
വാഷിംഗ്ടൺ: ലോക വിപണിയില്‍ അമേരിക്കന്‍ ഡോളറിന് വന്‍ തിരിച്ചടി. നിരവധി മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഡോളര്‍ ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ദീര്‍ഘകാല ബോണ്ടുകള്‍ തിരികെ വാങ്ങാനുള്ള അമേരിക്കന്‍ ട്രഷറിയുടെ തീരുമാനമാണ് ഡോളറിന് പ്രധാനമായും തിരിച്ചടിയായത്. ഇതിനുപുറമെ, അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ഇറാനുമേലുള്ള ഉപരോധങ്ങളെക്കുറിച്ചുള്ള ആശങ്കകളും വിപണിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഇതിന് പുറമേ യുഎസിന്റെ കുതിച്ചുയരുന്ന പൊതുകടവും ഡോളറിന് തിരിച്ചടിയായി. അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്‍ ഡോളര്‍ (3840 ലക്ഷം കോടി രൂപ) കടന്നിരുന്നു.
അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കനേഡിയന്‍ ഡോളറിന്റെ മൂല്യത്തിലും ഇടിവുണ്ടായി. മൂല്യം 0.3 ശതമാനം ഇടിഞ്ഞ് ഒരു യു.എസ് ഡോളറിന് 1.3807 കനേഡിയന്‍ ഡോളര്‍ എന്ന നിരക്കിലെത്തി. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം. ഇതിന് മറുപടിയായി കാനഡയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായ രീതിയില്‍ ചുങ്കം ഏര്‍പ്പെടുത്തി തിരിച്ചടിച്ചിട്ടുണ്ട്.
നിക്ഷേപകരെ ഭയപ്പെടുത്തി യുഎസ് ട്രഷറി
കഴിഞ്ഞയാഴ്ച 30 വര്‍ഷത്തെ യു.എസ് ബോണ്ടുകളില്‍ നിന്നുള്ള ആദായം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ഇതോടെയാണ് ഓരോ ഇടപാടിലും 400 കോടി ഡോളറിന്റെ ബോണ്ടുകള്‍ തിരികെ വാങ്ങാന്‍ യുഎസ് ട്രഷറി തീരുമാനിച്ചത്. 32 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള വമ്പന്‍ വിപണിയില്‍ ഈ തുക വളരെ ചെറുതാണെങ്കിലും, വിപണിയിലുള്ള സര്‍ക്കാരിന്റെ അപ്രതീക്ഷിത ഇടപെടല്‍ നിക്ഷേപകരെ വല്ലാതെ ആശങ്കയിലാക്കി. ഇതാണ് ഡോളറിന് വിനയായത്. ഇതിന് പുറമെ, ഇറാനുമേല്‍ വരാനിരിക്കുന്ന ഉപരോധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, അമേരിക്കയിലെയും ജപ്പാനിലെയും വരാനിരിക്കുന്ന സുപ്രധാന സാമ്പത്തിക നയപ്രഖ്യാപനങ്ങളും എന്താകുമെന്നറിയാന്‍ നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്.