
ദില്ലി ജോലിസമ്മർദ്ദത്തില്‍ ബിഎൽഒമാരുടെ ആത്മഹത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. ഇതുവരെ 30 ബിഎൽഒമാർ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നും, അനുശോചിച്ച് കമ്മീഷൻ ഒരുവരി പോലും പറഞ്ഞില്ലെന്നും കോൺഗ്രസ് വിമർശിച്ചു. ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ഇന്നലെ യുപിയിൽ ആത്മഹത്യ ചെയ്ത ബിഎൽഒ പൊട്ടികരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ പുറത്തുവന്നു.
ഉത്തർ പ്രദേശിലെ മൊറാദാബാദിൽ ഇന്നലെ വീടിനകത്ത് തൂങ്ങിമരിച്ച ബിഎൽഒ സർവേഷ് സിംഗ് ആത്മഹത്യക്ക് തൊട്ടുമുൻപ് മൊബൈലിൽ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. രാവും പകലും പണിയെടുത്തിട്ടും സമയപരിധിക്കകം എസ്ഐആർ ജോലി പൂർത്തിയാക്കാനായില്ലെന്നും, അമ്മ ക്ഷമിക്കണമെന്നുമാണ് സർവേഷ് സിംഗ് പൊട്ടികരഞ്ഞുകൊണ്ട് പറയുന്നത്. സർവേഷിന്റെ ആത്മഹത്യ കുറിപ്പിലും ജോലിഭാരത്തെ കുറിച്ച് പറയുന്നുണ്ട്. വേണ്ടത്ര പരിശീലനം പോലും നൽകാതെ ഉദ്യോഗസ്ഥരെ എസ്ഐആർ ജോലി ഏൽപ്പിക്കുന്നതിനെ സർവേഷിന്റെ കുടുംബവും ചോദ്യം ചെയ്യുന്നു.
ഈ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം കടുപ്പിക്കുന്നത്. ബിജെപിയുടെ ആജ്ഞാനുവർത്തികളായ കമ്മീഷൻ എല്ലാ സമ്മർദവും ബിഎൽഒമാർക്കുമേൽ പ്രയോഗിക്കുകയാണെന്ന് ദേശീയ വക്താവ് ഷമ മുഹമ്മദ് പറഞ്ഞു. ഇത്രയധികം ബിഎൽഒമാർ ആത്മഹത്യ ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുന്നതിനെ ആംആദ്മി പാർട്ടി വിമർശിച്ചു. തെരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപിയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും വെറുപ്പുളവാക്കുന്ന രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്നും, മരിച്ച ബിഎൽഒമാരുടെ കുടുംബത്തിന് ഒരുകോടി രൂപയും ജോലിയും നൽകണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. വിഷയം പാർലമെന്റില് നിരന്തരം ഉന്നയിക്കുമെന്ന് തൃണമൂല് കോൺഗ്രസും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam