നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസറ്റുമോര്‍ട്ടം ഇന്ന്

By Web DeskFirst Published Nov 26, 2016, 1:16 AM IST
Highlights

കോഴിക്കോട്: നിലമ്പൂർ വനത്തില്‍ വച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. തുടര്‍ന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. രാത്രി ഒന്‍പത് മണിയോടെയാണ് കനത്ത പൊലീസ് സുരക്ഷയില്‍ രണ്ട് മാവോയിസ്റ്റുകളുടേയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചത്.

കൊല്ലപ്പെട്ട കുപ്പുസ്വാമി എന്ന ദേവരാജന്‍ കാവേരി എന്ന അജിത എന്നിവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലെത്തിച്ചപ്പോള്‍ ഗ്രോ വാസുവിന്റെ നേതൃത്ത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാമെന്ന് പൊലീസ് അറിയിച്ചതായി ഗ്രോ വാസു പറഞ്ഞു.

ദേവരാജന്റെയും അജിതയുടേയും ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.ചെന്നൈയിലെ ചില മനുഷ്യവകാശ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലെത്തിയാല്‍ പോസ്റ്റ്മോര്‍ട്ട നടപടികള്‍ തുടങ്ങും. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് സമീപം കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.രാവിലെ എട്ടുമണിയോടെ തന്നെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

click me!