മുൻ ഇന്ത്യൻ നാവികസേനാ മേധാവി അഡ്‌മിറൽ അരുൺ പ്രകാശിനെയും ഭാര്യയെയും ഗോവയിലെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. എസ്ഐആർ പരിശോധനയെ തുടർന്നാണ് നടപടി. പേര് തിരികെ ചേർക്കുന്നതിന് രേഖകൾ ഹാജരാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി
ദില്ലി: ഇന്ത്യൻ നാവികസേന മുൻ മേധാവി അഡ്‌മിറൽ അരുൺ പ്രകാശിനും ഭാര്യക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. ഗോവയിൽ എസ്ഐആർ പരിശോധനയിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ ഇവരോട് വോട്ടർ പട്ടികയിൽ പേര് തിരികെ ചേർക്കുന്നതിന് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. വീർ ചക്ര അവാർഡ് ജേതാവും മുൻ യുദ്ധ വീരനുമായ ഇദ്ദേഹം സേനയിൽ നിന്ന് വിരമിച്ച ശേഷം ഗോവയിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തെയും ഭാര്യയെയും കണ്ടെത്താനാകാത്തവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അരുൺ പ്രകാശിനോടും ഭാര്യയോടും വ്യത്യസ്ത ദിവസങ്ങളിൽ ഹിയറിങിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് പ്രകാരം ഹിയറിങിന് ഹാജരാകുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം നോട്ടീസിലെ ഭാഷ വായിച്ച് മനസിലാക്കാൻ കുറച്ചധികം പാടുപെട്ടെന്നും അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിനോട് നടത്തിയ പ്രതികരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിരമിച്ച ശേഷം എന്തെങ്കിലും പ്രത്യേക പരിഗണന നൽകണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കിയ അദ്ദേഹം എസ്ഐആർ എനുമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയതാണെന്നും, വോട്ടർ പട്ടികയിൽ പേര് തിരികെ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം പാലിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം 2002 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് ഇവരുടെ രേഖകൾ ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാൽ ഗോവയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ സഞ്ജയ് ഗോയൽ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഗോവയിൽ തന്നെ കാർഗിൽ യുദ്ധ വീരനും നാവികസേനയിൽ നിന്ന് വിരമിച്ച മുൻ ഓഫീസറും ദക്ഷിണ ഗോവ എംപിയുമായ വിരിയാറ്റോ ഫെർണാണ്ടസും വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരിലുണ്ട്.


