
രാജ്യത്ത് വെജിറ്റേറിയൻ താലി മീൽസ് തയ്യാറാക്കുന്നതിനുള്ള ചെലവ് നോൺ- വെജിറ്റേറിയൻ താലി മീൽസിനേക്കാൾ വേഗത്തിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സവാള, അരി, പാചക എണ്ണ, എൽ.പി.ജി ഗ്യാസ് എന്നിവയുടെ വിലവർദ്ധനവാണ് പച്ചക്കറി ഊണിന്റെ വില കുത്തനെ കൂട്ടിയത്. കഴിഞ്ഞ സെപ്റ്റംബറിൽ വെജിറ്റേറിയൻ താലിയുടെ വിലയെ അപേക്ഷിച്ച് ഈ വർഷം സെപ്റ്റംബറിൽ 10 ശതമാനം വർദ്ധനവുണ്ടായെന്നാണ് ക്രിസിൽ ഇന്റലിജൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. എന്നാൽ, നോൺ-വെജിറ്റേറിയൻ താലി മീൽസിന്റെ ചെലവിൽ 6 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വീടുകളിൽ ഒരു വെജിറ്റേറിയൻ ഊണ് തയ്യാറാക്കാനുള്ള ശരാശരി ചെലവ് മുൻവർഷത്തെ 28.10 രൂപയിൽ നിന്ന് സെപ്റ്റംബറിൽ 30.80 രൂപയായി ഉയർന്നു. അതേസമയം നോൺ- വെജിറ്റേറിയൻ ഊണിന്റെ ചെലവ് 56 രൂപയിൽ നിന്ന് 59.50 രൂപയായാണ് ഉയർന്നത്. ആകെ തുക കണക്കാക്കുമ്പോൾ നോൺ- വെജിറ്റേറിയൻ ഊണിന് കൂടുതൽ ചെലവുണ്ടെങ്കിലും വിലവർദ്ധനവ് നിരക്കിൽ നോക്കുമ്പോൾ വെജ് താലി മീൽസ് ആണ് മുന്നിൽ.
ഉപയോഗിക്കുന്ന ചേരുവകളുടെ വിലയിലുണ്ടായ വ്യത്യാസമാണ് ഈ മാറ്റത്തിന് കാരണം. സെപ്റ്റംബറിൽ സവാളയുടെ വില മുൻവർഷത്തേക്കാൾ 89 ശതമാനം വർദ്ധിച്ച് കിലോയ്ക്ക് 53 രൂപയിലെത്തി. കൂടാതെ അരിവില 8 ശതമാനവും പാചക എണ്ണയ്ക്ക് 12 ശതമാനവും എൽ.പി.ജി സിലിണ്ടറിന് 10 ശതമാനവും വില വർദ്ധിച്ചു. വിളവെടുപ്പ് കാലത്ത് വിലയിലുണ്ടായ മാറ്റമാണ് ഇതിന് കാരണം. റബി വിളവെടുപ്പിൽ സവാള ഉൽപ്പാദനം കുറഞ്ഞതും മഴ ലഭ്യതയിലുണ്ടായ കുറവുമൂലം ഖരീഫിൽ സവാള നടീൽ വൈകിയതുമാണ് സവാള വില കുതിച്ചുയരാൻ കാരണമായത്. ഒക്ടോബർ അവസാനത്തോടെ പുതിയ സവാള വിപണിയിലെത്തുന്നതോടെ വിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം, നോൺ- വെജിറ്റേറിയൻ താലി മീൽസിലെ പ്രധാന ചേരുവയായ ചിക്കൻ (ബ്രോയിലർ) വിലയിലുണ്ടായ നിസാരമായ വർദ്ധനവ് മാത്രമാണ് നിലവിലെ തിരിച്ചടി. നോൺ-വെജിറ്റേറിയൻ താലിയുടെ പകുതി ചെലവും ചിക്കൻ വിലയെ ആശ്രയിച്ചാണെങ്കിലും, മുൻവർഷത്തെ അപേക്ഷിച്ച് ബ്രോയിലർ വിലയിൽ 2 ശതമാനത്തിന്റെ മാത്രം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അരി, പാചക എണ്ണ, ഗ്യാസ് എന്നിവയുടെ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. വരും ദിവസങ്ങളിൽ പച്ചക്കറി വിപണിയിലെ മാറ്റങ്ങളെ ആശ്രയിച്ചായിരിക്കും ഭക്ഷണ വിലകളും ഇനി മാറുക.