ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റ്, വിമർശിച്ച് പ്രതിപക്ഷം

Published : Feb 01, 2025, 03:58 PM IST
ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റ്, വിമർശിച്ച് പ്രതിപക്ഷം

Synopsis

2025 ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെയും തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയെയും മാത്രമാണ് ബജറ്റിൽ പരിഗണിച്ചതെന്നാണ് വിമർശനം.

ദില്ലി : കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ വിമർശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെയും തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയെയും മാത്രമാണ് ബജറ്റിൽ പരിഗണിച്ചതെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശനം.

തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയിലെ വോട്ടര്‍മാരെയാകെ ലക്ഷ്യമിട്ടാണ് ആദായ നികുതിയില്‍ വന്‍ മാറ്റം പ്രഖ്യാപിച്ചതെന്നാണ് ആരോപണം. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാറിന് വാരിക്കോരിയും നല്‍കി. ബിഹാറിലെ പദ്മശ്രീ ജേതാവ് ദുലാരി ദേവി സമ്മാനിച്ച സാരിയുമുടുത്ത് ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി അഞ്ച് തവണയാണ് ബിഹാറിനായുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഫോക്സ് നട്സ് അഥവാ മഖാന കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ മഖാന ബോര്‍ഡ്, ഭക്ഷ്യസംരക്ഷണത്തിനുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട്, കോസി കനാല്‍ പദ്ധതി, പാറ്റ്ന ഐഐടിയുടെ വികസനം,പാറ്റ്ന വിമാനത്താവളത്തിന്‍റെ വികസനവും പുതിയ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളങ്ങളും ഇങ്ങനെ പലതവണ പ്രസംഗത്തിനിടെ ബിഹാറിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. 

ബിഹാറിന് മാത്രമേയുള്ളോ എന്ന ചോദ്യം ഉയര്‍ത്തിയാണ് അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചത്.

കഴിഞ്ഞ തവണ ആന്ധ്രക്കും ഏറെ ആനുകൂല്യങ്ങള്‍ കിട്ടിയെങ്കിലും ഈ ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. ഈ വര്‍ഷം ഒക്ടോബറില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കവേയാണ് ബിഹാറിന് സര്‍ക്കാര്‍ കൈനിറയെ നല്‍കിയത്. ഇതെല്ലാം ഉയർത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 

12 ലക്ഷം വരെ നികുതി വേണ്ട, കേന്ദ്ര ബജറ്റിലെ ആദായ നികുതി ഇളവിൽ അറിയേണ്ടതെല്ലാം

വിമര്‍ശനം ഉയരുമ്പോള്‍ ബജറ്റ് എല്ലാവര്‍ക്കുമുള്ളതാണെന്ന് പ്രധാനമന്ത്രി ന്യായീകരിച്ചു. പുതിയ ക്ഷേമ പദ്ധതികളില്ലെങ്കിലും ഇടത്തരക്കാരുടെ കൈയടി നേടാന്‍ ആദായ നികുതിയിലെ ഒറ്റ പ്രഖ്യാപനത്തിലൂടെ ധനമന്ത്രിക്ക് കഴിഞ്ഞു. ഇന്‍ഷ്വറന്‍സ് രംഗത്തെ വിദേശ നിക്ഷപമടക്കം പല സാമ്പത്തിക പരിഷ്ക്കരണ നീക്കങ്ങളും പ്രഖ്യാപിച്ച് കൂട്ടുകക്ഷി ഭരണത്തിലും നയങ്ങളില്‍ മാറ്റമില്ലെന്ന സന്ദേശം കൂടി സര്‍ക്കാര്‍ നല്‍കുകയാണ്.  

നിതീഷ് കുമാറിനെ പിണക്കാതെ മൂന്നാം മോദി സർക്കാർ, രണ്ടാം ബജറ്റിലും ബിഹാറിന് വാരിക്കോരി

 

 


 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും