ശബരിമല; സുപ്രീംകോടതി വിധിയില്‍ 46 % പേര്‍ അതൃപ്തരെന്ന് സര്‍വ്വേ ഫലം

By Web TeamFirst Published Oct 31, 2018, 1:38 PM IST
Highlights

21 ശതമാനം പേര്‍ വിധിയില്‍ സംതൃപ്തി അറിയിച്ചപ്പോള്‍ മൂന്നില്‍ ഒരു വിഭാഗം പേരും ശബരിമല വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. 46 ശതമാനം പേരും കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ 26 ശതമാനം അതിനെ എതിര്‍ത്തു. 

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ 46 ശതമാനം പേരും അതൃപ്തരെന്ന്  സര്‍വ്വേ ഫലം. ഇന്ത്യ ടുഡേ കേരളത്തില്‍ നടത്തിയ സര്‍വ്വേയിലാണ് 46 ശതമാനം പേര്‍ ശബരിമല വിധിയിലെ അതൃപ്തി വ്യക്തമാക്കിയത്. മൂന്നില്‍ ഒരു വിഭാഗം പേരും ശബരിമല വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. 21 ശതമാനം പേര്‍ വിധിയില്‍ സംതൃപ്തി അറിയിച്ചു. 46 ശതമാനം പേരും കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ 26 ശതമാനം അതിനെ എതിര്‍ത്തു. 

അതേസമയം പിണറായി വിജയന്‍ സര്‍ക്കാരില്‍ 43 ശതമാനം പേരും തൃപ്തരാണ്. അടുത്ത മുഖ്യമന്ത്രിയായി 27 ശതമാനം പേരും പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണ്. 26 ശതമാനം പേര്‍ ശരാശരി ഭരണമാണ് പിണറായിയുടേതെന്നാണ് അഭിപ്രായപ്പെട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് 20 ശതമാനം പേരുടെ പിന്തുണയുണ്ട്. കേരളത്തില്‍ 20 പാര്‍ലമെന്‍ററി മണ്ഡലങ്ങളില്‍ നിന്നായി 7920 പേരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടുഡെ സര്‍വ്വേ നടത്തിയത്. 

തമിഴ്നാട്  നടത്തിയ സര്‍വ്വേയില്‍ ജനപ്രിയ നേതാവായി ജനം തെരഞ്ഞെടുത്തത് ഡിഎംകെ പ്രസി‍ഡന്‍റ് എംകെ സ്റ്റാലിനെയാണ്. ജയലളിതയുടെ മരണ ശേഷം സര്‍ക്കാര്‍ ഭരണം കൃത്യമല്ലെന്നാണ് സര്‍വ്വെയില്‍ 70 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 41ശതമാനം പേരാണ് അടുത്ത മുഖ്യമന്ത്രിയായി എം കെ സ്റ്റാലിനെ പിന്തുണയ്ക്കുന്നത്. എടപ്പാടി പളനിസ്വാമിയ്ക്ക് 10 ശതമാനവും കമല്‍ ഹാസന് 8 ശതമാനവും രജനികാന്തിന് 6 ശതമാനവും പിന്തുണയാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. 

കേരളത്തിലും തമിഴ്നാടുമായി നടത്തിയ സര്‍വ്വേയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുതിയ പ്രധാനമന്ത്രിയായി 38 ശതമാനം പേരും പിന്തുണച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണ്. 31 ശതമാനം പേര്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. 
 

click me!