2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്

Published : Dec 28, 2025, 11:25 AM IST
Finance Horoscope 2025

Synopsis

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഇപ്പോള്‍ ചെയ്യുന്ന നിക്ഷേപം മതിയോ എന്ന് ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.

വര്‍ഷാവസാനം ആഘോഷങ്ങളുടെയും അവധിക്കാലയാത്രകളുടെയും തിരക്കിലാണോ നിങ്ങള്‍? എന്നാല്‍ ആ തിരക്കുകള്‍ക്കിടയിലും മാറ്റിവെക്കാന്‍ പാടില്ലാത്ത ഒന്നുകൂടിയുണ്ട്‌നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍. ജീവിത സാഹചര്യങ്ങളും വിപണിയും നിയമങ്ങളും മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ കൈയ്യിലുള്ള പണം എങ്ങോട്ട് പോകുന്നു എന്ന് തിരിച്ചറിയാന്‍ കഴിയില്ല. 2026-ലേക്ക് ചുവടുവെക്കുമ്പോള്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട 6 പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.

1. വരവും ചിലവും: കണ്ണാടി പോലെ വ്യക്തമാകണം

കഴിഞ്ഞ ഒരു വര്‍ഷം എത്ര രൂപ വരുമാനം കിട്ടി? ശമ്പളം, ബോണസ്, വാടക, ബിസിനസ് ലാഭം എന്നിവയെല്ലാം കണക്കിലെടുക്കുക. വരുമാനം കൂടിയപ്പോള്‍ അതിനനുസരിച്ച് സമ്പാദ്യവും കൂട്ടാന്‍ കഴിഞ്ഞോ, അതോ ആഡംബരങ്ങള്‍ക്കായി പണം ചിലവഴിച്ചോ എന്ന് സ്വയം വിലയിരുത്തുക. പണം എവിടെയാണ് അനാവശ്യമായി ചിലവാകുന്നത് എന്ന് കണ്ടെത്താന്‍ ഒരു ഡയറിയോ മൊബൈല്‍ ആപ്പോ ഉപയോഗിക്കാം. മൊത്തം ആസ്തിയും ബാധ്യതയും തമ്മിലുള്ള വ്യത്യാസം വര്‍ഷാവര്‍ഷം കണക്കാക്കുന്നത് സാമ്പത്തിക വളര്‍ച്ച അറിയാന്‍ സഹായിക്കും.

2. കടങ്ങള്‍ ബാധ്യതയാകാതിരിക്കാന്‍

പലിശ കൂടുതല്‍ നല്‍കേണ്ടി വരുന്ന വ്യക്തിഗത വായ്പകള്‍ , ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക എന്നിവ എത്രയും വേഗം തീര്‍ക്കാന്‍ ശ്രമിക്കുക. അധികമായി കയ്യില്‍ വരുന്ന തുക ഉപയോഗിച്ച് ഇത്തരം വലിയ പലിശയുള്ള കടങ്ങള്‍ അടച്ചു തീര്‍ക്കുന്നത് പുതിയ വര്‍ഷം കടബാധ്യതകളില്ലാതെ തുടങ്ങാന്‍ സഹായിക്കും. സിബില്‍ സ്‌കോര്‍ പരിശോധിക്കാനും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനും ഈ സമയം ഉപയോഗപ്പെടുത്താം.

3. നിക്ഷേപങ്ങള്‍ പുനഃപരിശോധിക്കാം

നിക്ഷേപിച്ചു എന്ന് കരുതി കൈ കെട്ടിയിരിക്കരുത്. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നിക്ഷേപങ്ങളിലും മാറ്റം വരുത്തണം. ഓഹരികള്‍, സ്വര്‍ണം, സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയിലെല്ലാം ശരിയായ അനുപാതത്തിലാണോ പണം നിക്ഷേപിച്ചിരിക്കുന്നത് എന്ന് നോക്കുക. ഒരു മേഖലയില്‍ മാത്രം പണം നിക്ഷേപിക്കാതെ വൈവിധ്യവല്‍ക്കരിക്കുക .

4. റിട്ടയര്‍മെന്റ് സമ്പാദ്യം

വാര്‍ധക്യകാലത്ത്് സമാധാനപരമായിരിക്കാന്‍ ഇപ്പോഴേ നിക്ഷേപിച്ചു തുടങ്ങണം. പി.എഫ് , എന്‍.പി.എസ് തുടങ്ങിയ പദ്ധതികളില്‍ പരമാവധി തുക നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക. നിയമപരമായ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും ആദായനികുതി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പ്ലാനുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുക.

5. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക

കുടുംബത്തില്‍ പുതിയ അംഗങ്ങള്‍ വരികയോ, വീട് വാങ്ങുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാനും നോമിനി വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കാനും മറക്കരുത്. വിവാഹമോചനമോ മറ്റ് കുടുംബ മാറ്റങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ നോമിനിയുടെ പേര് മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

6. ലക്ഷ്യങ്ങള്‍ ഉറപ്പിക്കാം

വെറുതെ പണം ലാഭിക്കണം എന്ന് പറയുന്നതിന് പകരം, കൃത്യമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക. ഉദാഹരണത്തിന്, 'അടുത്ത ഡിസംബറില്‍ ഒരു വിദേശയാത്ര നടത്താന്‍ പ്രതിമാസം 10,000 രൂപ മാറ്റിവെക്കും' എന്നിങ്ങനെ കൃത്യമായ പ്ലാന്‍ ഉണ്ടാക്കുക. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഇപ്പോള്‍ ചെയ്യുന്ന നിക്ഷേപം മതിയോ എന്ന് ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

തളരാത്ത പെണ്‍കരുത്തിന് സ്വര്‍ണ്ണത്തിളക്കം; ചെറുകിട നഗരങ്ങളില്‍ വനിതാ സംരംഭകര്‍ക്ക് തുണയായി ഗോള്‍ഡ് ലോണുകള്‍
ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!