ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!

Published : Dec 27, 2025, 05:44 PM IST
insurance merger

Synopsis

2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മാത്രം 11,979 പോളിസികളാണ് വിറ്റഴിക്കപ്പെട്ടത്

 

വിദേശയാത്രകള്‍ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രാ ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പനയില്‍ 43 ശതമാനം വര്‍ധനവുണ്ടായതായി ട്രാവല്‍ ഇന്‍ഷുറര്‍ ടെക് സ്റ്റാര്‍ട്ടപ്പായ 'നിയോ' പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മാത്രം 11,979 പോളിസികളാണ് വിറ്റഴിക്കപ്പെട്ടത്. ആദ്യമായി വിദേശയാത്ര നടത്തുന്നവരും വിനോദയാത്രകള്‍ പോകുന്നവരുമാണ് ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ മുന്നിലുള്ളത്.

ഒറ്റയ്ക്കുള്ള യാത്രയും യുവതലമുറയും

വിദേശയാത്ര നടത്തുന്നവരില്‍ ഭൂരിഭാഗവും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വിദേശയാത്ര നടത്തുന്നവരില്‍ 63.8 ശതമാനം പേരും തനിച്ച് പോകുന്നവരാണ്.

ഇതില്‍ 45.92 ശതമാനം പേര്‍ ജെന്‍സി വിഭാഗത്തില്‍പ്പെട്ടവരും 45.76 ശതമാനം പേര്‍ മില്ലേനിയല്‍സ് വിഭാഗത്തില്‍പ്പെട്ടവരുമാണ്.

8.36 ശതമാനം പേര്‍ മാത്രമാണ് ജെന്‍ എക്‌സ് വിഭാഗത്തിലുള്ളത്.

യാത്രക്കാരില്‍ 19.93 ശതമാനം പേര്‍ ദമ്പതികളും, 12.26 ശതമാനം പേര്‍ കുടുംബമായി പോകുന്നവരും, 4.1 ശതമാനം പേര്‍ സംഘങ്ങളായി പോകുന്നവരുമാണ്.

ചെറിയ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്ന യുവയാത്രക്കാര്‍ പോലും ഇപ്പോള്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ താല്പര്യം കാണിക്കുന്നുണ്ട്. വിദേശത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളോ വിമാനം റദ്ദാക്കുന്നത് പോലുള്ള തടസ്സങ്ങളോ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന തിരിച്ചറിവ് ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതിന്റെ ലക്ഷണമാണിത്.

കുറഞ്ഞ പ്രീമിയത്തിന് കൂടുതല്‍ പ്രിയം യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന ഇന്‍ഷുറന്‍സ് തുക പരിശോധിച്ചാല്‍ ഭൂരിഭാഗം പേരും (86 ശതമാനം) 50,000 രൂപയുടെ പരിരക്ഷയുള്ള പ്ലാനുകളാണ് തിരഞ്ഞെടുക്കുന്നത്. ചെറിയ ബജറ്റിലുള്ള യാത്രകള്‍ക്കാണ് ഇത്തരം പ്ലാനുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ, 9.85 ശതമാനം പേര്‍ ഒരു ലക്ഷം രൂപയുടെ പരിരക്ഷയും, 2.37 ശതമാനം പേര്‍ അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയും, 1.79 ശതമാനം പേര്‍ രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയുള്ള ഇന്‍ഷുറന്‍സും തിരഞ്ഞെടുക്കുന്നു.

നഗരങ്ങളും പ്രിയപ്പെട്ട രാജ്യങ്ങളും

ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ ഡല്‍ഹി നഗരമാണ് മുന്നില്‍ (25.62%). തൊട്ടുപിന്നാലെ ബെംഗളൂരു (21.23%), മുംബൈ (17.58%), ഹൈദരാബാദ് (10.16%) എന്നീ നഗരങ്ങളുമുണ്ട്. അമേരിക്കയിലേക്ക് പോകുന്നവരാണ് ഉയര്‍ന്ന ചികിത്സാ ചെലവ് ഭയന്ന് ഇന്‍ഷുറന്‍സ് കൃത്യമായി എടുക്കുന്നത്.

വിദേശയാത്രകളില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടങ്ങള്‍ ഇവയാണ്:

യുഎഇ (24.79%), തായ്‌ലന്‍ഡ് (19.97%), യുകെ (10.68%), കസാക്കിസ്ഥാന്‍ (8.9%), ഉസ്‌ബെക്കിസ്ഥാന്‍ (7.3%) എന്നിവയാണ് പട്ടികയില്‍ മുന്നില്‍.

ഇതിന് പുറമെ മലേഷ്യ (6.11%), സിംഗപ്പൂര്‍ (5.81%), വിയറ്റ്‌നാം (4.84%), ഫ്രാന്‍സ് (4.62%) എന്നീ രാജ്യങ്ങളിലേക്കും ഇന്‍ഷുറന്‍സ് എടുത്ത് യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്.

വിസ ഓണ്‍ അറൈവല്‍ സൗകര്യവും കുറഞ്ഞ യാത്രാ ചെലവുമാണ് തായ്‌ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാക്കുന്നത്. വിസ ബുക്കിംഗിന്റെ കാര്യത്തില്‍ ദുബായ് ആണ് ഒന്നാമത് (38.99% വര്‍ധന).

ചെലവിടലില്‍ മാറ്റം; ഷോപ്പിങ് കുറഞ്ഞു, ഭക്ഷണം കൂടി

വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ ചെലവിടല്‍ രീതിയിലും മാറ്റം വന്നിട്ടുണ്ട്. 2024-നെ അപേക്ഷിച്ച് 2025-ല്‍ ഷോപ്പിംഗിനുള്ള ചെലവ് 4.81 ശതമാനം കുറഞ്ഞു. അതേസമയം ഭക്ഷണത്തിനും പ്രാദേശിക യാത്രകള്‍ക്കും പുതിയ അനുഭവങ്ങള്‍ക്കുമായി ചെലവാക്കുന്ന തുക കൂടി.

വിദേശത്തുള്ള ചെലവില്‍ 47.28 ശതമാനവും ഇപ്പോഴും ഷോപ്പിംഗിനാണ് പോകുന്നത്.

ഭക്ഷണത്തിനായി 20.69 ശതമാനവും യാത്രകള്‍ക്കായി 19.93 ശതമാനവും ചെലവാക്കുന്നു.

താമസത്തിനായി 9.09 ശതമാനവും വിനോദ പരിപാടികള്‍ക്കായി 3.01 ശതമാനവുമാണ് ഇന്ത്യക്കാര്‍ മാറ്റിവെക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ആകാശം തൊട്ടു, പക്ഷേ ലാഭം തൊട്ടില്ല; ടിക്കറ്റെടുക്കാന്‍ തിരക്കുണ്ടെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് എന്താണ് സംഭവിക്കുന്നത്?
വറുതിയിലായി വിസ്‌കി വിപണി: സ്‌കോച്ച് വിസ്‌കിയുടെ 'കയ്‌പ്പേറിയ' കാലം, ഇനി പ്രതീക്ഷ ഇന്ത്യയില്‍