ഒരു ലക്ഷം ഒറ്റവർഷംകൊണ്ട് 52 ലക്ഷം; ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയില്‍ കുതിപ്പ് തുടരുമോ?

Published : Jan 07, 2023, 05:11 PM IST
ഒരു ലക്ഷം ഒറ്റവർഷംകൊണ്ട് 52 ലക്ഷം; ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയില്‍ കുതിപ്പ് തുടരുമോ?

Synopsis

ഒരു വർഷത്തിനുള്ളിൽ 1 ലക്ഷത്തിന്റെ നിക്ഷേപം 52 ലക്ഷമാക്കിയ മള്‍ട്ടിബാഗര്‍ പെന്നി ഓഹരി. സൂക്ഷ്മതയോടെ പെന്നി ഓഹരികളെ തെരഞ്ഞെടുത്താല്‍ കൈനിറയെ നേടാം

താരതമ്യേന വേഗത്തില്‍ നേടാവുന്ന വമ്പന്‍ ആദായം ലക്ഷ്യമിട്ടാണ് മിക്ക നിക്ഷേപകരും പെന്നി ഓഹരികളെ അന്വേഷിക്കുന്നത്. മറ്റൊരു വിഭാഗം നിക്ഷേപകരാകട്ടെ, പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനു വേണ്ടിയും ഇത്തരം ഓഹരികളെ പരിഗണിക്കാറുണ്ട്. എന്നാല്‍ ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്‌ക് മറുവശത്തുണ്ടാകും. എന്നിരുന്നാലും സൂക്ഷ്മതയോടെ പെന്നി ഓഹരികളെ തെരഞ്ഞെടുത്താല്‍ കൈനിറയെ നേട്ടവും കരസ്ഥമാക്കാനാകും. (തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിശേഷിപ്പിക്കുന്നത്).

അതേസമയം, ചുരുങ്ങിയ കാലയളവിനുള്ളില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ അനവധി ഓഹരികള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1 ലക്ഷം രൂപയുടെ നിക്ഷേപം 52 ലക്ഷമാക്കി വളര്‍ത്തിയ ഒരു പെന്നി ഓഹരിയാണ് കൈസര്‍ കോര്‍പറേഷന്‍. സമീപകാല വിപണിയുടെ ചരിത്രത്തില്‍ നിക്ഷേപകര്‍ക്ക് സ്വപ്‌ന സമാനമായ നേട്ടം സമ്മാനിച്ച ഓഹരിയുമാണിത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ കൈസര്‍ കോര്‍പറേഷന്‍ ഓഹരികള്‍ 5,100 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

വാണിജ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് കൈസര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. മാഗസിന്‍, കാര്‍ട്ടണ്‍ പ്രിന്റിങ്, ലേബല്‍ എന്നിവയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. 1993-ല്‍ 'കൈസര്‍ പ്രസ് പ്രൈവറ്റ്് ലിമിറ്റഡ്' എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് 2013-ലാണ് കമ്പനിയുടെ പേര് 'കൈസര്‍ കോര്‍പറേഷന്‍' എന്നു പുനര്‍ നാമകരണം ചെയ്തത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 276 കോടിയാണ്.

നിക്ഷേപത്തിലെ നേട്ടം

2021 നവംബര്‍ അവസാനത്തില്‍ കേവലം 1 രൂപ നിലവാരത്തിലായിരുന്നു കൈസര്‍ കോര്‍പറേഷന്‍ ഓഹരിയുടെ വില. അവിടെ നിന്നും 2023 ജനുവരി 6-ലേക്ക് എത്തുമ്പോള്‍ ഈ ഓഹരിയുടെ വില 52 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു. ഒരു വര്‍ഷക്കാലയളവില്‍ 5,100 ശതമാനം നേട്ടം. അതായത് 2021 നവംബറില്‍ 1 ലക്ഷം രൂപയുടെ കൈസര്‍ കോര്‍പറേഷന്‍ ഓഹരികള്‍ വാങ്ങിയിരുന്നു എങ്കില്‍ ഇന്നതിന്റെ മൂല്യം 52 ലക്ഷമായി വളരുമായിരുന്നുവെന്ന് ചുരുക്കം.

അതേസമയം കഴിഞ്ഞ ആറ് മാസക്കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ കനത്ത വില്‍പന സമ്മര്‍ദം പ്രകടമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4 ശതമാനവും ഒരു മാസത്തിനിടെ 9 ശതമാനവും ആറ് മാസത്തിനിടെ 45 ശതമാനം ഇടിവും കൈസര്‍ കോര്‍പറേഷന്‍ ഓഹരിയില്‍ നേരിട്ടു. അതുപോലെ പ്രധാനപ്പെട്ട എല്ലാ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് കൈസര്‍ കോര്‍പറേഷന്‍ ഓഹരി നില്‍ക്കുന്നത്. ബെയറിഷ് സൂചനയാണിത്.

(അറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ