
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ മരണസംഖ്യ മുപ്പതായി. 45 ജവാൻമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. വാർത്താ ഏജൻസിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും കനത്ത ഭീകരാക്രമണം ആണിത്.
മൂന്ന് മണിയോടെ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെ ഭീകരാക്രണം നടന്നത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഉഗ്രശേഷിയുള്ള ബോംബ് വച്ച വാഹനം ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ശ്രീനഗറിൽ നിന്ന് 20 അകലെ അവന്തിപ്പൊരയിലാണ് സംഭവം. വാഹനവ്യൂഹത്തിന്‍റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. നിരവധി വാഹനങ്ങള്‍ സ്ഫോടനത്തിൽ തകര്‍ന്നു .200 കിലോ ഗ്രാം സ്ഫോടക വസ്തു വാഹനത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം.
ജെയ്ഷെ മുഹമ്മദ് അംഗവും പുൽവാമ സ്വദേശിയുമായ വഖാര്‍ എന്നു വിളിക്കുന്ന ആദിൽ അഹമ്മദാണെന്ന് ചാവേറാക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 2018ലാണ് ഇയാള്‍ ജയ്ഷെ മുഹമ്മദിൽ ചേര്‍ന്നത് . ജെയ്ഷെ മുഹമ്മദിൻറെ ആത്മഹത്യാ സ്ക്വാഡ് അംഗമായിരുന്നു ഇയാൾ.
സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെട്ടു. ഒരിക്കലും മറക്കാനാവാത്ത വിധം തീവ്രവാദികളെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നാളെ ശ്രീനഗറിലെത്തും .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam