
ചൈനയുടെ അനൗദ്യോഗികമായ വ്യാപാര നിയന്ത്രണങ്ങള്‍ ഇന്ത്യയുടെ 32 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ലക്ഷ്യങ്ങളെ തകിടം മറിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ രംഗത്ത്. ഈ നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട കയറ്റുമതി ലക്ഷ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് വ്യവസായ സംഘടനയായ ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പറയുന്നു. ഈ തടസ്സങ്ങള്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം വഴി ഇന്ത്യ നേടിയെടുത്ത മത്സരക്ഷമതയെയും നേട്ടങ്ങളെയും ഗുരുതരമായ അപകടത്തിലാക്കുന്നു എന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
ചൈനയുടെ പരോക്ഷ നിയന്ത്രണങ്ങള്‍?
ഉല്‍പ്പാദനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ ഇറക്കുമതിയെയും, നിര്‍ണായക ധാതുക്കളുടെ ലഭ്യതയെയും, വിദഗ്ദ്ധരായ ചൈനീസ് സാങ്കേതിക വിദഗ്ധരുടെ സേവനങ്ങളേയും ബാധിക്കുന്ന തരത്തില്‍ പരോക്ഷമായാണ് ചൈനയുടെ നിയന്ത്രണങ്ങള്‍ . വലിയ തോതിലുള്ള ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിന് ഇവയെല്ലാം അത്യാവശ്യമാണ്. ഔദ്യോഗിക അറിയിപ്പുകളൊന്നും കൂടാതെ, ചൈനയുടെ വാണിജ്യ മന്ത്രാലയത്തിന്റെ അറിവില്ലാതെ, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് വഴിയുള്ള വാക്കാലുള്ള നിര്‍ദ്ദേശങ്ങളിലൂടെയാണ് ഇവ നടപ്പിലാക്കുന്നത്.
വരിഞ്ഞുമുറുക്കുന്ന ചൈനീസ് വ്യാളി
ഫോക്‌സ്‌കോണ്‍ തങ്ങളുടെ 300-ല്‍ അധികം ചൈനീസ് എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും ഇന്ത്യന്‍ യൂണിറ്റുകളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചത് ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ആപ്പിളിന്റെ പദ്ധതികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ തൊഴില്‍ പ്രതിസന്ധി മറികടക്കാന്‍ ആപ്പിള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരുടെ സഹായം തേടാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെയായി ചൈനീസ് നിയന്ത്രണങ്ങള്‍ സോളാര്‍, ഹെവി മെഷിനറി തുടങ്ങിയ മേഖലകളെ ബാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ സമ്മര്‍ദ്ദം ഇലക്ട്രോണിക്‌സ് മേഖലയിലേക്കും വ്യാപിച്ചു, ഇത് കാര്യമായ ഉല്‍പ്പാദന തടസ്സങ്ങള്‍ക്ക് കാരണമായി. ഈ തടസ്സങ്ങള്‍ പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത കുറയ്ക്കുകയും ഉല്‍പ്പാദനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉപകരണങ്ങള്‍ പ്രാദേശികമായി ലഭിച്ചില്ലെങ്കില്‍ ജപ്പാന്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരും. ഇതിന് ചൈനീസ് ഇറക്കുമതിയെക്കാള്‍ 3-4 മടങ്ങ് ചെലവ് കൂടുതലാണ്. റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇന്ത്യയിലെ വിവിധ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.