
കേരളത്തിലെ സംരംഭകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് (ടി.ബി.സി) കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ കാർ റാലി സംഘടിപ്പിച്ചു.
'ജീവിതം തിരഞ്ഞെടുക്കൂ... ലഹരിയോട് നോ പറയൂ...' എന്ന സന്ദേശം പകർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് കാർ റാലിയുമായി ബിസിനസ് ക്ലബ് രംഗത്തെത്തിയത്. മയക്കുമരുന്ന്, മറ്റ് നിരോധിത ലഹരികൾ തുടങ്ങിയവയെ പ്രതിരോധിക്കുവാനും അവയോട് പോരാടുവാനുമുള്ള സന്ദേശം ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം.
കോഴിക്കോട് ബീച്ചിൽ നിന്ന് രാവിലെ ആരംഭിച്ച റാലി കോഴിക്കോട് ജോയിന്റ് ആർ.ടി.ഒ. സക്കറിയ സി.പി. ഫ്ലാഗ് ഓഫ് ചെയ്തു. ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ടി.ബി.സി പ്രസിഡന്റ് എ.കെ. ഷാജി (ചെയർമാൻ, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മെഹറൂഫ് മണലൊടി (ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ, ജിടെക് ഗ്രൂപ്പ്), ട്രഷറർ കെ.വി. സക്കീർ ഹുസൈൻ (ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ, മെർമെർ ഇറ്റാലിയ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ടി.ബി.സി കാർ റാലി കമ്മിറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ, ജനറൽ കൺവീനർ സന്നാഫ് പാലക്കണ്ടി, കൺവീനർ എൻ.വി. അബ്ദുൽ ജബ്ബാർ എന്നിവർ ആശംസകൾ നേർന്നു.