പ്രണയം നടിച്ച് വ്യവസായിയെ വഞ്ചിച്ച് 70 ലക്ഷം കവര്‍ന്നു; യുവതിയും ബന്ധുക്കളും കുടുങ്ങിയതിങ്ങനെ

By Web TeamFirst Published Dec 6, 2018, 12:30 AM IST
Highlights

കൃഷ്ണദാസ് എന്ന അറുപതുകാരനാണ് തട്ടിപ്പിന് ഇരയായത്. വിദ്യാരണ്യപുര സ്വദേശി റാണി, ഇവരുടെ മകൾ പ്രീതി, പ്രീതിയുടെ ഭർത്താവ്
മണികണ്ഠൻ, റാണിയുടെ സഹോദരൻ പ്രസാദ് എന്നിവരാണ് പ്രതികൾ

ബംഗളുരു: ബംഗളൂരുവിൽ വ്യവസായിയെ പ്രണയം നടിച്ച് വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ യുവതിയും ബന്ധുക്കളും അറസ്റ്റിൽ. നാൽപ്പതുകാരിയും മകളും മരുമകനും ഉൾപ്പെടെയുളളവരാണ് പിടിയിലായത്. യുവതി കൊല്ലപ്പെട്ടെന്ന് കളളം പറഞ്ഞ് എഴുപത് ലക്ഷം രൂപയോളമാണ് സംഘം തട്ടിയെടുത്തത്.

കൃഷ്ണദാസ് എന്ന അറുപതുകാരനാണ് തട്ടിപ്പിന് ഇരയായത്. വിദ്യാരണ്യപുര സ്വദേശി റാണി, ഇവരുടെ മകൾ പ്രീതി, പ്രീതിയുടെ ഭർത്താവ്
മണികണ്ഠൻ, റാണിയുടെ സഹോദരൻ പ്രസാദ് എന്നിവരാണ് പ്രതികൾ.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

റാണിയുമായി അടുപ്പത്തിലായിരുന്നു കൃഷ്ണദാസ്. ഇത് മുതലെടുത്ത് പലപ്പോഴായി ഇയാളിൽ നിന്ന് റാണി പണം കൈപ്പറ്റി. മകളുടെ സ്കൂൾ
ഫീസടക്കാനെന്ന് പറഞ്ഞ് മുപ്പതിനായിരം രൂപ, ഭർത്താവിന്‍റെ ചികിത്സയ്ക്ക് രണ്ടേ മുക്കാൽ ലക്ഷം, ബ്യൂട്ടി പാർലർ തുടങ്ങാൻ മൂന്ന് ലക്ഷം. അങ്ങനെ നുണകൾ നിരത്തി പണം തട്ടി. കൂടുതൽ ചോദിച്ചപ്പോൾ കൃഷ്ണദാസ് നൽകിയില്ല. ഇതോടെ റാണി വേറെ പദ്ധതികൾ തയ്യാറാക്കി.

ഫെബ്രുവരിയിൽ വീട്ടിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തി. കിടപ്പുമുറിയിൽ ഇരുത്തി. ഇതേ സമയം പൊലീസ് വേഷത്തിൽ സഹോദരനും
മരുമകനും എത്തി റെയ്ഡ് നടത്തി. കേസെടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ വാങ്ങി. തീർന്നില്ല, പിന്നീട് രണ്ട് പേരും കൃഷ്ണദാസിനെ വിളിച്ചത് ജൂലൈയിൽ റാണി കൊല്ലപ്പെട്ടെന്ന വിവരമറിയിക്കാൻ.

കേസിൽ നിങ്ങളെ സംശയിക്കുന്നുവെന്നും ഒതുക്കിത്തീർക്കാൻ 30 ലക്ഷം വേണമെന്നും ആവശ്യപ്പെട്ടു. അതും കൊടുത്തു. കേസ് കുത്തിപ്പൊക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് മാസം കഴിഞ്ഞ് 20 ലക്ഷം ചോദിച്ചു. സ്വത്ത് വിറ്റ് കൃഷ്ണദാസ് അതും കൈമാറി. വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് പറഞ്ഞ് റാണിയുടെ മകൾ പ്രീതി പിന്നീട് വിളിച്ചു. അതൊഴിവാക്കാൻ കൃഷ്ണദാസ് പത്ത് ലക്ഷം കൊടുത്തു.

സംഘം പിന്നീട് 65 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് ഇയാൾക്ക് സംശയം തോന്നിയത്. പൊലീസിൽ പരാതിപ്പെട്ടു. 65 ലക്ഷം കൈമാറാൻ എത്താമെന്ന് സംഘത്തെ അറിയിച്ചു. പൊലീസുമായി ചെന്ന് കയ്യോടെ പിടികൂടി. പണം വാങ്ങാനെത്തിയത് മരുമകൻ. തൊട്ടടുത്തുതന്നെ മറ്റൊരു വാഹനത്തിൽ റാണിയെയും പൊലീസ് കണ്ടെത്തി.

click me!