വിമാനയാത്രയില്‍ മുലകുടിക്കുന്നതിനിടെ ശ്വാസം മുട്ടി കുഞ്ഞ് മരിച്ചു

By Web TeamFirst Published Sep 27, 2018, 4:58 PM IST
Highlights

കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ ഇവിടെ വച്ച് വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. പാഞ്ഞെത്തിയ ഡോക്ടര്‍മാര്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും അപ്പോഴേക്കും കുഞ്ഞിന് മിടിപ്പ് നഷ്ടപ്പെട്ടിരുന്നു
 

ഹൈദരാബാദ്: വിമാനയാത്രയില്‍ മുല കുടിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. തെലങ്കാന സ്വദേശികളായ അനില്‍ വര്‍മ്മ അല്ലൂരി- ലീല വര്‍മ്മ എന്നിവരുടെ, 11 മാസം പ്രായമായ കുഞ്ഞാണ് വിമാനത്തിനകത്ത് വച്ച് മരിച്ചത്. 

ദോഹ-ഹൈദരാബാദ് ഖത്തര്‍ എയര്‍വേയ്‌സിലാണ് ദാരുണമായ സംഭവം നടന്നത്. യു.എസ്സില്‍ നിന്ന് വരികയായിരുന്ന വിമാനം പുലര്‍ച്ചെ 2.05ഓടെയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ ഇവിടെ വച്ച് വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 

പാഞ്ഞെത്തിയ ഡോക്ടര്‍മാര്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും അപ്പോഴേക്കും കുഞ്ഞിന് മിടിപ്പ് നഷ്ടപ്പെട്ടിരുന്നു. അപ്പോളോ ആശുപത്രിയിലെത്തിച്ച ശേഷം 2.30ഓടെ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. വിമാനത്തില്‍ വച്ച് മുലകുടിക്കവേ ശ്വാസംമുട്ടുണ്ടായതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

ന്യൂയോര്‍ക്കില്‍ നിന്ന് വരികയായിരുന്ന ദമ്പതികളും കുഞ്ഞും. മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം ഇവര്‍ക്ക് വിട്ടുനല്‍കി. ഇക്കഴിഞ്ഞ ജൂലൈയില്‍ ഹൈദരാബാദില്‍ വച്ച് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ സമാനമായ രീതിയില്‍ ഒരു കുട്ടി മരിച്ചിരുന്നു.
 

click me!