യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

Published : Nov 04, 2026, 10:38 AM IST
Donald Trump

Synopsis

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ നേടുന്നത് ഇന്ത്യ-യുഎസ് ബന്ധത്തെ സ്വാധീനിച്ചേക്കാം. വ്യാപാര കരാറുകൾ, ഇറക്കുമതി തീരുവ, റഷ്യൻ എണ്ണ, പ്രതിരോധ-സാങ്കേതിക സഹകരണം, എച്ച്-1ബി വിസ തുടങ്ങിയ നിർണായക വിഷയങ്ങളിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്ത്യയും ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ നേടുമെന്നാണ് വിലയിരുത്തല്‍. സെനറ്റിലും ഡെമോക്രാറ്റുകള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. വാഷിങ്ടണിലെ രാഷ്ട്രീയ അധികാരസമവാക്യത്തില്‍ വന്ന ഈ മാറ്റം ഇന്ത്യ- യുഎസ് ബന്ധത്തെയും സ്വാധീനിച്ചേക്കാം. വ്യാപാര കരാര്‍, ഇറക്കുമതി തീരുവ, ഊര്‍ജ സുരക്ഷ, റഷ്യന്‍ എണ്ണ, പ്രതിരോധ സഹകരണം, നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍, എച്ച്-1ബി വീസ തുടങ്ങിയ വിഷയങ്ങളിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധിക്കുന്നത്.

ഇന്ത്യ- യുഎസ് വ്യാപാര കരാര്‍: ഇനി എന്ത്?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് യുഎസുമായുള്ള വ്യാപാര ഇടപാടുകളാണ്. 2026 ഫെബ്രുവരിയില്‍ ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാറിനുള്ള ഒരു ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ- യുഎസ് വ്യാപാര കരാറിലെ വിപുലമായ ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതും അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് പ്രധാന തര്‍ക്കവിഷയങ്ങളില്‍ ചിലത്.

തീരുവയില്‍ മാറ്റമുണ്ടാകുമോ?

2026 ഫെബ്രുവരിയിലെ യുഎസ് സുപ്രീം കോടതി വിധിക്ക് ശേഷം അമേരിക്കയുടെ തീരുവ നയം കൂടുതല്‍ സങ്കീര്‍ണമായി. നിര്‍ബന്ധിത തൊഴില്‍ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണവുമായി ബന്ധപ്പെട്ട ജൂലൈയില്‍ ഇന്ത്യന്‍ ഇറക്കുമതിക്ക് 10 ശതമാനം അധിക തീരുവ യുഎസ് പ്രഖ്യാപിച്ചിരുന്നു. ഹൗസ് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായതോടെ ട്രംപ് ഭരണകൂടത്തിന്റെ തീരുവ നയത്തെക്കുറിച്ചുള്ള പരിശോധന ശക്തമായേക്കാം. തീരുവ അമേരിക്കന്‍ ഉപഭോക്താക്കളെയും കമ്പനികളെയും വിതരണ ശൃംഖലയെയും എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയും.

റഷ്യന്‍ എണ്ണ വീണ്ടും ചര്‍ച്ചയാകുമോ?

റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ-യുഎസ് ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. റഷ്യ, ഉപരോധം, ഊര്‍ജ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ യുഎസ് കോണ്‍ഗ്രസില്‍ വീണ്ടും ശക്തമായി ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. ഹൗസിലെ ഡെമോക്രാറ്റിക് നേതൃത്വം റഷ്യയുമായി ബന്ധപ്പെട്ട ഉപരോധങ്ങളും ഊര്‍ജനയവും കൂടുതല്‍ സൂക്ഷ്മമായി പരിശോധിച്ചേക്കാം. എന്നാല്‍ ഇതുകൊണ്ട് മാത്രം ഇന്ത്യയുടെ റഷ്യന്‍ എണ്ണ വാങ്ങലിനോടുള്ള അമേരിക്കയുടെ സമീപനം മാറുമെന്ന് ഉറപ്പില്ല.

പ്രതിരോധം, എഐ, സെമികണ്ടക്ടര്‍: സഹകരണം തുടരുമോ?

ഇന്ത്യ-യുഎസ് ബന്ധത്തിലെ ഏറ്റവും ശക്തമായ മേഖലകളിലൊന്നായി പ്രതിരോധവും പുതിയ സാങ്കേതികവിദ്യകളും മാറിയിട്ടുണ്ട്. പ്രതിരോധ ഉല്‍പാദനം, സൈനിക സാങ്കേതികവിദ്യ, സെമികണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം ടെക്‌നോളജി, നിര്‍ണായക ധാതുക്കള്‍, വിതരണ ശൃംഖല തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കുകയാണ്.പ്രതിരോധ ചെലവുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലും പ്രധാന സാങ്കേതികവിദ്യകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും കോണ്‍ഗ്രസിന് നിര്‍ണായക പങ്കുണ്ട്. അതുകൊണ്ട് ഹൗസിലെ അധികാരമാറ്റം പ്രതിരോധ ബജറ്റ്, സാങ്കേതിക സഹകരണം, ഇന്‍ഡോ-പസഫിക് നയം എന്നിവയിലെ ചര്‍ച്ചകളെ സ്വാധീനിക്കാം. എന്നാല്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ സഹകരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല.

എച്ച് - 1ബി വിസ: ഇന്ത്യക്കാര്‍ക്ക് എന്താണ് ആശങ്ക?

അമേരിക്കയില്‍, പ്രത്യേകിച്ച് ഐടി മേഖലയില്‍, വലിയൊരു വിഭാഗം ഇന്ത്യന്‍ പ്രഫഷണലുകള്‍ ജോലി ചെയ്യുന്നതിനാല്‍ എച്ച്-1ബി വിസ നയത്തിലെ മാറ്റങ്ങള്‍ ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്. യുഎസിനു പുറത്തുള്ള തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള ചില പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ട്രംപ് ഭരണകൂടം കൊണ്ടുവന്നിട്ടുണ്ട്. 2026 സെപ്റ്റംബറില്‍ ഈ നിയന്ത്രണങ്ങളുടെ കാലാവധി വൈറ്റ് ഹൗസ് വീണ്ടും 12 മാസത്തേക്ക് നീട്ടി. വിസ ലഭിക്കുന്നവരില്‍ വലിയൊരു പങ്ക് ഇന്ത്യക്കാരായതിനാല്‍ അമേരിക്കയിലെ പുതിയ തീരുമാനങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും ഐടി പ്രഫഷണലുകള്‍ക്കും ഏറെ പ്രധാനമാണ്.

ഹൗസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്കായതോടെ കുടിയേറ്റ നയത്തില്‍ ഭരണകൂടം സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള പരിശോധന ശക്തമായേക്കാം. വിദേശ വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന കമ്പനികള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയെ ഈ നിയന്ത്രണങ്ങള്‍ എങ്ങനെ ബാധിക്കുന്നുവെന്ന് കോണ്‍ഗ്രസ് പരിശോധിച്ചേക്കാം.എന്നാല്‍ കോണ്‍ഗ്രസിന്റെ പരിശോധന മാത്രം നിലവിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കില്ല. കുടിയേറ്റ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ പുതിയ നിയമനിര്‍മാണ നടപടികള്‍ ആവശ്യമാണ്. ഇന്ത്യന്‍ പ്രഫഷണലുകളെ സംബന്ധിച്ചിടത്തോളം വീസ നടപടികളിലെ വ്യക്തതയും സ്ഥിരതയും തന്നെയാകും പ്രധാന വിഷയം.

PREV
Read more Articles on
click me!

Recommended Stories

ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ ഇനി മുകേഷ് അംബാനി; സമ്പത്തില്‍ വന്‍ കുതിപ്പ്, ആസ്തി 8.52 ലക്ഷം കോടി രൂപയായി
ഉത്സവകാല വില്‍പ്പന കുതിക്കും; തൊഴിലാളികളെ കിട്ടാനില്ല, കൊച്ചിയില്‍ പുതിയ നിയമനങ്ങളില്‍ 22 ശതമാനം വര്‍ധനവ്