അക്കൗണ്ട് അഗ്രിഗേറ്റർ നെറ്റ്‌വർക്ക് ഇന്ത്യയിലും; സമ്പത്തിക രംഗത്തെ വന്‍ മാറ്റം, അറിയേണ്ടതെല്ലാം

Web Desk   | Asianet News
Published : Sep 10, 2021, 09:49 AM ISTUpdated : Sep 10, 2021, 10:15 AM IST
അക്കൗണ്ട് അഗ്രിഗേറ്റർ നെറ്റ്‌വർക്ക് ഇന്ത്യയിലും; സമ്പത്തിക രംഗത്തെ വന്‍ മാറ്റം, അറിയേണ്ടതെല്ലാം

Synopsis

ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക രേഖകളിൽ കൂടുതൽ നിയന്ത്രണം ഉറപ്പുവരുത്താനും, വായ്‌പാ ദാതാക്കൾക്കും ഫിൻ‌ടെക് കമ്പനികൾക്കും തങ്ങളുടെ ഉപഭോക്താക്കളിലേക്ക് അതിവേഗം സേവനങ്ങള്‍ എത്തിക്കാനും സാധിക്കും. 

ദില്ലി: രാജ്യത്തെ ബാങ്കിംഗ് രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുന്ന ഒരു സാമ്പത്തിക ഡാറ്റ പങ്കിടൽ സംവിധാനമായ അക്കൗണ്ട് അഗ്രിഗേറ്റർ (എഎ) നെറ്റ്‌വർക്ക് കഴിഞ്ഞവാരം ഇന്ത്യയില്‍ നിലവില്‍ വന്നു. ഇതിലൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക രേഖകളിൽ കൂടുതൽ നിയന്ത്രണം ഉറപ്പുവരുത്താനും, വായ്‌പാ ദാതാക്കൾക്കും ഫിൻ‌ടെക് കമ്പനികൾക്കും തങ്ങളുടെ ഉപഭോക്താക്കളിലേക്ക് അതിവേഗം സേവനങ്ങള്‍ എത്തിക്കാനും സാധിക്കും. സാധാരണ ഗതിയിൽ പ്രത്യേകമായി  സൂക്ഷിക്കപ്പെടുന്ന വ്യക്തിഗത സാമ്പത്തിക ഡാറ്റയിന്മേൽ അക്കൗണ്ട് അഗ്രിഗേറ്റർ വ്യക്തിക്ക് നിയന്ത്രണം നൽകുന്നു.

ഇന്ത്യയിൽ ഓപ്പൺ ബാങ്കിംഗ് കൊണ്ടുവരുന്നതിനും, സ്ഥാപനങ്ങളിലുടനീളം ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ സാമ്പത്തിക ഡാറ്റ ഡിജിറ്റലായി ലഭ്യമാക്കുന്നതിനും, സുരക്ഷിതമായും കാര്യക്ഷമമായും പങ്കിടുന്നതിനും സഹായിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ നെറ്റ്വര്‍ക്ക് എന്ന് ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വാര്‍ത്ത കുറിപ്പ് പറുന്നു. ബാങ്കിംഗിലെ അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഇന്ത്യയിലെ ഏറ്റവും വലിയ എട്ട് ബാങ്കുകളിൽ ആരംഭിച്ചു കഴിഞ്ഞു. അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനത്തിലൂടെ വായ്പ, സാമ്പത്തിക മാനേജ്മെന്റ് എന്നിവ വളരെ വേഗതയാർന്നതും ചെലവ് കുറഞ്ഞതുമായി മാറും.

എന്താണ് അക്കൗണ്ട് അഗ്രിഗേറ്റർ?

അക്കൗണ്ട് അഗ്രിഗേറ്റർ (എഎ) എന്നത് ഒരു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രിത സംവിധാനമാണ്. (ബാംങ്കിംഗ്‌ ഇതര ധനകാര്യ കമ്പനി അഥവാ എന്‍ബിഎഫ്സി- എഎ ലൈസൻസോടു കൂടിയതാണിത്). ഒരു വ്യക്തിക്ക് സുരക്ഷിതമായും ഡിജിറ്റലായും ഒരു അക്കൗണ്ടിൽ ഇടപെടാനും, അക്കൗണ്ടുള്ള ധനകാര്യ സ്ഥാപനവും എഎ നെറ്റ്‌വർക്ക് പങ്കിടുന്ന മറ്റേതെങ്കിലും നിയന്ത്രിത ധനകാര്യ സ്ഥാപനവുമായി വിവരങ്ങൾ പങ്കിടാനും സഹായിക്കുന്നു. എന്നാൽ വ്യക്തിയുടെ സമ്മതമില്ലാതെ ഡാറ്റ പങ്കിടാനാകില്ല.

ഒരു വ്യക്തിക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഒന്നിലധികം അക്കൗണ്ട് അഗ്രഗേറ്ററുകൾ ഉണ്ടാകും. അക്കൗണ്ട് അഗ്രിഗേറ്റർ നിങ്ങളുടെ ഡാറ്റയുടെ ഓരോ ഉപയോഗത്തിനും ഘട്ടം ഘട്ടമായുള്ള അനുമതിയും നിയന്ത്രണവും ഉറപ്പാക്കുകയും 'ബ്ലാങ്ക് ചെക്ക്' സ്വീകരിച്ചുകൊണ്ടുള്ള ദീർഘകാല നിബന്ധനകൾ ഒഴിവാക്കുകയും ചെയ്യുന്നു. പരസ്പര പ്രവർത്തനക്ഷമതയും, ഡാറ്റ സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഒരു കൺസെന്റ് മാനേജരായി അക്കൗണ്ട് അഗ്രിഗേറ്റർ പ്രവർത്തിക്കുന്നു. അക്കൗണ്ട് അഗ്രിഗേറ്റർക്ക് ഉപഭോക്തൃ ഡാറ്റ വായിക്കാൻ കഴിയില്ല, ഉപഭോക്തൃ ഡാറ്റ വീണ്ടും വിൽക്കാനും കഴിയില്ല.

ഒരിക്കൽ പങ്കിട്ട ഡാറ്റ പിൻവലിക്കാൻ അക്കൗണ്ട് അഗ്രിഗേറ്റർ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. അക്കൗണ്ട് അഗ്രിഗേറ്റർക്ക് ഉപഭോക്താക്കളോട് വിശ്വാസ്യത പുലർത്താനുള്ള ഉത്തരവാദിത്തമുണ്ട്. ഡിജിറ്റലായി രേഖപ്പെടുപ്പെടുത്തപ്പെട്ടതും ഒപ്പിട്ടതുമായമായ വിവരങ്ങൾ പങ്കിടുന്ന ആര്‍ബിഐ നിയന്ത്രിത സംവിധാനമാണിത്.

അക്കൗണ്ട് അഗ്രിഗേറ്റർ നെറ്റ്‌വർക്ക് ഒരു ശരാശരി വ്യക്തിയുടെ സാമ്പത്തിക വ്യവഹാരം എങ്ങനെ മെച്ചപ്പെടുത്തും?

ഇന്ത്യയിലെ സാമ്പത്തിക രംഗത്ത് നിലവിൽ ഉപഭോക്താക്കൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്നു.  ബാങ്ക് സ്റ്റേറ്റ്മെന്റുകളുടെ ഒപ്പിട്ടതും സ്കാൻ ചെയ്തതുമായ പകർപ്പുകൾ പങ്കിടുക, നോട്ടറൈസ് ചെയ്യാനോ പ്രമാണങ്ങൾ സ്റ്റാമ്പ് ചെയ്യാനോ ഉള്ള തത്രപ്പാടുകൾ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച രേഖകള്‍ ഒരു മൂന്നാം കക്ഷിക്ക് നൽകുന്നതിന് നിങ്ങളുടെ വ്യക്തിഗത യൂസർ നെയിമും പാസ് വേഡും പങ്കിടുക തുടങ്ങിയവ ഉദാഹരണം. അക്കൗണ്ട് അഗ്രിഗേറ്റർ നെറ്റ്വർക്കിലൂടെ സുരക്ഷിതമായ ഡിജിറ്റൽ ഡാറ്റ അഭിഗമ്യത, പങ്കിടൽ ഇവയെല്ലാം മൊബൈൽ അധിഷ്‌ഠിതവും ലളിതവും ആക്കി മറ്റും. ഇത് പുതിയ തരത്തിലുള്ള സേവനങ്ങൾക്കുള്ള അവസരങ്ങൾ സൃഷ്ടിക്കും - ഉദാ: പുതിയ തരം വായ്പകൾ.

ഒരു വ്യക്തിയുടെ ബാങ്ക്, അഗ്രിഗേറ്റർ നെറ്റ്വർക്കുമായി ബന്ധിപ്പിച്ചാൽ ഈ സേവനം ഉപയോഗപ്പെടുത്താം. എട്ട് ബാങ്കുകൾക്ക് ഇതിനോടകം ഈ സംവിധാനമുണ്ട് - നാല് ബാങ്കുകൾ ഇതിനോടകം സമ്മതം അടിസ്ഥാനമാക്കി ഡാറ്റ പങ്കിടുന്നു (ആക്സിസ്, ഐസിഐസിഐ, എച്ച്ഡിഎഫ് സി, ഇൻഡസ്ഇൻഡ് എന്നീ ബാങ്കുകൾ). കൂടാതെ നാല് ബാങ്കുകൾ ഉടൻ ഈ സേവനം ആരംഭിക്കും (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ് സി ഫസ്റ്റ് ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ).അല്ലാത്തപക്ഷം പ്രത്യേകമായി സൂക്ഷിക്കുന്ന സാമ്പത്തിക ഡാറ്റയിൽ അക്കൗണ്ട് അഗ്രിഗേറ്റർ, വ്യക്തിക്ക് നിയന്ത്രണം നൽകുന്നു.

ആധാർ ഇ കെവൈസി ഡാറ്റ പങ്കിടൽ, ക്രെഡിറ്റ് ബ്യൂറോ ഡാറ്റ പങ്കിടൽ, സികെവൈസി പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് അക്കൗണ്ട് അഗ്രിഗേറ്റർ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

കെവൈസി അഥവ ഉപഭോതാവിനെ അറിയുക എന്ന ആവശ്യത്തിനായി (ഉദാ: പേര്, വിലാസം, ലിംഗം മുതലായവ) നാല് 'ഐഡന്റിറ്റി' ഡാറ്റ ഫീൽഡുകൾ പങ്കിടാൻ മാത്രമേ ആധാർ ഇ കെവൈസി യും സി കെവൈസിയും അനുവദിക്കുന്നുള്ളൂ. അതുപോലെ, വായ്പ ചരിത്രവും ക്രെഡിറ്റ് സ്കോറും മാത്രമേ ക്രെഡിറ്റ് ബ്യൂറോ ഡാറ്റ കാണിക്കുന്നുള്ളൂ. സേവിംഗ്സ്/ ഡെപ്പോസിറ്റ്/ കറന്റ് അക്കൗണ്ടുകളിൽ നിന്നുള്ള ഇടപാടിന്റെ വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പങ്കിടാൻ അക്കൗണ്ട് അഗ്രിഗേറ്റർ നെറ്റ്‌വർക്ക് അനുവദിക്കുന്നു. 

ഇന്ന്, ബാങ്കിങ് നെറ്റ്‌വർക്കിൽ ഉടനീളം തത്സമയം നടക്കുന്ന ഇടപാടുകൾ പങ്കിടാവുന്നതാണ് (ഉദാഹരണത്തിന്, കറന്റ് അക്കൗണ്ട്/സേവിംഗ്സ് അക്കൗണ്ട് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ). നികുതി ഡാറ്റ, പെൻഷൻ ഡാറ്റ, ഇൻഷുറൻസ് ഡാറ്റ, ഓഹരി ഡാറ്റ (മ്യൂച്വൽ ഫണ്ടുകളും ബ്രോക്കറേജും) ഉൾപ്പെടെ എല്ലാ സാമ്പത്തിക ഡാറ്റയും ക്രമേണ എഎ സംവിധാനത്തിൽ ലഭ്യമാക്കും. ആരോഗ്യ സംരക്ഷണ ഡാറ്റയും ടെലികോം ഡാറ്റയും എഎ വഴി ലഭ്യമാകാൻ അനുവദിക്കുന്നതോടെ സാമ്പത്തിക മേഖലയ്ക്ക് അപ്പുറമുള്ള മേഖലകളിലേക്ക് ഇത് വികസിക്കും.

എഎ- കൾക്ക് വ്യക്തിഗത ഡാറ്റ കാണാനോ സമാഹരിക്കാനോ കഴിയുമോ? ഡാറ്റ പങ്കിടൽ സുരക്ഷിതമാണോ?
 
അക്കൗണ്ട് അഗ്രിഗേറ്റർമാർക്ക് ഡാറ്റ കാണാൻ കഴിയില്ല. ഒരു വ്യക്തിയുടെ നിർദ്ദേശവും സമ്മതവും അടിസ്ഥാനമാക്കി അക്കൗണ്ട് അഗ്രിഗേറ്റർമാർ ഒരു സാമ്പത്തിക സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ കൊണ്ടുപോകുന്നു. അക്കൗണ്ട് അഗ്രിഗേറ്റർ എന്ന പേരിന് വിപരീതമായി, അവർക്ക് നിങ്ങളുടെ ഡാറ്റ സമാഹരിക്കാൻ കഴിയില്ല. നിങ്ങളുടെ ഡാറ്റ സമാഹരിക്കുകയും നിങ്ങളുടെ വിശദമായ പ്രൊഫൈലുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന സാങ്കേതിക കമ്പനികളെ പോലെയല്ല എഎ-കൾ പ്രവർത്തിക്കുന്നത്.

എഎ- കൾ പങ്കിടുന്ന ഡാറ്റ അയക്കുന്നയാളാണ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നത്. സ്വീകർത്താവിന് മാത്രമേ ഡീക്രിപ്റ്റ് ചെയ്യാൻ കഴിയൂ. 'ഡിജിറ്റൽ സിഗ്നേച്ചർ' പോലുള്ള സാങ്കേതികവിദ്യകളും എൻഡ് ടു എൻഡ് എൻക്രിപ്ഷനും ഉപയോഗിക്കുന്നതിനാൽ പേപ്പർ രേഖകൾ പങ്കിടുന്നതിനേക്കാൾ ഇത് കൂടുതൽ സുരക്ഷിതമായിരിക്കും.

ഒരു ഉപഭോക്താവിന് ഡാറ്റ പങ്കിടേണ്ടെന്ന് തീരുമാനിക്കാൻ കഴിയുമോ?

കഴിയും. എഎ- ൽ രജിസ്റ്റർ ചെയ്യുന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പൂർണ്ണമായും സ്വമേധയാ ഉള്ള തീരുമാനമാണ്. ഉപഭോക്താവിന്റെ ബാങ്ക് നെറ്റ്വർക്കിൽ ചേർന്നിട്ടുണ്ടെങ്കിൽ, അക്കൗണ്ട് അഗ്രിഗേറ്ററുകൾ വഴി 'സമ്മതം' നൽകുന്ന ഘട്ടത്തിൽ, ഒരു വ്യക്തിക്ക് എഎ-ൽ രജിസ്റ്റർ ചെയ്യാനും, ഏത് അക്കൗണ്ടുകൾ ലിങ്ക് ചെയ്യണമെന്ന് തിരഞ്ഞെടുക്കാനും, അവരുടെ അക്കൗണ്ടുകളിൽ നിന്ന് ഡാറ്റ ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി ഒരു പുതിയ വായ്പ അനുവദിക്കുന്നയാൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ പങ്കിടാനും കഴിയും. ഒരു ഉപഭോക്താവിന് ഏത് സമയത്തും പങ്കിടാനുള്ള സമ്മതം റദ്ദാക്കാനും കഴിയും. ഒരു ഉപഭോക്താവ് ഒരു കാലയളവിൽ (ഉദാ. ലോൺ കാലയളവിൽ) ആവർത്തിച്ച് ഡാറ്റ പങ്കിടാൻ സമ്മതം നൽകിയിട്ടുണ്ടെങ്കിൽ പോലും, പിന്നീട് എപ്പോൾ വേണമെങ്കിലും ഉപഭോക്താവിന് തന്നെ അത് റദ്ദാക്കാവുന്നതാണ്.

ഒരു ഉപഭോക്താവ് ഒരിക്കൽ ഒരു സ്ഥാപനവുമായി തന്റെ ഡാറ്റ പങ്കിട്ടിട്ടുണ്ടെങ്കിൽ, അവർക്ക് എത്രത്തോളം അത് ഉപയോഗിക്കാൻ കഴിയും?

സ്വീകർത്താവിന്റെ സ്ഥാപനം ഡാറ്റ അക്‌സസ് ചെയ്യുന്ന കൃത്യമായ സമയപരിധി ഡാറ്റ പങ്കിടാൻ സമ്മതം നൽകുന്ന സമയത്ത് ഉപഭോക്താവിനെ അറിയിക്കും.

ഒരു ഉപഭോക്താവിന് എഎ-ൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

നിങ്ങൾക്ക് അവരുടെ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ എഎ- ൽ രജിസ്റ്റർ ചെയ്യാം. സമ്മത പ്രക്രിയയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ഹാൻഡിൽ (യൂസർ നെയിം പോലെ) എഎ നൽകും.

ഇപ്പോൾ, എഎ- ളുടെ പ്രവർത്തന ലൈസൻസുള്ള നാല് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ് (Finvu, OneMoney, CAMS Finserv, NADL). മൂന്ന് ആപ്ലിക്കേഷനുകൾക്ക് കൂടി (PhonePe, Yodlee, Perfios) RBI-ൽ നിന്ന്  തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. താമസിയാതെ ഈ ആപ്പുകൾ പ്രതീക്ഷിക്കാം.

ഒരു ഉപഭോക്താവ് എല്ലാ എഎ-കളിലും രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?

ഇല്ല, ഒരു ഉപഭോക്താവിന് നെറ്റ്‌വർക്കിലെ ഏത് ബാങ്കിൽ നിന്നും ഡാറ്റ ആക്‌സസ് ചെയ്യുന്നതിന്, ഏത് എഎ-യിലും രജിസ്റ്റർ ചെയ്യാം.

ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഒരു ഉപഭോക്താവ് എഎ-ക്ക് പണം നൽകേണ്ടതുണ്ടോ?

ഇത് എഎ-യെ ആശ്രയിച്ചിരിക്കും. ചില എഎ-കൾ സൗജന്യമായിരിക്കാം. കാരണം അവർ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് സേവന ഫീസ് ഈടാക്കുന്നവയായിരിക്കും. ചില എഎ-കൾ ഒരു ചെറിയ ഉപയോക്തൃ ഫീസ് ഈടാക്കിയേക്കാം.

 ഡാറ്റ പങ്കിടലിനുള്ള എഎ നെറ്റ്‌വർക്കിൽ ബാങ്ക് ചേർന്നിട്ടുണ്ടെങ്കിൽ ഒരു ഉപഭോക്താവിന് എന്തൊക്കെ പുതിയ സേവനങ്ങൾ ലഭ്യമാകും?

ഒരു വ്യക്തിക്ക് ലഭ്യമാകുന്ന മെച്ചപ്പെട്ട രണ്ട് പ്രധാന സേവനങ്ങൾ വായ്പയും സാമ്പത്തിക മാനേജ്മെന്റുമാണ്. നിലവിൽ ഒരു ഉപഭോക്താവിന് ഒരു ചെറിയ ബിസിനസ് വായ്പയോ വ്യക്തിഗത വായ്പയോ ലഭിക്കണമെങ്കിൽ, കടം കൊടുക്കുന്നയാളുമായി പങ്കിടേണ്ട നിരവധി രേഖകൾ ഉണ്ട്. ഇത് ബുദ്ധിമുട്ടേറിയതും മാനുവൽ ആയി ചെയ്യേണ്ടതുമായ ഒരു പ്രക്രിയയാണ്. വായ്പയെയും വായ്പ ലഭ്യമാക്കാനുള്ള സമയത്തെയും ഇത് ബാധിക്കുന്നു. അതുപോലെ, സാമ്പത്തിക മാനേജ്മന്റ് ഇന്ന് ബുദ്ധിമുട്ടേറിയ സംഗതിയാണ്. കാരണം, ഡാറ്റ പല സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ വിശകലനത്തിനായി ഒരുമിച്ച് കൊണ്ടുവരാൻ എളുപ്പത്തിൽ കഴിയില്ല.

എഎ-യിലൂടെ, ഒരു കമ്പനിക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും കൃത്യവും സുരക്ഷിതവുമായ ഡാറ്റ ആക്‌സസ് ചെയ്യാനും, വായ്പാ മൂല്യനിർണ്ണയ പ്രക്രിയ വേഗത്തിൽ ആക്കാനും കഴിയും. അങ്ങനെ ഒരു ഉപഭോക്താവിന് എളുപ്പത്തിൽ വായ്പ ലഭിക്കും. കൂടാതെ, ജിഎസ്ടി അല്ലെങ്കിൽ ജിഇഎം പോലെയുള്ള ഒരു സർക്കാർ സംവിധാനത്തിൽലെ ഭാവി ക്രയവിക്രയപത്രം അല്ലെങ്കിൽ പണമൊഴുക്കിനെക്കുറിച്ചുള്ള വിവരങ്ങൾ വഴി ലഭ്യമാകുന്ന ഒരു ഉപഭോക്താവിന്റെ വിശ്വാസ്യത ഉള്ള വിവരങ്ങൾ പങ്കിടുന്നതിലൂടെ, ഭൗതിക ജാമ്യമില്ലാതെ വായ്പ ലഭ്യമാക്കാനുമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്