65 ലക്ഷം രൂപയുടെ നിരോധിച്ച നോട്ട്; പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധം

Published : Jul 14, 2017, 12:37 AM ISTUpdated : Oct 04, 2018, 07:43 PM IST
65 ലക്ഷം രൂപയുടെ നിരോധിച്ച നോട്ട്; പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധം

Synopsis

കണ്ണൂര്‍: കണ്ണൂരില്‍ 65 ലക്ഷം രൂപയുടെ നിരോധിച്ച കറന്‍സികളുമായി പിടിയിലായ സംഘത്തെക്കുറിച്ച് അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. നാലംഗ സംഘമാണ് നിരോധിച്ച കറന്‍സി അനധികൃത മാര്‍ഗത്തിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിച്ചത്.  പണം തട്ടിയെന്ന സ്ത്രീയുടെ പരാതിയില്‍ നാല് പേരെ അറസ്റ്റ് ചെയ്ത പൊലീസ് മൊത്തം 68 ലക്ഷം രൂപയും പിടിച്ചെടുത്തു.  

പ്രതികളില്‍ ഒരാള്‍ നേരത്തെ ടി.പി വധക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടയാളാണ്. കൊളവല്ലൂര്‍ സ്വദേശിയായ ആയിഷയുടെ സ്ഥലക്കച്ചവടത്തിനായി സൂക്ഷിച്ച പണം തട്ടിപ്പറിച്ചെന്ന പരാതിയല്‍ അന്വേഷണം നടക്കവേയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.  നിരോധിത നോട്ടുകള്‍ക്കുപകരമായി പുതിയകറന്‍സി മാറി  നല്‍കാമെന്ന വ്യവസ്ഥയില്‍ പയ്യോളി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാനസംഘത്തിലെ പ്രധാന കണ്ണികളാണിവര്‍.   

ഈ സംഘത്തിലൂടെ പണം മാറ്റിയെടുക്കാനാണോ ഈ സ്ത്രീ എത്തിയതെന്നും, പണം ഇവരില്‍ നിന്നോ, മറ്റിടങ്ങളില്‍ നിന്നോ  തട്ടിയെടുത്തതാണോയെന്നും ഇവരുടെ ഹവാലാബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീ ന്യൂമാഹി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തലശ്ശേരി സ്വദേശികളായ നാണപ്പന്‍ എന്ന ഷിജീഷ്, വൈശാഖ്, പെരിയങ്ങാടി സ്വദേശി ഷംസീര്‍, മാഹി സ്വദേശി ഷംജിത്ത് എന്നിവര്‍ പിടിയിലായത്. ഇവരുടെ പക്കലില്‍ നിന്നും 65 ലക്ഷം രൂപയുടെ പഴയ നോട്ടുകളും 3 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പോലീസ് പിടിച്ചെടുത്തു. 

പുതിയ നോട്ടുകള്‍ ഗള്‍ഫില്‍ നിന്നും എത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം, തലശ്ശേരി മാഹി ഭാഗങ്ങളില്‍ കറന്‍സിയുടെ പേരില്‍ അക്രമം പതിവാണെന്ന് നാട്ടുകാര്‍ക്ക് വ്യാപക പരാതിയുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ കേസുകള്‍ ഇതിനോടകം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുമുണ്ട്, മാത്രമല്ല പിടിയിലായ പ്രതികള് ഉന്നതരാഷ്ട്രീയ ബന്ധമുള്ളവരാണെന്നും പരക്കെ ആരോപണമുണ്ട്.

ഇവരില്‍ ഷിജീഷ് എന്നുവിളിക്കുന്ന നാണപ്പനെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട് കോടതി പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. ഇയാള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കേന്ദീകരിച്ചുള്ള അന്വേഷണത്തില്‍ ഈയിടെ കണ്ണൂരില്‍ വ്യാപകമായ കറന്‍സി മാഫിയയെ സംബന്ധിച്ച  കേസുകളില്‍ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ
ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കാർ! ഈ വർഷം പിഴയായി ഈടാക്കിയത് 1,781 കോടി