ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും

By Web TeamFirst Published Nov 15, 2019, 10:57 AM IST
Highlights

പ്രവര്‍ത്തനനഷ്ടം മറികടക്കാന്‍ ലയിച്ച് ഒന്നായ വോഡാഫോണും ഐഡിയയും പക്ഷേ ലയനശേഷവും ബാധ്യതകള്‍ തീര്‍ക്കാനാവാതെ ബുദ്ധിമുട്ടുകയാണ്

ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി വോഡാഫോണ്‍ കമ്പനി. 50,922 കോടി രൂപയുടെ നഷ്ടമാണ് സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വോഡാഫോണ്‍ ഇന്ത്യ രേഖപ്പെടുത്തിയത്. ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കമ്പനി ഇത്രയേറെ രൂപ നഷ്ടം വരുത്തുന്നത്. ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണ്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള ഐഡിയയുമായി സമീപകാലത്ത് ലയിച്ചിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളായി അവര്‍ മാറി. 

വോഡാഫോണ്‍ ഐഡിയയെ കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളായ എയര്‍ടെലും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. 23,044 കോടിരൂപയാണ് എയര്‍ടെല്ലിനുണ്ടായ നഷ്ടം.  രണ്ട് കമ്പനികള്‍ക്കും കൂടി വന്ന മൊത്തം നഷ്ടം 74,000 കോടി രൂപയാണ്. 

രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളായ റിലയന്‍സ് ജിയോ 13,000 കോടി രൂപയാണ് നഷ്ടം വരുത്തിയിരിക്കുന്നത്. ജിയോയുടെ കടന്നു വരവോടെ ഇന്ത്യന്‍ മൊബൈല്‍ വിപണിയിലുണ്ടായ ശക്തമായ മത്സരത്തെ തുടര്‍ന്ന് മൊബൈല്‍ കമ്പനികളെല്ലാം നഷ്ടം നേരിടുകയാണ്. ഇതോടൊപ്പം ടെലികോം വകുപ്പ് നല്‍കിയ കേസില്‍ രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്കെല്ലാം ചേര്‍ത്ത് സുപ്രീംകോടതി 92,000 കോടി രൂപ പിഴ വിധിച്ചത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

പ്രവര്‍ത്തനനഷ്ടം മറികടക്കാന്‍ ലയിച്ച് ഒന്നായ വോഡാഫോണും ഐഡിയയും പക്ഷേ ലയനശേഷവും ബാധ്യതകള്‍ തീര്‍ക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വോഡാഫോണ്‍ രാജ്യം വിട്ടേക്കുമെന്ന വാര്‍ത്തകള്‍ക്ക് ഇടയിലാണ് നഷ്ടകണക്ക് പുറത്തു വരുന്നത്. അതേസമയം കമ്പനി വൃത്തങ്ങള്‍ ആരോപണം നിഷേധിക്കുന്നു. 

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന് നടത്തിയാണ് വോഡാഫോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ മൊബൈല്‍ മാര്‍ക്കറ്റുകളില്‍ ഒന്നായ ഇന്ത്യയില്‍ മുന്‍നിരകമ്പനികള്‍ വന്‍നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയേക്കും എന്നാണ് സൂചന. 

click me!