
സുമാത്ര: സുനാമിയും ഭൂകമ്പവും രണ്ടായിരത്തോളം പേരുടെ ജീവന്‍ കവര്‍ന്ന ഇന്തൊനേഷ്യയില്‍ വീണ്ടും പ്രകൃതിയുടെ കലി. നാല് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍ മരിച്ചു. എന്നാല്‍ മരണനിരക്കോ കാണാതായവരുടെ കണക്കോ കൃത്യമായി, അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സുമാത്ര ദ്വീപിലെ വിവിധയിടങ്ങളിലാണ് കാര്യമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കന്‍ സുമാത്രയില്‍ 17 പേരും പടിഞ്ഞാറന്‍ സുമാത്രയില്‍ അഞ്ച് പേരും മരിച്ചുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കൂടുതല്‍ പേര്‍ മരിച്ചതായും കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
വടക്കന്‍ സുമാത്രയിലെ മൗറ സലാദിയിലെ ഒരു ഇസ്ലാമിക് ബോര്‍ഡിംഗ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച 11 പേര്‍. ഇവര്‍ ശക്തമായ മഴയിലും വെള്ളക്കെട്ടിലും സ്കൂള്‍ കെട്ടിടത്തില്‍ കുടുങ്ങുകയായിരുന്നു. പലയിടങ്ങളിലും ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് ഇന്തൊനേഷ്യയില്‍ ആയിരങ്ങള്‍ മരിച്ചത്. ഏതാണ്ട് 1,800ഓളം മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായവരുടെ എണ്ണം ഇതുവരെയും കണക്കാക്കപ്പെട്ടിട്ടില്ല. അയ്യായിരത്തോളം പേരെ കാണാതായതായാണ് അനൗദ്യോഗിക കണക്ക്. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ വന്ന സുനാമി പാലു, സുലവേസി എന്നിവിടങ്ങളെയാണ് പൂര്‍ണ്ണമായും തകര്‍ത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam