
രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്. സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി കവര്‍ 5 കോടി രൂപയില്‍ നിന്നും 10 കോടി രൂപയായി ഇരട്ടിയാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സംരംഭകര്‍ക്ക് 1.5 ലക്ഷം കോടിയുടെ അധിക വായ്പ ലഭ്യമാക്കുന്നതിന് പദ്ധതി സഹായകരമാകും.സിഡ്ബിയുമായി സഹകരിച്ച് ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായ മന്ത്രാലയം നല്‍കുന്ന വായ്പാ പദ്ധതിയാണിത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന ചെറുകിട ധനകാര്യ ബാങ്കുകള്‍,നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ എന്നിവ പോലുള്ള വിവിധ മൈക്രോ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കുന്നതാണ് പദ്ധതി
ചെറുകിട ബിസിനസുകള്‍ക്ക് 5 ലക്ഷം പരിധിയുള്ള കസ്റ്റമൈസ്ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനായി സംരംഭകര്‍ 'ഉദ്യം പോര്‍ട്ടലില്‍' രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ആദ്യ വര്‍ഷം 10 ലക്ഷം ബിസിനസുകള്‍ക്ക് കാര്‍ഡ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ആദ്യ വര്‍ഷം സംരംഭങ്ങള്‍ക്ക് 10 ലക്ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിലൂടെ സുതാര്യത കൈവരിക്കാനും, കടലാസ് ജോലികള്‍ കുറയ്ക്കാനും, വായ്പകള്‍ അനുവദിക്കുന്നത് കൂടുതല്‍ സുഗമമാക്കാനും സാധിക്കും.
ഒരു കോടിയിലധികം രജിസ്റ്റര്‍ ചെയ്ത എംഎസ്എംഇകള്‍ 7.5 കോടിയിലധികം ആളുകള്‍ക്കാണ് തൊഴിലവസരം ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഇത് രാജ്യത്തെ മൊത്തത്തിലുള്ള തൊഴില്‍മേഖലയ്ക്ക് ഗുണം ചെയ്യും. ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 45% ഉം രാജ്യത്തിന്‍റെ ഉല്‍പ്പാദനത്തിന്‍റെ ഏകദേശം 37% ഉം എംഎസ്എംഇകള്‍ സംഭാവന ചെയ്യുന്നുവെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 29 ശതമാനം സംഭാവന നല്‍കുന്നത് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയാണ്.