
ആഗോളതലത്തില്‍ ഐഫോണ്‍ ഉല്‍പ്പാദനം വിപുലീകരിക്കാനുള്ള ആപ്പിളിന്റെ തീരുമാനം ടാറ്റാ ഇലക്ട്രോണിക്‌സിന് വലിയ നേട്ടമായതായി കണക്കുകള്‍. അമേരിക്കന്‍ വിപണിയിലേക്ക് ഐഫോണ്‍ കയറ്റുമതി ചെയ്യുന്ന പ്രധാന കമ്പനിയായി ടാറ്റാ ഇലക്ട്രോണിക്‌സ് മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റാ ഇലക്ട്രോണിക്‌സിന്റെ വരുമാനത്തിന്റെ 37 ശതമാനവും അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയില്‍ നിന്നാണ്. ഇത് ഏകദേശം 23,112 കോടി രൂപയിലധികം വരുമെന്ന് 'ദി ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള വ്യാപാര തര്‍ക്കങ്ങള്‍ക്കിടയില്‍, ചൈനയെ മാത്രം ആശ്രയിക്കാതെ ഉല്‍പ്പാദനം വൈവിധ്യവത്കരിക്കാനുള്ള ആപ്പിളിന്റെ തന്ത്രമാണ് ഈ മാറ്റത്തിന് പിന്നില്‍.
അമേരിക്കക്ക് പുറമെ, ടാറ്റാ ഇലക്ട്രോണിക്‌സിന്റെ കയറ്റുമതിയില്‍ പ്രധാന പങ്കുവഹിക്കുന്നത് അയര്‍ലന്‍ഡും തായ്വാനുമാണ്. വരുമാനത്തിന്റെ 23 ശതമാനം (14,255 കോടി രൂപ) അയര്‍ലന്‍ഡില്‍ നിന്നും, 15 ശതമാനം തായ്വാനില്‍ നിന്നുമാണ്. ഇന്ത്യന്‍ വിപണിയില്‍ 20 ശതമാനം വിറ്റുവരവ് രേഖപ്പെടുത്തി. ആപ്പിളിന്റെ യൂറോപ്യന്‍ ഹബ്ബ് എന്ന നിലയില്‍ അയര്‍ലന്‍ഡിന് പ്രത്യേക പ്രാധാന്യമുണ്ട്. തുടക്കത്തില്‍ തായ്വാനിലേക്കും പ്രാദേശിക വിപണിയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ടാറ്റ, ഇപ്പോള്‍ അമേരിക്കന്‍ വിപണിയേയും കൂടുതലായി പരിഗണിക്കുന്നുണ്ട്. ഫോക്‌സ്‌കോണ്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാതാക്കളാണ് ടാറ്റാ ഇലക്ട്രോണിക്‌സ്.
ടാറ്റാ ഇലക്ട്രോണിക്‌സ് വിസ്‌ട്രോണിന്റെ ഇന്ത്യയിലെ പ്ലാന്റ് ഏറ്റെടുത്തത് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. ടാറ്റാ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് സൊല്യൂഷന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് ഉല്‍പ്പാദനവും കയറ്റുമതിയും വേഗത്തിലാക്കി. കൂടാതെ, 2025 ജനുവരിയില്‍ 1,650 കോടി രൂപ മുടക്കി പെഗാട്രോണ്‍ ടെക്‌നോളജി ഇന്ത്യയുടെ 60 ശതമാനം ഓഹരികള്‍ കൂടി ടാറ്റ ഏറ്റെടുത്തത് അവരുടെ നിര്‍മ്മാണ ശേഷി വര്‍ധിപ്പിച്ചു. തമിഴ്നാട്ടിലെ പെഗാട്രോണ്‍ പ്ലാന്റും കര്‍ണാടകയിലെ വിസ്‌ട്രോണ്‍ യൂണിറ്റും ഇപ്പോള്‍ ഐഫോണ്‍ അസംബ്ലിങ്ങിന്റെ പ്രധാന കേന്ദ്രങ്ങളാണ്. പെഗാട്രോണ്‍ ടെക്‌നോളജി ഇന്ത്യ, ടാറ്റാ ഇലക്ട്രോണിക്‌സ് പ്രോഡക്ട്‌സ് ആന്‍ഡ് സൊല്യൂഷന്‍സ് എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 84 ശതമാനം വര്‍ധിച്ച് 34,264 കോടി രൂപയിലെത്തി. ലാഭം ഒരു ശതമാനം വര്‍ധിച്ച് 633 കോടി രൂപയായി.