Vodafone Idea : ലയനത്തിന് ശേഷം ആദ്യമായി ഉപയോക്താക്കളെ കൂട്ടി വോഡാഫോൺ ഐഡിയ

By Web TeamFirst Published May 14, 2022, 2:11 PM IST
Highlights

കഴിഞ്ഞ നവംബറിൽ ടെലികോം കമ്പനികളെല്ലാം തന്നെ താരിഫുകൾ കുത്തനെ ഉയർത്തിയെങ്കിലും സിം ഏകീകരണം വിഐയെ ബാധിച്ചിട്ടില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) ഏറ്റവും പുതിയ ഉപഭോക്തൃ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.

നാല് വർഷം മുൻപാണ് വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലാർ ലിമിറ്റഡും ഒരുമിച്ച് ചേർന്നത്. ലയനത്തിന് ശേഷം ആദ്യമായി  ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ് വിഐ. 2.45 % സജീവ ഉപയോക്താക്കളെയാണ് വോഡാഫോൺ ഐഡിയ കൂട്ടിച്ചേർത്തിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ടെലികോം കമ്പനികളെല്ലാം തന്നെ താരിഫുകൾ കുത്തനെ ഉയർത്തിയെങ്കിലും സിം ഏകീകരണം വിഐയെ ബാധിച്ചിട്ടില്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. 

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) ഏറ്റവും പുതിയ ഉപഭോക്തൃ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം മൂന്നുമാസത്തെ തുടർച്ചയായ നഷ്ടം നികത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. മാർച്ചിൽ മാത്രം 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് ലഭിച്ചത്. ഇതോടെ ജിയോയുടെ അകെ വരിക്കാർ 404 ദശലക്ഷമായി.  2.2 ദശലക്ഷം ഉപഭോക്താക്കളുമായി സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെൽ മുന്നേറ്റം തുടരുന്നുണ്ട്.   

ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 മില്യൺ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. അതേസമയം തന്നെ വോഡഫോൺ ഐഡിയയ്ക്ക് 1.5 മില്യൺ ഉപഭോക്താക്കളെയും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ താരിഫ് വർധനയെ തുടർന്നാണ് വലിയ തോതിലെ കൊഴിഞ്ഞുപോക്കുണ്ടായത്. പ്രമുഖ ടെലികോം കമ്പനികളെല്ലാം 20  മുതൽ 25 ശതമാനം വരെ താരിഫ് ഉയർത്തിയിരുന്നു. 

 തുടർന്ന് 23 ശതമാനം വിപണി വിഹിതമുള്ള വൊഡഫോൺ ഐഡിയയ്ക്ക് 16 ലക്ഷം വരിക്കാരെ ഡിസംബർ മാസത്തിൽ മാത്രം നഷ്ടപ്പെട്ടു. രാജ്യത്തെ വയൽലെസ് ടെലികോം വരിക്കാരുടെ എണ്ണം 2021 നവംബറിൽ 1167.5 ദശലക്ഷമായിരുന്നു. ഇത് ഡിസംബറിൽ 1154.62 ദശലക്ഷമായി കുറഞ്ഞു. 1.10 ശതമാനമാണ് ഒരു മാസത്തിനിടെയുണ്ടായ കുറവ്. 
 

click me!