അത് തെളിയിക്കപ്പെട്ടാൽ ടെസ്‌ല കമ്പനി അടച്ചുപൂട്ടും: കടുത്ത നിലപാടുമായി ഇലോൺ മസ്ക്

By Web TeamFirst Published Mar 21, 2021, 6:32 AM IST
Highlights

ഒരു ഓൺലൈൻ ചർച്ചയിലെ ചൈനയിലെ ഒരു കൂട്ടായ്മയോടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ അത് ലോകത്താകെ വാർത്തയായത് നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും അദ്ദേഹം നടത്തിയ പ്രഖ്യാപനത്തിൽ നിന്നാണ്.

ലോകത്ത് ഇലക്ട്രിക് കാറുകളുടെ വസന്തകാലമാണ് ഇനി വരാൻ പോകുന്നത് എന്നാണ് കരുതപ്പെടുന്നത്. അതിൽ തന്നെ ഏറ്റവും ആദ്യം വിപണിയിൽ സർവാധിപത്യം നേടിയ കമ്പനിയാണ് ഇലോൺ മസ്കിന്റെ ടെസ്ല. എന്നാൽ ഇപ്പോഴിതാ കമ്പനിക്ക് മുന്നിലൊരു വലിയ പ്രതിസന്ധിയാണ് വന്ന് ചേർന്നിരിക്കുന്നത്. ടെസ്ല കാറുകൾ ചാരവൃത്തിക്ക് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ചൈനയിൽ പീപ്പിൾസ് ലിബറേഷൻ ആർമി ഈ വാഹനങ്ങൾ വിലക്കിയതാണ് പ്രശ്നം. അങ്ങിനെ ചാരവൃത്തിക്ക് കാറുകൾ ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞാൽ താൻ കമ്പനി തന്നെ അടച്ചുപൂട്ടുമെന്നാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ധനികന്റെ പ്രസ്താവന.

ഒരു ഓൺലൈൻ ചർച്ചയിലെ ചൈനയിലെ ഒരു കൂട്ടായ്മയോടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ അത് ലോകത്താകെ വാർത്തയായത് നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും അദ്ദേഹം നടത്തിയ പ്രഖ്യാപനത്തിൽ നിന്നാണ്. റോയിട്ടേഴ്സാണ് ചൈനയിലെ പട്ടാളം ടെസ്‌ല കാറുകൾ വിലക്കിയെന്ന വാർത്ത പുറത്തുവിട്ടത്. ജോ ബൈഡൻ അധികാരത്തിൽ വന്ന ശേഷം ചൈനയുടെയും അമേരിക്കയുടെയും നയതന്ത്ര വിദഗ്ദ്ധർ പരസ്പരം ചർച്ച നടത്തുന്ന സാഹചര്യത്തിൽ പുറത്തുവന്ന വാർത്തയ്ക്ക് വാണിജ്യ ലോകത്തിലടക്കം വലിയ പ്രാധാന്യം ലഭിച്ചിരുന്നു.

ചൈനയും അമേരിക്കയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ചൈനീസ് ഡവലപ്മെന്റ് ഫോറത്തിൽ മസ്ക് പറഞ്ഞു. ക്വാണ്ടം ഫിസിക്സിൽ വിദഗ്ദ്ധനും സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി വിദഗ്ദ്ധനുമായ ക്സ്യൂ ക്വികുണുമായാണ് ഈ ഫോറത്തിൽ മസ്ക് സംസാരിച്ചത്. ലോകത്തെ ഏറ്റവും വലിയ കാർ മാർക്കറ്റാണ് ചൈന. ടെസ്‌ല കഴിഞ്ഞ വർഷം മാത്രം 147445 കാറുകളാണ് ഇവിടെ വിറ്റഴിച്ചത്. എന്നാൽ ആഭ്യന്തര നിർമ്മാതാക്കളായ നിയോ, ഗീലി തുടങ്ങിയ കമ്പനികളുടെ രംഗ പ്രവേശം ടെസ്ലയ്ക്ക് ഇപ്പോൾ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
 

click me!