Vishu 2022 : കടൽ കടന്ന് കണിക്കൊന്ന; യു എ ഇ യിലെ വിഷു ആഘോഷത്തിനെത്തിയത് രണ്ടര ടൺ കൊന്നപ്പൂ

By Web TeamFirst Published Apr 15, 2022, 4:25 PM IST
Highlights

യു എ ഇ മലയാളികൾക്ക് വിഷുക്കണിയൊരുക്കാൻ വേണ്ടിയാണു ഇത്രയും വലിയ അളവിൽ കണിക്കൊന്ന കയറ്റുമതി ചെയ്തിരിക്കുന്നത്. 

വിഷു ആഘോഷത്തിനായി യു എ ഇ യിലെത്തിയത് രണ്ടര ടൺ കണിക്കൊന്ന. യുഎഇയിലെ മലയാളികൾക്ക് വിഷുക്കണി ഒരുക്കാനായാണ് കൊന്നപ്പൂക്കൾ കടൽ കടന്നത്. യു എ ഇ യിലെ മലയാളികൾക്ക് കണിയൊരുക്കാൻ മുപ്പത്തിരണ്ട് വർഷത്തോളമായി കൊന്നപ്പൂ എത്തിക്കുന്ന തമിഴ്നാട്ടുകാരനായ എസ് പെരുമാൾ തന്നെയാണ് ഇക്കുറിയും കൊന്നപ്പൂ കയറ്റുമതി ചെയ്തിരിക്കുന്നത്. യു എ ഇ യിലെ ചെറുകിട കച്ചവടക്കാർക്ക് മുതൽ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ   വരെ പെരുമാൾ ഫ്ലവേഴ്സ് കണിക്കൊന്ന എത്തിച്ചു നൽകിയിട്ടുണ്ട്. 

കണിക്കൊന്ന മാത്രമല്ല മറ്റു പൂക്കളും പെരുമാൾ ഫ്ലവേഴ്സ് യു എ ഇ യിലടക്കം എത്തിച്ച് നൽകാറുണ്ട്. റംസാനിൽ യുഎഇയിലെ പൊതുപരിപാടികളിൽ കുറഞ്ഞതിനാൽ ഓർഡറുകൾ കുറഞ്ഞിരുന്നു എന്ന് പെരുമാൾ പറയുന്നു. എന്നാൽ വിഷു വിപണിയിൽ ആ നഷ്ടം നികത്തനായിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട്  കൊന്നപ്പൂ ഉൾപ്പടെ 11 ടൺ പൂക്കൾ ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തിച്ചതായി പെരുമാൾ വ്യക്തമാക്കുന്നു. കണിക്കൊന്ന സുരക്ഷിതമായി കടൽ കടത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെങ്കിൽ പോലും ഐസ് ബോക്സിലിട്ട് പാക്ക് ചെയ്തതുകൊണ്ട് കേടുപാടുകൾ സംഭവിക്കാതെ പുതുമയോടെത്തന്നെ വിപണിയിലെത്തി എന്നും പെരുമാൾ പറയുന്നു.  

കോയമ്പത്തൂരിൽ നിന്നാണ് കൊന്നപ്പൂക്കൾ വില്പനയ്ക്കായി എത്തിച്ചത്. 40 ദിർഹമാണ് ഒരു കിലോ കൊന്നപ്പൂവിന്റെ വില. അതായത് 829 രൂപ. അഞ്ച് മുതൽ പത്ത് ദിർഹത്തിനു വരെ ലഭിക്കുന്ന രീതിയിൽ ചെറിയ പാക്കറ്റുകളിലായും കൊന്നപ്പൂ നൽകിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ കണി ഒരുക്കാൻ കണിവെള്ളരി. വഴയില, കണ്ണിമാങ്ങ, ചക്ക, വാൽക്കണ്ണാടി എന്നിവയും കയറ്റുമതി ചെയ്തതായി പെരുമാൾ പറയുന്നു. 
 

click me!