ഇന്ത്യക്ക് മേൽ പിടി മുറുക്കുമോ ട്രംപ്? പുതിയ നിയമം പാസാക്കി അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ആശങ്ക

Published : Aug 08, 2026, 12:12 PM IST
Donald Trump

Synopsis

അമേരിക്കന്‍ സെനറ്റ് പാസാക്കിയ പുതിയ 'ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആക്ട്' പ്രകാരം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 100% വരെ നികുതി ചുമത്താം. ഈ നിയമം ഇന്ത്യയുടെ എഞ്ചിനീയറിംഗ്, മരുന്ന്, തുണിത്തരങ്ങള്‍ തുടങ്ങിയ വിവിധ കയറ്റുമതി മേഖലകളെ സാരമായി ബാധിച്ചേക്കാം.

അമേരിക്കന്‍ സെനറ്റ് 'ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആക്ട്' എന്ന പുതിയൊരു ബില്‍ പാസാക്കിയതോടെ ഇന്ത്യയുടെ കയറ്റുമതി മേഖല വീണ്ടും കടുത്ത ആശങ്കയിലായിരിക്കുകയാണ്. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക്, അമേരിക്കയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ 100 ശതമാനം വരെ നികുതി ചുമത്താന്‍ വഴിയൊരുക്കുന്നതാണ് ഈ ബില്‍.

എന്താണ് പുതിയ ബില്‍?

റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങള്‍, ഈ നിയമം പ്രാബല്യത്തില്‍ വന്ന ശേഷവും അത് തുടരുകയാണെങ്കില്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍. കൂടാതെ, ഉപരോധം മറികടക്കാന്‍ റഷ്യയ്ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളെയും ഈ ബില്‍ ലക്ഷ്യം വെക്കുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഈ ബില്ലിന് അടുത്തിടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ മികച്ച പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. വെറും 11 സെനറ്റര്‍മാര്‍ മാത്രമാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.

ഇന്ത്യക്ക് ആശങ്കയാകുന്നത് എന്തുകൊണ്ട്?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം വരുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. കമ്മോഡിറ്റി അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലറുടെ കണക്കുകള്‍ പ്രകാരം, ജൂലൈ മാസത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ അസംസ്‌കൃത എണ്ണയുടെ അളവ് റെക്കോര്‍ഡിലെത്തിയിരുന്നു. പ്രതിദിനം 2.78 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. ജൂണ്‍ മാസത്തേക്കാള്‍ 1.5 ശതമാനം കൂടുതലാണിത്. നിലവില്‍ ഇന്ത്യ വാങ്ങുന്ന മൊത്തം അസംസ്‌കൃത എണ്ണയുടെ പകുതിയിലധികവും വരുന്നത് റഷ്യയില്‍ നിന്നാണ്. പ്രതിദിനം 4.96 ദശലക്ഷം ബാരല്‍ ആണ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി.

ഗള്‍ഫിലും ചെങ്കടലിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ കാരണം പശ്ചിമേഷ്യയില്‍ നിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കിയത്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം, റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്. അമേരിക്കയുടെ പുതിയ നിയമം ഈ രണ്ട് രാജ്യങ്ങള്‍ക്കും വലിയൊരു വെല്ലുവിളിയാണ്.

ഇന്ത്യയെ സംബന്ധിച്ച് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഊര്‍ജ്ജ മേഖലയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. ഈ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ , തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങി പല മേഖലകളുടെയും കയറ്റുമതിയെ ഈ ഭീമമായ നികുതി സാരമായി ബാധിച്ചേക്കാം.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ഇന്ത്യൻ ബാങ്കിന്റെ എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്
വേതനത്തിലെ വിവേചനം! കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ, ജോലി ഒന്ന് തന്നെ, പക്ഷേ സ്ത്രീകള്‍ക്ക് ശമ്പളം കുറവ്