
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടോ? എങ്കില്‍ അത് തിരുത്താന്‍ ഇനി അധികം സമയമില്ല. 2024-25 സാമ്പത്തിക വര്‍ഷത്തെ (അസസ്മെന്റ് ഇയര്‍ 2025-26) റിട്ടേണുകള്‍ തിരുത്തി സമര്‍പ്പിക്കാനോ , ഇതുവരെ സമര്‍പ്പിക്കാത്തവര്‍ക്ക് വൈകി സമര്‍പ്പിക്കാനോ ഉള്ള സമയപരിധി ഈ മാസം 31-ന് അവസാനിക്കും. ഡിസംബര്‍ 31 കഴിഞ്ഞാല്‍ സാധാരണ രീതിയില്‍ റിട്ടേണുകളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് നികുതി വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
എപ്പോഴൊക്കെ റിട്ടേണ്‍ തിരുത്തണം?
ആദ്യതവണ റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ താഴെ പറയുന്ന കാര്യങ്ങളില്‍ പിശക് പറ്റിയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും 'റിവൈസ്ഡ് റിട്ടേണ്‍' നല്‍കണം:
വരുമാനം കാണിച്ചതില്‍ കുറവോ കൂടുതലോ വരിക.
അര്‍ഹമായ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യാന്‍ വിട്ടുപോവുകയോ അധികമായി കാണിക്കുകയോ ചെയ്യുക.
ബാങ്ക് അക്കൗണ്ട് വിവരങ്ങളിലോ മറ്റ് വ്യക്തിഗത വിവരങ്ങളിലോ തെറ്റുകള്‍ സംഭവിക്കുക.
തെറ്റായ ഐടിആര്‍ ഫോം തിരഞ്ഞെടുക്കുക.
റീഫണ്ട് തുക കൃത്യമല്ലെന്ന് ബോധ്യപ്പെടുക.
ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്ത് സംഭവിക്കും?
ഡിസംബര്‍ 31-ന് ശേഷം സാധാരണ നിലയിലുള്ള തിരുത്തലുകള്‍ അനുവദിക്കില്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇളവുകളുണ്ട്:
അപ്ഡേറ്റഡ് റിട്ടേണ്‍ : റിട്ടേണിലെ പിശകുകള്‍ തിരുത്താന്‍ ഡിസംബര്‍ 31 കഴിഞ്ഞും 'അപ്ഡേറ്റഡ് റിട്ടേണ്‍' സമര്‍പ്പിക്കാം. എന്നാല്‍ ഇതിന് നിശ്ചിത തുക പിഴയായും അധിക നികുതിയായും നല്‍കേണ്ടി വരും. അധികമായി റീഫണ്ട് ക്ലെയിം ചെയ്യാനോ നികുതി ബാധ്യത കുറയ്ക്കാനോ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ല.
കണ്ടോണേഷന്‍ ഓഫ് ഡിലേ : അപ്രതീക്ഷിതമായ കാരണങ്ങളാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയവര്‍ക്ക് ആദായനികുതി വകുപ്പിന് അപേക്ഷ നല്‍കാം. മതിയായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പ്രത്യേക അനുമതിയോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാനും റീഫണ്ട് കൈപ്പറ്റാനും സാധിക്കും.
റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വരുത്തിയ ചെറിയ തെറ്റുകള്‍ പോലും പിന്നീട് ആദായനികുതി വകുപ്പില്‍ നിന്നുള്ള നോട്ടീസിനോ കനത്ത പിഴയ്‌ക്കോ കാരണമായേക്കാം. അതിനാല്‍ ബാങ്ക് സ്റ്റേറ്റ്മെന്റുകളും മറ്റ് രേഖകളും ഒത്തുനോക്കി ഡിസംബര്‍ 31-നകം തന്നെ തിരുത്തലുകള്‍ പൂര്‍ത്തിയാക്കുന്നതാണ് ഉചിതം.