
അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർ കെ നഗറിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രണ്ടേകാൽ ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. പുരുഷൻമാരേക്കാൾ സ്ത്രീവോട്ടർമാരുള്ള മണ്ഡലത്തിൽ 99 ഭിന്നലിംഗക്കാരും വോട്ട് രേഖപ്പെടുത്തും. അണ്ണാ ഡിഎംകെയിൽ നിന്ന് രണ്ടിലച്ചിഹ്നത്തിൽ പ്രസിഡിയം ചെയർമാൻ ഇ മധുസൂദനൻ മത്സരിയ്ക്കുന്പോൾ എതിരാളി ശശികലയുടെ സഹോദരീപുത്രൻ ടിടിവി ദിനകരനാണ്. രണ്ടിലച്ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തിൽ പ്രഷർ കുക്കർ ചിഹ്നത്തിലാണ് ദിനകരൻ മത്സരിയ്ക്കുന്നത്. പ്രവർത്തനാദ്ധ്യക്ഷൻ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ ജനവിധി തേടുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആർ കെ നഗർ സ്വദേശിയും മുൻ കൗൺസിലറുമായിരുന്ന മരുതുഗണേഷാണ് സ്ഥാനാർഥി. ബിജെപിയ്ക്ക് വേണ്ടി കരു നാഗരാജനാണ് മത്സരിയ്ക്കുന്നത്. നടൻ വിശാലിന്‍റെ പത്രിക തള്ളിയതു മുതൽ ഇന്നലെ പുറത്തുവന്ന ജയലളിതയുടെ ആശുപത്രിവീഡിയോ വരെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു ആർ കെ നഗർ ഉപതെരഞ്ഞെടുപ്പ്. വോട്ടിന് കോഴ വിവാദം ശക്തമായിരുന്ന തെരഞ്ഞെടുപ്പിൽ കനത്ത സുരക്ഷാസംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിയ്ക്കുന്നത്. അഞ്ഞൂറോളം സിആർപിഎഫ് ഉദ്യോഗസ്ഥരുൾപ്പടെ രണ്ടായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ മണ്ഡലത്തിലുണ്ടാകും. ഒൻപത് ഐഎഎസ് ഉദ്യോഗസ്ഥരാണ് നിരീക്ഷകരായി മണ്ഡലത്തിലുള്ളത്. ഞായറാഴ്ചയാണ് വോട്ടെണ്ണൽ.