
ദില്ലി: കടയ്ക്കാവൂര്‍ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് സുപ്രീം കോടതി ഉപാധികളോടെ റദ്ദാക്കി. ഇത്തരം നടപടികള്‍ ഇനി ഉണ്ടാകില്ലെന്ന ഉറപ്പ് സൂരജ് പാലാക്കാരന്‍ വിചാരണ കോടതിയിലും പോലീസ് സ്റ്റേഷനിലും നല്‍കണം. ഉറപ്പ് ലംഘിച്ചാല്‍ കേസിലെ നടപടികള്‍ പുനഃസ്ഥാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പേര് വെളിപ്പെടുത്തിയതില്‍ ഇരക്ക് വിഷമം ഉണ്ടെങ്കില്‍ നിരുപാധികം മാപ്പ് പറയുന്നതായി സുപ്രീം കോടതിയില്‍ നൽകിയ മറുപടി സത്യവാങ്മൂലത്തില്‍ സൂരജ് പാലാക്കാരന്‍ അറിയിച്ചിരുന്നു. ഇക്കാര്യം സൂരജിന്റെ അഭിഭാഷകന്‍ അഡോള്‍ഫ് മാത്യൂസ് ഇന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നാണ് കര്‍ശന ഉപാധികളോടെ കേസ് റദ്ദാക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ ഹര്‍ഷദ് വി ഹമീദ് ഹാജരായി
കടയ്ക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയിൽ വെളിപ്പെടുത്തിയതിന് യൂ ട്യൂബറായ സൂരജ് പാലക്കാരനെ നേരത്തെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വീഡിയോയിൽ സൂരജ് പാലക്കാരൻ ഉപയോഗിച്ച ഭാഷയെയാണ് പ്രധാനമായും വിമർശിച്ചിരുന്നത്. ഉത്തരവാദിത്തപ്പെട്ട യൂ ട്യൂബർക്ക് ഉപയോഗിക്കാൻ പറ്റിയ ഭാഷയാണോ ഇതെന്നും സമൂഹത്തിൽ എന്തോ കുഴപ്പമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയായിരുന്നു.