
ദില്ലി: ടുജി സ്പെക്ട്രം വിധിക്കായി രാഷ്ട്രീയ ഇന്ത്യയും കാത്തിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയം മാറ്റിയെഴുതുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഈ അഴിമതി തെളിഞ്ഞാൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് വൻ തിരിച്ചടിയാകും. രാജ്യത്തെ പിടിച്ചു കുലുക്കിയ അഴിമതി കേസില്‍ പട്യാല കോടതി അല്‍പസമയത്തിനകം വിധി പറയും.
കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മർദ്ദം എന്നാണ് 2011-ൽ പ്രധാനമന്ത്രി മൻമോഹൻസിംഗ് ടുജി സ്പെക്ട്രം അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയം ഈ അഴിമതി പുറത്തുവന്നതോടെ മാറി. 2009-ൽ വീണ്ടും അധികാരത്തിലെത്തിയ മൻമോഹൻസിംഗ് സർക്കാർ രണ്ടുവർഷത്തിനുള്ളിൽ വൻജനരോഷം നേരിട്ടു. പാർലമെന്റ് തുടർച്ചയായി തടസ്സപ്പെട്ടു.
സംയുക്തപാർലമെന്ററി സമിതി രൂപീകരിച്ചുള്ള നാടകങ്ങൾ രാജ്യം കണ്ടു. ബിജെപിക്ക് പ്രത്യേകിച്ച് നരേന്ദ്ര മോദിക്ക് 2014-ൽ അധികാരത്തിലെത്താനുള്ള ഊർജ്ജമാണ് സ്പെക്ട്രം അഴിമതി പകർന്നത്. യുവജനത കോൺഗ്രസിനെതിരെ തിരിഞ്ഞു. അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും നയിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് വൻ ജനപിന്തുണ കിട്ടി. ആം ആദ്മി പാർട്ടിയുടെ പിറവിക്കും ഈ പ്രക്ഷോഭം വഴിവച്ചു. ഡിഎംകെ നേതാക്കളാണ് പ്രതികളെങ്കിലും ഇന്നും കോൺഗ്രസിനെതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമാണ് ഈ അഴിമതികേസ്. കോടതിയുടെ ഏതു തീരുമാനവും അടുത്ത തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാർട്ടികളുടെ തന്ത്രം നിശ്ചയിക്കുന്നതിലും പ്രധാനമാകും.