
ദില്ലി: മാൾവീയ നഗറിൽ മദ്രസാ വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ പരിസരവാസികളായ ആൺകുട്ടികള്‍ ചേർന്ന് തല്ലികൊന്നു. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഹരിയാന സ്വദേശി മുഹമ്മദ് അസീമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് ആൺകുട്ടികളെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തതായി ഡിസിപി വിജയകുമാർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. മദ്രസയിലെ കുട്ടികളുമൊത്ത് കളിക്കുകയായിരുന്ന അസീമിനെ പുറത്തുനിന്ന് വന്ന കുറച്ച് കുട്ടികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ സൈക്കിള്‍ ഉപയോഗിച്ച് തലയിൽ അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീഴുകയായിരുന്നവെന്ന് കെയര്‍ടേക്കറായ മൗലാന അലി ജൗഹർ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവർ അസീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. എട്ടു മുതൽ 12 വയസുവരെയുള്ള കുട്ടികളാണ് അസീമിനെ ആക്രമിച്ചത്. സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണെന്നും ഡിസിപി വിജയകുമാർ പറഞ്ഞു. അതേസമയം, സംഭവസ്ഥലം സംബന്ധിച്ച് കോടതിയിൽ കേസ് നടക്കുന്നുണ്ട്. സ്ഥിരമായി ഭൂമിയെ ചൊല്ലി തർക്കം നിലനിൽക്കുന്ന സ്ഥലമാണിത്. കഴിഞ്ഞ കുറച്ച് മാസത്തിനുള്ളിൽ 15ഒാളം പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചിട്ടുള്ളതെന്നും ഡിസിപി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വര്‍ഷം പരിസരവാസികളിൽ ചിലർ പള്ളിയിലേക്ക് ബിയർ കുപ്പികൾ വലിച്ചെറിഞ്ഞിരുന്നതായി പള്ളിലെ മുഹമ്മദ് മഖീം പറഞ്ഞു. ദസ്സറ ആഘോഷ നാളിൽ പള്ളി പരിസരത്തുനിന്ന് മാറി പോകണമെന്ന് കുട്ടികൾ പറഞ്ഞിരുന്നതായും മുഹമ്മദ് മഖീം കൂട്ടിച്ചേർത്തു. അസീമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടാതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam