമായി വരുന്നത്. ഈ പ്രഖ്യാപനം വന്നപ്പോൾ, മുന്ദ്രയിൽ ആവശ്യത്തിലധികം കോസ്റ്റൽ രണ്ടും തുറമുഖത്തിനുള്ള പെർമിഷനും കയ്യിൽ വെച്ചിരുന്ന അദാനി മറ്റുള്ളവരേക്കാൾ എന്തുകൊണ്ടും ഒരു 'അഡ്വാന്റേജ്‌ പൊസിഷ'നിൽ തന്നെ ആയിരുന്നു. ഉപ്പു കൊണ്ടുപോകുവാനുള്ള ഒരു ചെറുകിട ജെട്ടിക്കു പകരം, മുന്ദ്രയിൽ ഒരു ഫുൾ ഫ്ലഡ്ജ്ഡ് കൊമേർഷ്യൽ പോർട്ട് തന്നെ തുടങ്ങാനുളള ഭാഗികമായ ധനസഹായം, ആ ഒരു മേഖലയിൽ ഒരു മുന്പരിചയവും ഇല്ലാതിരുന്നിട്ടും അന്ന് അഹമ്മദാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന  Industrial Finance Corporation of India അഥവാ IFCI യുടെ അന്നത്തെ എംഡി ആയിരുന്ന കെഡി അഗർവാളിൽ നിന്ന് സംഘടിപ്പിചെടുക്കാൻ അദാനിക്ക് സാധിക്കുന്നു. "മിസ്റ്റർ അദാനി, എനിക്ക് നിങ്ങളുടെ ഈ പ്രൊപ്പോസലിനേപ്പറ്റി യാതൊന്നും അറിയില്ല. പക്ഷെ, നിങ്ങളെ എനിക്ക് തികഞ്ഞ വിശ്വാസമാണ് " എന്നാണ് അഗർവാൾ അന്ന് ആ ധനസഹായം അനുവദിച്ചു കൊണ്ട് അദാനിയോട് പറഞ്ഞത് എന്ന് സൺഡേ മോണിങ് ഹെറാൾഡിൽ 2017 -ൽ പ്രസിദ്ധപ്പെടുത്തിയ ടിം എലിയട്ടിന്റെ ഒരു ലേഖനത്തിൽ പറയുന്നുണ്ട്. എന്തായാലും, ഗവൺമെന്റിന്റെ പൂർണ പിന്തുണയോടെ യുദ്ധകാലാടിസ്ഥാനത്തിൽ പണിചെയ്ത് അദാനി എത്രയും പെട്ടെന്ന് തന്നെ പോർട്ടിന്റെ പണി പൂർത്തിയാക്കുന്നു. 1998 -ൽ,  മുന്ദ്രയിൽ ആദ്യമായി ഒരു ചരക്കുകപ്പൽ ഡോക്ക് ചെയ്യപ്പെടുന്നതോടെ ഇന്ത്യയിൽ സ്വകാര്യമേഖലയിൽ പ്രവർത്തനം നടത്തുന്ന ഏറ്റവും വലിയ പോർട്ടായിട്ടു മുന്ദ്ര മാറുന്നു. ഇന്ന് കച്ച് തീരപ്രദേശത്ത് ഏതാണ്ട് 40 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുകയാണ് മുന്ദ്രയിൽ അദാനി വികസിപ്പിച്ചെടുത്തിട്ടുള്ള ഈ സ്വകാര്യ പോർട്ട്.

തുടക്കത്തിൽ കാര്യമായ സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ മുന്ദ്ര പോർട്ടിന് സാധിക്കുന്നില്ല. അവരുടെ ടെർണിങ് പോയിന്റ് വരുന്നത് 2000 -ലാണ്. അക്കൊല്ലം, കണ്ടല പോർട്ടിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റായ തീരുമാനം മുന്ദ്രക്ക് വലിയ ഗുണം ചെയുന്നു.  30 വർഷത്തേക്കുള്ള BOT അടിസ്ഥാനത്തിൽ ഒരു കണ്ടെയ്‌നർ ടെർമിനൽ - കണ്ടെയ്‌നർ കാർഗോ ഹാൻഡിൽ ചെയ്യാനുള്ള ഒരു ബെർത്ത്  നിർമിക്കാനുള്ള പ്രൊപ്പോസലുമായി ചെന്ന ഓസ്‌ട്രേലിയയിലെ  P&O Ports നെ കണ്ട് ല പോർട്ട് നിരസിക്കുന്നു. തന്റെ നേർക്കുവന്ന, ഈ ഓഫർ രണ്ടു കയ്യും നീട്ടി സ്വീകരിച്ച അദാനിക്കുവേണ്ടി, മുന്ദ്രയിൽ ഒരു വേൾഡ് ക്‌ളാസ് കണ്ടെയ്നർ ടെർമിനൽ തന്നെ സ്ഥാപിച്ച P&O ,മുന്ദ്രയിൽ തുടർ നിക്ഷേപങ്ങളും നടത്തുന്നുണ്ട്.  

 

കണ്ടലയെ വെട്ടിച്ച് മുന്ദ്ര മുന്നേറാനുള്ള മറ്റൊരു പ്രധാന കാരണം അവിടെ സാധ്യമായ കപ്പാസിറ്റി അഡിഷനാണ്. 1998 -ൽ മുന്ദ്ര ഒരു ബെർത്തുമായി തുടങ്ങുന്ന സമയത്ത് കണ്ടളയിൽ എട്ടു ഡ്രൈ കാർഗോ ബെർത്തുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അവിടെയുള്ളത്  13 ഡ്രൈ ബെർത്തുകളും, ആറു ലിക്വിഡ് കാർഗോ ബെർത്തുകളുമാണ്. അതേസമയം 1998 ലെ ഒന്നാം ബെർത്തിൽ നിന്ന് മുന്ദ്ര ഇന്ന് എത്തി നിൽക്കുന്നത് 28 ഡ്രൈ ബെർതുകളിലും 4 ലിക്വിഡ് കാർഗോ ബെർത്തുകളിലുമാണ്.

അതുപോലെ,മുന്ദ്രക്ക് കണ്ടലയുമായി താരതമ്യപ്പെടുത്തിയാൽ, ഒരു വലിയ ഗുണമുണ്ടായിരുന്നത്, അതിന്റെ ആഴക്കൂടുതൽ ആയിരുന്നു. കണ്ടളയിൽ  ആഴം 12 മീറ്ററും, മുന്ദ്രയിൽ ആഴം 14 മീറ്ററുമാണ്.   കൂടുതൽ ആഴമുണ്ടായിരുന്നത് കൊണ്ടുതന്നെ രണ്ടു ലക്ഷം മെട്രിക് ടണ്ണിൽ കൂടുതൽ ഭാരം വഹിക്കുന്ന വലിയ കപ്പലുകൾ മുന്ദ്രയിൽ ബെർത്ത് ചെയ്യാൻ പറ്റുമായിരുന്നു. ഈ ആഴക്കൂടുതൽ കാരണം, അന്നുവരെ മടിച്ചുമടിച്ച് കണ്ടളയിൽ കൊണ്ട് ബെർത്ത് ചെയ്തിരുന്ന,3800 കണ്ടെയ്‌നറുകളുമായി വന്നുപോയിരുന്ന വലിയ ചരക്കുകപ്പലായ വലേറിയ പോലുള്ള പല കപ്പലുകളും തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്ദ്രയിൽ വന്നു ടോക്ക് ചെയ്യാൻ തുടങ്ങി. ഒടുവിൽ 2013-14 വർഷത്തിൽ ക്ലിയർ ചെയ്യുന്ന കാർഗോയുടെ വോളിയത്തിന്റെ അടിസ്ഥാനത്തിൽ, കണ്ടലയെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ടായി മുന്ദ്ര മാറുന്നു. ഇന്ന് കണ്ടല കൈകാര്യം ചെയ്യുന്നതിന്റെ പത്തിരട്ടി കണ്ടെയ്നറുകളാണ് മുന്ദ്ര പ്രോസസ് ചെയ്യുന്നത്.  

SEZ കൊണ്ടുവന്ന വ്യവസായ വിപ്ലവം

ഒന്നര കിലോമീറ്റർ നീളത്തിൽ നാലുവരിയിലുള്ള ഒരു റെയിൽവേ മേൽപ്പാലമുണ്ട് മുന്ദ്രയിൽ. അതും കടന്നു ചെന്നാൽ പിന്നെ നമ്മളെത്തുക, അപ്‌സെസ് (അദാനി പോർട്ട് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ)ന്റെ സ്വതന്ത്ര വ്യാപാര ലോകത്തിലേക്കാണ്. മുന്ദ്രയിൽ ഒരു വൻ തുറമുഖം സ്ഥാപിച്ച ശേഷം അദാനി 1999 -ൽ കോൾ ട്രേഡിങ്ങിലേക്ക് / കൽക്കരി വ്യാപാരത്തിലേക്ക് കടക്കുന്നു. മുന്ദ്രയിലേക്ക് വിദേശത്തുനിന്ന് കൽക്കരി ഷിപ്മെന്റുകൾ ലാൻഡ് ചെയ്യിച്ചാണ് അത് അദ്ദേഹം ആരംഭിക്കുന്നത്. 2006 -ൽ മുന്ദ്രയിൽ പോർട്ടിനോട് അനുബന്ധിച്ച് കുറേക്കൂടി ലാൻഡ് സർക്കാർ സഹായത്തോടെ അക്വയർ ചെയ്ത് പോർട്ടിന് പുറമെ, അന്നത്തെ യുപിഎ ഗവണ്മെന്റിന്റെ SEZ പോളിസി പ്രകാരം,  സ്‌പെഷ്യൽ എക്കോണമിക് സോൺ - കെട്ടിപ്പടുക്കാൻ കൂടിയുള്ള അനുവാദം അദാനിക്ക്, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുടെ കാബിനറ്റിൽ നിന്ന് കിട്ടുന്നു. ഏതാണ്ട്   15,946 ഏക്കറാണ് ഈ SEZ നുവേണ്ടി  അദാനിക്ക് ആകെ അനുവദിച്ച ഭൂമി. 1993 മുതൽക്ക് ഇങ്ങോട്ടു ഗുജറാത്ത് ഭരിച്ച് വിവിധ സർക്കാരുകൾ വിവിധ നിറകുകളിലാണ് അദാനി ഗ്രൂപ്പിന് മുന്ദ്ര പരിസരത്തു ഭൂമി അനുവദിച്ചിട്ടുള്ളത്. സ്‌ക്വയർ മീറ്ററിന് ഒരു രൂപ മുത്തം 15 രൂപവരെ നിരക്കിൽ ഇങ്ങനെ ഭൂമി ഏറ്റെടുത്ത്,   ഇവിടെ SEZ ഡെവലപ്പ് ചെയ്തെടുത്ത്, എക്സ്പോർട്ട് അധിഷ്ഠിത കമ്പനികൾക്ക് സബ് ലെറ്റ് ചെയ്യുന്നതിലൂടെ മാത്രം അദാനി നേടിയിട്ടുള്ളത് ഏറ്റവും ചുരുങ്ങിയത് നൂറിരട്ടി എങ്കിലും ലാഭമാണ്. ഇവിടെ കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യുന്നതിനുള്ള യാർഡുകൾ വാടകയ്ക്ക് നൽകിയും അദാനി ഇഷ്ടം പോലെ കാശ് പിനീടുണ്ടാക്കിയിട്ടുണ്ട്.  മുന്ദ്രയിൽ പോർട്ട് & SEZ വികസിച്ചതിനൊപ്പം ആ പ്രദേശത്തെ സമ്പദ് വ്യവസ്ഥയും കാര്യമായി പച്ചപിടിപ്പിച്ചിട്ടുണ്ട്.  ഈ പ്രദേശങ്ങളടങ്ങുന്ന കച്ച് ജില്ലയിൽ 2001ൽ 2500 കോടിയായിരുന്നു ആകെ നിക്ഷേപമെങ്കിൽ ഇന്ന് ഒരുലക്ഷം കോടിയാണ്.  2020ൽ ഇത് മൂന്നുലക്ഷം കോടി കടന്നിട്ടുണ്ട്. SEZ വരും മുമ്പ് ഇവിടെ ചതുരശ്രകിലോമീറ്ററിൽ 46  പേർ മാത്രമാണു താമസിച്ചിരുന്നത് എങ്കിൽ ഇപ്പോൾ അത്  140 ആയി ഉയർന്നിട്ടുണ്ട്.  

 അദാനി മോഡൽ

അദാനി പിന്തുടരുന്ന വിജയകരമായ ബിസിനസ് മോഡലിനെ, വിനായക് ചാറ്റർജി എന്ന പ്രസിദ്ധ ഇൻഫ്രാ കൺസൽട്ടൻറ് വിളിച്ചിട്ടുള്ളത് 'ലാൻഡ്‌ലോർഡ്‌' മോഡൽ എന്നാണ്. ഏതെങ്കിലും ഒരു പ്രദേശത്ത് ചെന്ന്  കുറ്റി അടിക്കുന്ന കമ്പനി അവിടെ തുടങ്ങാനുദ്ദേശിക്കുന്ന ബിസിനസിന് വേണ്ടി വന്നേക്കാവുന്ന  സപ്പോർട്ട് ബിസിനസുകൾ എല്ലാം ഒന്നൊന്നായി തുടങ്ങും. ഉദാ. മുന്ദ്രയിൽ പോർട്ടുണ്ടാക്കിയ ശേഷം അദാനി കണ്ണുവെക്കുന്നത് പവർ സെക്ടറിൽ ആണ്. മുന്ദ്ര പോർട്ടിനോട് ചേർന്ന് കിടക്കുന്ന തുറമുഖത്തോടു ചേർന്ന്  4620 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഒരു കൽക്കരി താപനിലയവും SEZUM  പിന്നീട് അദാനി പണിയുNNU. ഈ ബിസിനസുകൾക്കൊക്കെയും നാട്ടിലെ ഗവണ്മെന്റുകളിൽ നിന്ന് താരിഫുകൾ, ക്ലിയറൻസുകൾ, പരിശോധനകൾ, ലൈസൻസുകൾ തുടങ്ങിയ കാര്യങ്ങളിൽ  കൃത്യമായ പിന്തുണ കിട്ടിയാലേ പച്ച പിടിക്കാൻ സാധിക്കൂ. ഉദാ. പോർട്ട് തുടങ്ങണം എന്നുണ്ടെങ്കിൽ ഗുജറാത്ത് മാരിടൈം ബോർഡിന്റെ ക്ലിയറൻസ് വേണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് വേണം, SEZ തുടങ്ങണം എങ്കിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തേതിന്റെയും പിന്തുണ വേണം. അന്നത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ആയിരുന്ന ചിമൻ ഭായ് പട്ടേൽ, ശങ്കർസിംഗ് വഗേല, കേശു ഭായ് പട്ടേൽ,ഏറ്റവും ഒടുവിൽ 2001മുതൽ ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന, പിന്നീട് 2014 തൊട്ടിന്നുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്ര മോദി വരെയുള്ള രാഷ്ട്രീയ അധികാര കേന്ദ്രങ്ങളോടുള്ള അദാനിയുടെ ബന്ധം എന്നും അങ്ങേയറ്റം ഊഷ്മളമായിരുന്നു.  

അദാനി മോഡലിന്റെ മറ്റൊരു പ്രധാന പ്രത്യേകത അതിന്റെ അസാമാന്യമായ പ്രവർത്തന ക്ഷമതയാണ്. ഉദാ.2008-09 കാലത്ത് ഷെൽ ടോട്ടൽ എന്ന ഓയിൽ ഫീൽഡ് ഭീമൻ തങ്ങൾക്കു വേണ്ടി, ഇന്ത്യയിലെ ഹസീറ പോർട്ടിൽ ഒരു നോൺ എൽഎൻജി ടെർമിനൽ നിർമിച്ച് അത് ഓപ്പറേറ്റ് ചെയ്യാൻ ശേഷിയുള്ള ഒരു പ്രാദേശിക വ്യവസായിയെ നിർദേശിക്കാൻ സിറ്റി ഗ്രൂപ്പിനോട് പറഞ്ഞപ്പോൾ അവർ അന്ന് ഷോർട്ട് ലിസ്റ്റ് ചെയ്തു കൊടുക്കുന്നത്  അദാനി ഗ്രൂപ്പിനെ ആണ്. 2009 -ലാണ് അദാനി ഗ്രൂപ്പിന് ഈ പ്രോജക്ടിന്റെ ടെണ്ടർ അനുവദിച്ച് കിട്ടുന്നത്. ഗവണ്മെന്റിന്റെ അപ്രൂവലുകൾ കിട്ടാൻ പിന്നെയും ആറുമാസം എടുക്കുന്നു. ഒടുവിൽ, 2010 -ൽ അദാനി നിർമാണം തുടങ്ങുന്നു, 2012 ആയപ്പോഴേക്കും അവർ നിർമാണം പൂർത്തിയാക്കുന്നു. 2012 മെയിൽ പോർട്ട് പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു. ഇത്ര പെട്ടെന്ന്, കമ്മീഷനിങ് ചെയ്തു പൂർത്തിയാക്കി പോർട്ട് പ്രവർത്തിപ്പിച്ചു തുടങ്ങാൻ അദാനിക്ക് സാധിച്ചു എന്നത് അന്ന് ഷെൽ ടോട്ടലിനെ വരെ അതിശയിപ്പിച്ച ഒരു കാര്യമാണ്.  അദാനി സാമ്രാജ്യത്തിന്റെ കോർ കോംപിറ്റൻസ് ഇരിക്കുന്നത് തന്നെ എല്ലാ സർക്കാർ ക്ലിയറൻസുകളും സമയ ബന്ധിതമായി നേടിഎടുത്ത് പുതിയ ബിസിനസുകൾ എത്രയും പെട്ടെന്നു  പ്രവർത്തന സജ്ജമാക്കുന്നതിലാണ്.  

മുന്ദ്ര പോർട്ട് തുടങ്ങിയ ശേഷമുണ്ടായ വളർച്ചയിൽ, അദാനിയെ പലരും, ധിരുഭായ് അംബാനിയുമായിട്ടാണ് താരതമ്യം  ചെയ്യാറുള്ളത്. അത്തരത്തിൽ ഒരു നിരീക്ഷണം ആദ്യമായി നടത്തുന്നത് ഐഐഎം അഹമ്മദാബാദിൽ നിന്ന് വിരമിച്ച പ്രൊഫ. ദ്വിജേന്ദ്ര ത്രിപാഠി ആണ്.  "1958 -ൽ ധിരുഭായ് യെമനിലെ ഏഡനിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് അദ്ദേഹം നാട്ടിലേക്ക് മടങ്ങി വന്നു ഒരു ടെക്സ്റ്റൈൽ ഇൻഡസ്ട്രി - ഒരു തുണിമിൽ തുടങ്ങുന്നു. അതിനു പിന്നാലെ ഇമ്പോർട്ട് എക്സ്പോർട്ട് ബിസിനസിലേക്ക് കടക്കുന്ന ധിരുഭായ് തുടർന്ന് പെട്രോ കെമിക്കൽ, പെട്രോളിയം, പവർ, കമ്യൂണിക്കേഷൻ തുടങ്ങി പല മേഖലകളിലേക്കും പടർന്നു പന്തലിച്ചെങ്കിലും ആദ്യം തുടങ്ങിയ ടെക്സ്റ്റൈൽ വ്യവസായമായിരുന്നു അദ്ദേഹത്തിന്റെ ഭാവി വ്യാപാര വികസനങ്ങളുടെ കേന്ദ്ര ബിന്ദു. അതുപോലെ മുന്ദ്ര പോർട്ട്ആയിരുന്നു അദാനിയുടെ "ഹാർട്ട് ആൻഡ് സോൾ" എന്നാണ് മുപ്പതു വർഷമായി അദാനിയുടെ അടുത്ത സ്നേഹിതനും ആദികോർപ് എന്റർപ്രൈസസ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ സിഎംഡിയുമായ ഉത്കർഷ് ഷായുടെ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ മുന്ദ്ര തുറമുഖത്തു നിന്ന് കിട്ടിയ ലാഭം കൊണ്ട് അദാനി കെട്ടിപ്പടുത്തിരിക്കുന്നത് ചെറുതല്ലാത്ത ഒരു വ്യവസായസാമ്രാജ്യമാണ്. അദാനി ഗ്രൂപ്പിന് കീഴിലെ പ്രധാന സ്ഥാപനങ്ങൾ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സ്, അദാനി പവർ,അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ഗ്യാസ് എന്നിവയാണ്.  ഈ സ്ഥാപനങ്ങളിലൂടെ സീപോർട് എയർപോർട്ട് മാനേജ്‌മെന്റ്, കോൾ ആൻഡ് മൈനിങ്, ഡിഫൻസ് ആൻഡ് എയ്‌റോ സ്‌പെയ്‌സ്, അഗ്രി ഫ്രഷ്, അഗ്രി പ്രോസസിംഗ്, ഹെൽത്ത് കെയർ, ഇലക്ട്രിസിറ്റി, റിയൽ എസ്റ്റേറ്റ്, ക്യാപിറ്റൽ, ഹൗസിങ് ഫിനാൻസ്, ഡാറ്റ സെന്റർ, ഏവിയേഷൻ, റോഡ്, മെട്രോ, റെയിൽ, വാട്ടർ, സിമന്റ്  - എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര ബിസിനസുകളിലേക്കാണ് ഇന്ന് അദാനി പടർന്നു പന്തലിച്ചു കിടക്കുന്നത്.
 

click me!