വെനസ്വേലന്‍ എണ്ണ: ഇന്ത്യയ്ക്ക് 'ഗ്രീന്‍ സിഗ്‌നല്‍'; പക്ഷേ താക്കോല്‍ അമേരിക്കയുടെ കയ്യില്‍

Published : Jan 11, 2026, 11:36 PM IST
india us policy venezuela crude oil supply reliance interest news

Synopsis

എണ്ണ വില്‍പനയുടെയും പണമിടപാടിന്റെയും പൂര്‍ണ നിയന്ത്രണം അമേരിക്കയുടെ കൈയിലായിരിക്കും

 

വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കുമെന്ന് അമേരിക്ക. വൈറ്റ് ഹൗസാണ് ഇക്കാര്യത്തില്‍ അനുകൂല നിലപാട് അറിയിച്ചത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന വ്യാപാരം ഇതോടെ പുനരാരംഭിക്കാന്‍ വഴിയൊരുങ്ങും. എന്നാല്‍, എണ്ണ വില്‍പനയുടെയും പണമിടപാടിന്റെയും പൂര്‍ണ നിയന്ത്രണം അമേരിക്കയുടെ കൈയിലായിരിക്കും. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ പരിഗണിച്ച് വെനസ്വേലന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് 'അതെ' എന്ന് മുതിര്‍ന്ന ട്രംപ് ഭരണകൂട ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പ്രതികരിച്ചു. എന്നാല്‍ ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച സാങ്കേതിക കാര്യങ്ങള്‍ തീരുമാനിച്ചു വരുന്നതേയുള്ളൂ.

നിയന്ത്രണം കൈവിടാതെ യുഎസ്

വെനസ്വേലന്‍ എണ്ണ 'മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും' നല്‍കാന്‍ തയാറാണെന്ന് യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ്റ്റഫര്‍ റൈറ്റ് വ്യക്തമാക്കി. എന്നാല്‍, എണ്ണ വിപണിയിലെത്തിക്കുന്നതും അതിന്റെ വരുമാനം അക്കൗണ്ടുകളിലേക്ക് മാറ്റുന്നതും യുഎസ് സര്‍ക്കാര്‍ നേരിട്ടായിരിക്കും. അതായത്, എണ്ണ വെനസ്വേലയുടേതാണെങ്കിലും കച്ചവടം നിയന്ത്രിക്കുന്നത് അമേരിക്കയായിരിക്കും. ഉപരോധം വരുന്നതിന് മുന്‍പ് വെനസ്വേലയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിയിരുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് അനുയോജ്യമായ 'ഹെവി ക്രൂഡ്' ആണ് അവിടെനിന്നും ലഭിച്ചിരുന്നത്. പുതിയ തീരുമാനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും.

മഡൂറോ പോയി, ഇനി ബിസിനസ്

വെനസ്വേലന്‍ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡൂറോ പുറത്തായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. കെട്ടിക്കിടക്കുന്ന 30 മുതല്‍ 50 ദശലക്ഷം (3-5 കോടി) ബാരല്‍ എണ്ണ വിറ്റഴിക്കാനാണ് പദ്ധതി. വെനസ്വേലയുടെ തകര്‍ന്നടിഞ്ഞ എണ്ണ വ്യവസായത്തെ കരകയറ്റാന്‍ ഏകദേശം 9 ലക്ഷം കോടി രൂപയുടെ നിക്ഷേപം എണ്ണക്കമ്പനികള്‍ നടത്തുമെന്നും ട്രംപ് പറഞ്ഞു. ഏതെല്ലാം കമ്പനികള്‍ക്ക് നിക്ഷേപിക്കാം എന്നതും അമേരിക്ക തന്നെ തീരുമാനിക്കും.

PREV
Read more Articles on
click me!

Recommended Stories

ലോകം ചുറ്റാന്‍ ഇന്ത്യക്കാര്‍; ഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍