എൻ. ചന്ദ്രശേഖരന് അഞ്ച് വർഷം കൂടി നൽകാനുള്ള ടാറ്റ സൺസ് ബോർഡ് തീരുമാനത്തിനെതിരെ നോയൽ ടാറ്റ രംഗത്തെത്തിയതോടെ ടാറ്റ ഗ്രൂപ്പിൽ വീണ്ടും അധികാരത്തർക്കം രൂക്ഷമാകുന്നു. വോട്ടിങ്ങിലെ നിയമക്കുരുക്കുകൾ ചൂണ്ടിക്കാട്ടി ടാറ്റ ട്രസ്റ്റ് എതിർപ്പുന്നയിച്ചതോടെ വിഷയം വലിയൊരു നിയമയുദ്ധത്തിലേക്ക് നീങ്ങുകയാണ്.
ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് വീണ്ടും അധികാരത്തര്‍ക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന് അഞ്ച് വര്‍ഷം കൂടി നല്‍കാനുള്ള ബോര്‍ഡ് തീരുമാനമാണ് പുതിയ നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നത്. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ എതിര്‍പ്പ് മറികടന്ന് ബോര്‍ഡ് ഈ തീരുമാനമെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പ്രമുഖ അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും ഹരീഷ് സാല്‍വെയും ഇരുപക്ഷത്തുമായി അണിനിരക്കുന്നതോടെ ടാറ്റയിലെ പോര് രാജ്യത്തെ ഏറ്റവും വലിയ നിയമയുദ്ധങ്ങളിലൊന്നായി മാറിയേക്കും.
എന്താണ് സംഭവിച്ചത്?
സെപ്റ്റംബര്‍ 17-ന് നടന്ന ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തിലാണ് ചന്ദ്രശേഖരന് രണ്ടാമതൊരു ഊഴം കൂടി നല്‍കാന്‍ 4:1 എന്ന വോട്ടിങ് നിലയില്‍ തീരുമാനമായത്. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-നാണ് അവസാനിക്കുന്നത്. താന്‍ തുടരുന്നില്ലെന്ന് ഓഗസ്റ്റ് 12-ന് അദ്ദേഹം ബോര്‍ഡിനെ അറിയിച്ചിരുന്നു. ടാറ്റ ട്രസ്റ്റ് ഇത് അംഗീകരിക്കുകയും പുതിയ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ സെപ്റ്റംബറിലെ യോഗത്തില്‍ ബോര്‍ഡ് അദ്ദേഹത്തോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍ സമ്മതിച്ചതോടെ വോട്ടെടുപ്പ് നടന്നു. ബോര്‍ഡിലെ ഏക എതിര്‍പ്പ് നോയല്‍ ടാറ്റയുടേതായിരുന്നു. കമ്പനിയുടെ നിയമാവലി പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഈ നിയമനം അസാധുവാണെന്നാണ് ടാറ്റ ട്രസ്റ്റിന്റെ വാദം.
തര്‍ക്കത്തിന് കാരണം എന്ത്? വോട്ടിലെ നിയമക്കുരുക്ക്
ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റിന്റെ കൈകളിലാണ്. അതിനാല്‍ ബോര്‍ഡിലെ മൂന്നിലൊന്ന് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അവകാശം ട്രസ്റ്റിനുണ്ട്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള പ്രധാന തീരുമാനങ്ങളില്‍ ഈ പ്രതിനിധികള്‍ക്ക് പ്രത്യേക വോട്ടിങ് അധികാരവുമുണ്ട്. ആര്‍ട്ടിക്കിള്‍ 121 പ്രകാരം, ബോര്‍ഡില്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ ടാറ്റ ട്രസ്റ്റ് പ്രതിനിധികളുടെ ഭൂരിപക്ഷ വോട്ടും ആവശ്യമാണ്. നിലവില്‍ നോയല്‍ ടാറ്റയും വേണു ശ്രീനിവാസനുമാണ് ട്രസ്റ്റിന്റെ പ്രതിനിധികള്‍. ഇതില്‍ വേണു ശ്രീനിവാസന്‍ ചന്ദ്രശേഖരനെ അനുകൂലിച്ചപ്പോള്‍ നോയല്‍ ടാറ്റ എതിര്‍ത്തു. അതായത് ട്രസ്റ്റ് പ്രതിനിധികളുടെ വോട്ട് 1:1 എന്ന നിലയില്‍ തുല്യമായി. രണ്ടില്‍ ഒരാള്‍ എന്നത് ഭൂരിപക്ഷമല്ലെന്നും അതിനാല്‍ തീരുമാനം അസാധുവാണെന്നുമാണ് ട്രസ്റ്റിനു വേണ്ടി ഹാജരാകുന്ന മനു സിങ്വിയുടെ വാദം. എന്നാല്‍ വോട്ടുകള്‍ തുല്യമാകുമ്പോള്‍ 'കാസ്റ്റിങ് വോട്ട്' ഉപയോഗിച്ച് തീരുമാനം പാസാക്കാമെന്നാണ് ചന്ദ്രശേഖരന് വേണ്ടി വാദിക്കുന്ന മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ഹരീഷ് സാല്‍വെയുടെ നിലപാട്. പുതിയ ചെയര്‍മാനെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി വേണമെന്ന ആര്‍ട്ടിക്കിള്‍ 118-ലെ നിബന്ധനയും ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
സൈറസ് മിസ്ത്രി കേസിന്റെ നിഴല്‍
2016-ല്‍ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയപ്പോള്‍ സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധമുണ്ടായിരുന്നു. അന്ന് ടാറ്റ ട്രസ്റ്റിന്റെ പ്രത്യേക വോട്ടിങ് അധികാരങ്ങള്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു. ഈ വിധിയാണ് ടാറ്റ ട്രസ്റ്റ് ഇപ്പോള്‍ വീണ്ടും ആയുധമാക്കുന്നത്. എന്നാല്‍ അന്ന് ട്രസ്റ്റ് പ്രതിനിധികള്‍ക്കിടയില്‍ ഭിന്നത ഇല്ലായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം.പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ കാരണം ഓഹരി വിപണി ലിസ്റ്റിങ് ആണെന്നും ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടുന്നു. കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്ന രജിസ്‌ട്രേഷന്‍ റദ്ദാക്കി അണ്‍ലിസ്റ്റഡ് ആയി തുടരാനുള്ള ടാറ്റയുടെ അപേക്ഷ സെപ്റ്റംബര്‍ 11-ന് റിസര്‍വ് ബാങ്ക് തള്ളിയിരുന്നു. ഇതിനുപിന്നാലെ കമ്പനി പബ്ലിക് ലിസ്റ്റിങ്ങിലേക്ക് പോകാന്‍ ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ നോയല്‍ ടാറ്റ ഇതിനെയും എതിര്‍ത്തു. ഇതൊരു വഴിതിരിച്ചുവിടല്‍ മാത്രമാണെന്നാണ് സിങ്വിയുടെ മറുപടി.
ചന്ദ്രശേഖരന്റെ 8 വര്‍ഷങ്ങള്‍: ടാറ്റയെ മാറ്റിയെഴുതിയ കാലം
2017 ഫെബ്രുവരി 21-നാണ് ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ തലപ്പത്തെത്തുന്നത്. കഴിഞ്ഞ എട്ട് വര്‍ഷം ടാറ്റയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കാലഘട്ടമായിരുന്നു.
'വണ്‍ ടാറ്റ' (One Tata) എന്ന ആശയത്തിലൂടെ ഗ്രൂപ്പിലെ കമ്പനികളെ വലിയ ലക്ഷ്യങ്ങളിലേക്ക് ഒരുമിപ്പിച്ചത് അദ്ദേഹമായിരുന്നു.
1.14 ലക്ഷം കോടി രൂപ മൂല്യമുല്‌ള ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് രൂപീകരിച്ചതും ചന്ദ്രശേഖരനാണ്. എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ എന്നിവയുടെ ലയനം. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹന വിഭാഗങ്ങളെ വേര്‍തിരിക്കല്‍ എന്നീ ആശയങ്ങള്‍ക്കും പുറകിലും അദ്ദേഹമാണ്.2021-ല്‍ 64,400 കോടി രൂപ കടമുണ്ടായിരുന്ന ടാറ്റ മോട്ടോഴ്സ് കടരഹിത കമ്പനിയായി. ടാറ്റ സ്റ്റീലിന്റെ കടം 1 ലക്ഷം കോടിയില്‍ നിന്ന് 81,800 കോടിയായി കുറച്ചു. ഗുജറാത്തിലെ ധോലേരയില്‍ 91,000 കോടി രൂപയുടെയും അസമില്‍ 27,000 കോടി രൂപയുടെയും സെമികണ്ടക്ടര്‍ പ്ലാന്റുകള്‍. ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മാണത്തിന് അഗ്രാറ്റാസ് വഴി സനന്ദില്‍ 13,000 കോടിയുടെ നിക്ഷേപം. പ്രതിരോധ രംഗത്ത് എയര്‍ബസ് സി295 വിമാന നിര്‍മാണ യൂണിറ്റ്. എല്ലാ സേവനങ്ങളും ലഭ്യമാകുന്ന 'ടാറ്റ ന്യൂ' സൂപ്പര്‍ ആപ്പ് എന്നിവയാണ് ചന്ദ്രശേഖരന്റെ മറ്റ് സംഭാവനകള്‍. എയര്‍ ഇന്ത്യ, ഭൂഷണ്‍ സ്റ്റീല്‍, നീലാചല്‍ ഇസ്പത്, ക്യാപിറ്റല്‍ ഫുഡ്‌സ് ഓര്‍ഗാനിക് ഇന്ത്യ എന്നിവ ടാറ്റ സ്വന്തമാക്കിയതും ആപ്പിള്‍ ഐഫോണ്‍ നിര്‍മിക്കുന്ന പെഗാട്രോണ്‍ ഇന്ത്യയുടെ 60% ഓഹരികളും ബിഗ് ബാസ്‌കറ്റ്, 1എംജി എന്നിവയും വാങ്ങിതയും ഇക്കാലയളവിലാണ്.
നഷ്ടത്തിലായിരുന്ന ബിസിനസുകള്‍ ഒഴിവാക്കിയും പുതിയ മേഖലകളില്‍ വന്‍ നിക്ഷേപം നടത്തിയുമാണ് ചന്ദ്രശേഖരന്‍ ടാറ്റയെ ആധുനികവല്‍ക്കരിച്ചത്. ഈ വിജയഗാഥകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ തുടര്‍ച്ചയെച്ചൊല്ലി ടാറ്റ ബോര്‍ഡില്‍ ഇപ്പോള്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുന്നത്.


