
പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമയത്ത് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചുപറഞ്ഞിരുന്ന രണ്ട് കാര്യങ്ങളാണ് തീരുവയും ക്രിപ്റ്റോയും..അധികാരമേറ്റ ശേഷം ലോക സമ്പദ് വ്യവസ്ഥയെ തീരുവ കാട്ടി ഭയപ്പെടുത്തുന്ന ട്രംപ് കിപ്റ്റോയുടെ തലസ്ഥാനമാക്കി അമേരിക്കയെ മാറ്റാനുള്ള ശ്രമത്തിലാണ്. ഇടിവ് നേരിട്ടിരുന്ന ക്രിപ്റ്റോ കറന്‍സി വില കുതിച്ചുയരുന്നതിന് ഇടയാക്കിയ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ട്രംപ്. അമേരിക്ക ഔദ്യോഗികമായി ക്രിപ്റ്റോ ശേഖരം ഒരുക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ക്രിറ്റോ കറന്‍സികളുടെ വിലയില്‍ 10 ശതമാനം ഉയര്‍ച്ചയുണ്ടായി. എക്സ്ആര്‍പി, സോളാന (എസ്ഒഎല്‍), കാര്‍ഡാനോ (എഡിഎ) തുടങ്ങിയ ടോക്കണുകളും ബിറ്റ്കോയിന്‍, എഥിറിയം എന്നിവയും ഉള്‍പ്പെടുന്ന സ്ട്രാറ്റജിക് ക്രിപ്റ്റോ റിസര്‍വ് ട്രംപ് പ്രഖ്യാപിച്ചതോടെ ക്രിപ്റ്റോ വിപണി ശക്തമായ മുന്നേറ്റം നടത്തി. ചില ക്രിപ്റ്റോകള്‍ 24 മണിക്കൂറിനിടെ 60 ശതമാനം വരെ ഉയര്‍ന്നു.
സര്‍ക്കാര്‍ നിയന്ത്രിത ഫണ്ടിനുള്ളില്‍ ബിറ്റ്കോയിന്‍ അല്ലെങ്കില്‍ എഥിറിയം പോലുള്ള ക്രിപ്റ്റോകറന്‍സികളുടെ ഒരു കരുതല്‍ ശേഖരം സൃഷ്ടിക്കുന്ന പദ്ധതിയാണ് യുഎസ് സ്ട്രാറ്റജിക് ക്രിപ്റ്റോ റിസര്‍വ്. സ്വര്‍ണ്ണമോ മറ്റ് സാമ്പത്തിക കരുതല്‍ ശേഖരമോ എങ്ങനെ സൂക്ഷിക്കുന്നു എന്നതിന് സമാനമായിരിക്കും ഇത്. എന്നിരുന്നാലും, ഈ ആശയം ഇതുവരെ ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ല. പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണമായി ഈ കരുതല്‍ ശേഖരം പ്രവര്‍ത്തിക്കും. യുഎസ് ക്രിപ്റ്റോ റിസര്‍വിന്‍റെ രൂപരേഖകള്‍ ഇതുവരെ വ്യക്തമല്ല, എന്നാല്‍ ഡിജിറ്റല്‍ ആസ്തികളില്‍ ഒരു നിയന്ത്രണ ചട്ടക്കൂട് നിര്‍ദ്ദേശിക്കുന്നതിനായി ഒരു 'വര്‍ക്കിംഗ് ഗ്രൂപ്പ്' സൃഷ്ടിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ജനുവരി 23-ന് ഡൊണാള്‍ഡ് ട്രംപ് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അമേരിക്കയില്‍ ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 16 ശതമാനമാണ്. ബൈഡന്‍ പ്രസിഡണ്ടായിരുന്ന കാലത്ത് ബിറ്റ്കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്ക് (ഇടിഎഫ്) യുണൈറ്റഡ് സ്റ്റേറ്റ്സ് റെഗുലേറ്ററി അംഗീകാരം നല്‍കിയിരുന്നു. അപകട സാധ്യതയുള്ള വികേന്ദ്രീകൃതമായ പ്ലാറ്റ്ഫോമുകളിലൂടെ കടന്നുപോകുന്നതിന് പകരം ലൈസന്‍സുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതല്‍ നിയന്ത്രിതമായ രീതിയില്‍ കിപ്റ്റോ വിപണിയിലേക്ക് പ്രവേശിക്കാന്‍ സ്പോട്ട് ബിറ്റ്കോയിന്‍ ഇടിഎഫ് സഹായിക്കും.