ഒമാനില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി വധിച്ച ആറുപേര്‍ പിടിയില്‍

By Web DeskFirst Published Jun 16, 2016, 9:10 AM IST
Highlights

മസ്‌ക്കറ്റ്: ഒമാനില്‍ ഇബ്രിയില്‍ പെട്രോള്‍ പമ്പില്‍ മോഷണം ചെറുക്കുന്നതിനിടെ മലയാളി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ആറുപേര്‍ പിടിയിലായി. കോട്ടയം സ്വദേശിയായ ജോണ്‍ ഫിലിപ്പാണ് വധിക്കപ്പെട്ടത്. ഫിലിപ്പ് ജോണിനെ വധിച്ച കേസില്‍ ഒമാന്‍ സ്വദേശികളായ ആറുപേരാണ് പിടിയിലായത്. ആദ്യം മൂന്നു പേരെ കസ്റ്റഡിയിലെടുത്ത റോയല്‍ ഒമാന്‍ പൊലീസ് വൈകിട്ടോടെ മൂന്നുപേരെ കൂടി പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അതേസമയം പ്രതികളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസമാണ് ജോണ്‍ ഫിലിപ്പിന്റെ മൃതദേഹം പനാമിനും ഫഹൂദിനും ഇടക്കുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. മൃതദേഹം റോയല്‍ ഒമാന്‍ പൊലീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് ജോണിന്റെ ബന്ധുക്കള്‍ കോട്ടയത്ത് ആവശ്യപ്പെട്ടു.

ഒമാനിലെ സനീനയില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്‌തുവന്ന മണര്‍കാട് ചെറുവിളാകത്ത് ജോണ്‍ ഫിലിപ്പ് (47) എന്നയാളെയാണ് വെള്ളിയാഴ്‌ച തട്ടിക്കൊണ്ടുപോയത്. പമ്പില്‍ എത്തിയ കൊള്ളസംഘം കവര്‍ച്ച നടത്തുന്നത് ചെറുത്തതോടെ ജോണ്‍ ഫിലിപ്പിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പമ്പില്‍നിന്ന് അയ്യായിരത്തോളം റിയാലും കാണാതായിരുന്നു. ജോണിനെ തട്ടിക്കൊണ്ടുപോയ വിവരം സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ ജോണിനെ കാണാതായശേഷം, ഇദ്ദേഹത്തിന്റെ സ്‌പോണ്‍സറില്‍നിന്ന് ഒരു വിവരവും ലഭ്യമായിരുന്നില്ല. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

click me!