നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇവര്‍ നിരീക്ഷിക്കുന്നുണ്ടാകാം; ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിക്കുമ്പോള്‍ വേണം അതീവ ജാഗ്രത!

Published : Jan 29, 2026, 07:42 PM IST
Bank Account

Synopsis

ഈ ഡിജിറ്റല്‍ ചാരന്മാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവയെ എങ്ങനെ പ്രതിരോധിക്കാമെന്നും വിശദമായി പരിശോധിക്കാം.

 

ഇന്റര്‍നെറ്റ് ഉപയോഗം എളുപ്പമാക്കാന്‍ ബ്രൗസറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന 'എക്സ്റ്റന്‍ഷനുകള്‍' പണവും സ്വകാര്യ വിവരങ്ങളും ചോര്‍ത്തുന്ന ചാരന്മാരായേക്കാം. പരസ്യങ്ങള്‍ ഒഴിവാക്കാനും ഗ്രാമര്‍ പരിശോധിക്കാനും മറ്റ് ചെറിയ ജോലികള്‍ക്കുമായി ഉപയോഗിക്കുന്ന ഈ ടൂളുകള്‍ക്ക് നിങ്ങളുടെ ഇമെയിലുകള്‍ വായിക്കാനും, ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കാനും, ടൈപ്പ് ചെയ്യുന്ന പാസ്വേഡുകള്‍ വരെ ചോര്‍ത്താനും സാധിക്കുമെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ ഡിജിറ്റല്‍ ചാരന്മാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവയെ എങ്ങനെ പ്രതിരോധിക്കാമെന്നും വിശദമായി പരിശോധിക്കാം.

എന്താണ് ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍? ഗൂഗിള്‍ ക്രോം , മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയ ബ്രൗസറുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന ചെറിയ സോഫ്റ്റ്വെയറുകളാണിവ. ഉദാഹരണത്തിന്, സ്‌പെല്ലിംഗ് ചെക്ക് ചെയ്യുന്ന 'ഗ്രാമര്‍ലി', പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന 'ആഡ് ബ്ലോക്കറുകള്‍' തുടങ്ങിയവ. ഇവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ബ്രൗസറിന്റെ മുകളില്‍ വലതുവശത്തായി ചെറിയ ഐക്കണുകളായി കാണാം.

സൗകര്യം തരും, പണവും കൊണ്ടുപോകും!

നമ്മുടെ ജോലികള്‍ എളുപ്പമാക്കുമെങ്കിലും ചില എക്സ്റ്റന്‍ഷനുകള്‍ അപകടകാരികളാണ്.

കീസ്‌ട്രോക്ക് ക്യാപ്ചറിംഗ്: കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരവും (പാസ്വേഡ് അടക്കം) രഹസ്യമായി മനസ്സിലാക്കാന്‍ ഇവയ്ക്ക് സാധിക്കും.

ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തല്‍: ബാങ്കിംഗ് വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ആ വിവരങ്ങള്‍ മാറ്റം വരുത്താനോ മറ്റൊരു സെര്‍വറിലേക്ക് അയക്കാനോ സാധിക്കും.

ഇമെയില്‍ : സ്വകാര്യ ഇമെയിലുകള്‍ വായിക്കാനുള്ള അനുമതി പലപ്പോഴും നമ്മള്‍ അറിയാതെ തന്നെ ഇത്തരം ടൂളുകള്‍ക്ക് നല്‍കാറുണ്ട്.

ആദ്യം സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ഒരു എക്സ്റ്റന്‍ഷന്‍ പിന്നീട് അപ്‌ഡേറ്റുകളിലൂടെയോ അല്ലെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം മറ്റൊരു കമ്പനി വാങ്ങുന്നതിലൂടെയോ അപകടകാരിയായി മാറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അപകടസൂചനകള്‍ തിരിച്ചറിയാം

ഒരു എക്സ്റ്റന്‍ഷന്‍ സുരക്ഷിതമല്ലെന്ന് തോന്നിപ്പിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:

അനാവശ്യ അനുമതികള്‍: ഒരു ഫോട്ടോ എഡിറ്റിംഗ് എക്സ്റ്റന്‍ഷന്‍ ഇമെയില്‍ വായിക്കാനുള്ള അനുമതി ചോദിക്കുന്നത് സംശയകരമാണ്.

പെട്ടെന്നുള്ള മാറ്റങ്ങള്‍: ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ വേഗത കുറയുകയോ, അനാവശ്യ പരസ്യങ്ങള്‍ വരികയോ ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.

തിരിച്ചറിയാത്ത ഡെവലപ്പര്‍മാര്‍: ആരാണ് ഈ ടൂള്‍ നിര്‍മ്മിച്ചതെന്ന് വ്യക്തമല്ലെങ്കില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്.

വ്യാജ റിവ്യൂകള്‍: ഒരേപോലെയുള്ള പുകഴ്ത്തലുകള്‍ മാത്രമുള്ള റിവ്യൂകള്‍ വിശ്വസിക്കരുത്.

എങ്ങനെ സുരക്ഷിതരാകാം?

ഗൂഗിള്‍ ക്രോം വെബ് സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ഇടങ്ങളില്‍ നിന്ന് മാത്രം എക്സ്റ്റന്‍ഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അത് എന്തൊക്കെ വിവരങ്ങളാണ് ചോദിക്കുന്നതെന്ന് ശ്രദ്ധിക്കുക.

നിലവില്‍ ഉപയോഗിക്കാത്ത എല്ലാ എക്സ്റ്റന്‍ഷനുകളും ബ്രൗസറില്‍ നിന്ന് നീക്കം ചെയ്യുക.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള കമ്പ്യൂട്ടറുകളില്‍ വ്യക്തിപരമായ എക്സ്റ്റന്‍ഷനുകള്‍ ഒഴിവാക്കുക.

ചതിക്കപ്പെട്ടെന്ന് തോന്നിയാല്‍ എന്തുചെയ്യണം?

നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നോ ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ മാറ്റങ്ങള്‍ കണ്ടുവെന്നോ തോന്നിയാല്‍ ഉടന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക:

സംശയമുള്ള എക്സ്റ്റന്‍ഷന്‍ ഉടന്‍ ബ്രൗസറില്‍ നിന്ന് ഡിലീറ്റ് ചെയ്യുക.

ഇമെയില്‍, ബാങ്ക് അക്കൗണ്ട്, സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ പാസ്വേഡുകള്‍ ഉടന്‍ മാറ്റുക.

എല്ലാ ഉപകരണങ്ങളില്‍ നിന്നും നിങ്ങളുടെ അക്കൗണ്ടുകള്‍ 'ലോഗ് ഔട്ട്' ചെയ്യുക.

ഒരു നല്ല ആന്റിവൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ മുഴുവനായി പരിശോധിക്കുക.

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.

PREV
Read more Articles on
click me!

Recommended Stories

കമ്പനി 'സൂപ്പര്‍', പക്ഷേ ശമ്പളം 'മോശം'; പ്രതിസന്ധിയിലായ ജീവനക്കാരൻ്റെ റെഡ്ഡിറ്റ് പോസ്റ്റ് വൈറൽ
സ്വര്‍ണവും വെള്ളിയും വില്‍ക്കുമ്പോള്‍ 'നികുതി' പണി തരും; ലാഭം കീശയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം