'ഇന്ത്യയുടെ ജിഡിപി 4.19 ട്രില്യൺ ഡോളർ, ഇങ്ങനെയായിട്ട് എന്ത് കാര്യം'? സോഷ്യൽ മീഡിയയിലെ വൈറൽ ച‌ർച്ച, ആരാണ് സബീ‌‌ർ ഭാട്ടിയ?

Published : Nov 27, 2025, 03:54 PM IST
Sabeer Bhatia

Synopsis

ഹോട്ട്മെയിൽ സഹസ്ഥാപകനായ സബീർ ഭാട്ടിയ തന്റെ എക്സ് പേജിലൂടെ ഉന്നയിച്ച ചില ചോദ്യങ്ങളും പോയിന്റുകളും ഇന്ന് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയാവുകയാണ്. ആരാണ് സബീർ ഭാട്ടിയയെന്നും അദ്ദേഹത്തിന്റെ സംഭാവനെക്കുറിച്ചും അറിയാം. 

4.19 ട്രില്യൺ ഡോളർ ജിഡിപിയോടെ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്ന പുതിയ പദവി ഇന്ത്യ അഭിമാനത്തോടെ ആഘോഷിക്കുന്ന വേളയിലാണ് സബീർ ഭാട്ടിയ എന്ന പേരും ഇവിടെ ചർച്ച ചെയ്യുന്നത്. ഹോട്ട്മെയിൽ സഹസ്ഥാപകനായ സബീർ ഭാട്ടിയ തന്റെ എക്സ് പേജിലൂടെ ഉന്നയിച്ച ചില ചോദ്യങ്ങളും പോയിന്റുകളും ഇന്ന് വലിയ ചർച്ചയായിരിക്കുകയാണ്. "ശ്വസിക്കാൻ പറ്റാത്ത വായു, കുടിക്കാൻ പറ്റാത്ത വെള്ളം, മായം കലർന്ന ഭക്ഷണം.. ഇങ്ങനെയൊക്കെയായിട്ടും ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നതിൽ അർത്ഥമെന്താണ്?" എന്നതാണ് സബീർ ഭാട്ടിയ തൊടുത്തു വിട്ട ആ സുപ്രധാനമായ ചോദ്യം. ഇതിനു മുൻപ് കഴിഞ്ഞ ജൂലൈയിൽ, ഭാട്ടിയ കേരളത്തെ പ്രശംസിച്ച് ഇട്ട ഒരു പോസ്റ്റും വലിയ ചർച്ചയായിരുന്നു. കേരളം നൂറ് ശതമാനം സാക്ഷരതയുള്ള, സ്ത്രീകള്‍ ജോലിക്ക് പോകുന്ന, ഭൂരിപക്ഷവും ഹിന്ദുക്കളും വര്‍ഗീയ കലാപം തീരെയില്ലാത്ത നാടാണെന്നും എന്തുകൊണ്ട് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേരളത്തെപ്പോലെ ആയിക്കൂടായെന്നുമായിരുന്നു പോസ്റ്റ്. ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരയുന്ന മറ്റൊരു ചോദ്യം ആരാണ് സബീർ ഭാട്ടിയ എന്നതാണ്.

 

 

 

 

ആരാണ് സബീർ ഭാട്ടിയ ?

1968 ഡിസംബർ 30 ന് ചണ്ഡിഗഡിൽ ആണ് ഇദ്ദേഹം ജനിക്കുന്നത്. ബെംഗളൂരുവിലെ ഒരു സിന്ധി കുടുംബത്തിലാണ് തന്റെ തന്റെ പകുതി കാലവും കഴിച്ചു കൂട്ടിയത്. പിന്നീട് പിലാനിയിലെ ബിറ്റ്സിൽ പഠനം പൂർത്തിയാക്കി. അവിടെ നിന്നും പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലൊന്നായ കാൽടെക്കിലേക്ക് മാറി. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഇന്ത്യൻ ക്ലാസ് മുറികളിൽ നിന്ന് സിലിക്കൺ വാലിയിലേക്കുള്ള തന്റെ യാത്രയെ രൂപപ്പെടുത്തിയത് ബഹുസ്വരതയുൾപ്പെടെയുള്ള ഇന്ത്യൻ മൂല്യങ്ങളാണെന്ന് അദ്ദേഹം പല അവസരങ്ങളിലും പറഞ്ഞിരുന്നു. സബീ‌‌ർ ഭാട്ടിയയുടെ ഇത്രമേൽ പ്രാധാന്യം വരാൻ കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ സ്ഥാനം മാത്രമല്ല. അതിലപ്പുറം, ഇന്ത്യ ജിഡിപിയിൽ ഇത്രയും വള‌‌ർച്ചയെത്തുന്നതിന് മുമ്പുതന്നെ ആഗോള സാങ്കേതികവിദ്യയെ രാജ്യത്തേക്കെത്തിട്ട തലമുറയെ അദ്ദേഹം പ്രതിനിധീകരിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്.

ഇന്റർനെറ്റിനെ മാറ്റിമറിച്ച ഹോട്ട്മെയിൽ വിപ്ലവം

സ്മാർട്ട്‌ഫോണുകളും സോഷ്യൽ മീഡിയയും നിലവിൽ വരുന്നതിന് വളരെ മുമ്പുതന്നെ 1996 ൽ സബീ‌ർ ഭാട്ടിയയും പങ്കാളിയായ ജാക്ക് സ്മിത്തും ലോകത്തിലെ ആദ്യത്തെ വെബ് അധിഷ്ഠിത ഇമെയിൽ സേവനമായ ഹോട്ട്മെയിൽ ആരംഭിച്ചു. ആദ്യമായി, ഇന്റർനെറ്റ് ആക്‌സസ് ഉള്ള ഏത് കമ്പ്യൂട്ടറിൽ നിന്നും ആളുകൾക്ക് ഇമെയിൽ ചെക്ക് ചെയ്യാൻ സാധിച്ചത് ഇങ്ങനെയായിരുന്നു. ഇത് ഡിജിറ്റൽ ആശയവിനിമയത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച പ്രധാന വഴിത്തിരിവുകളിൽ ഒന്നായിരുന്നു. ഒരു വർഷത്തിനുശേഷം 1997 ൽ, മൈക്രോസോഫ്റ്റ് 400 മില്യൺ യുഎസ് ഡോളറിന് ഹോട്ട്മെയിലിനെ ഏറ്റെടുത്തു. ആ കാലഘട്ടത്തിൽ ലോകം തന്നെ ഉറ്റു നോക്കിയ ഒരു പ്രധാനപ്പെട്ട സംഭവമായി അത് മാറി. ഹോട്ട് മെയിലിന് ശേഷവും അദ്ദേഹം സംരംഭങ്ങൾ തുടങ്ങി വച്ചുവെങ്കിലും ഹോട്ട്മെയിലാണ് അദ്ദേഹത്തിന്റെ മുഖമുദ്രയായി ഇപ്പോഴും കാലം ഓ‌ർക്കുന്നത്. ജാക്സ്ട്രെസ്എംഎസ്, ആർസൂ ഇൻകോർപ്പറേറ്റഡ്, ഷോറീൽ എന്നിവ അദ്ദേഹത്തിന്റെ മറ്റ് സംരംഭങ്ങളാണ്. ഇവയൊന്നും പ്രതീക്ഷിച്ച വിജയം നൽകിയില്ലെങ്കിലും സാങ്കേതികവിദ്യ, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ സബീർ ഭാട്ടിയ ഇപ്പോഴും വേരുറച്ച ഒരാളായിത്തന്നെ നിലനിൽക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!