
ആലപ്പുഴ: ഭൂമിക്കടിയില്‍ നിന്നും പുക ഉയര്‍ന്നുവന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കി. കുട്ടനാട് ചമ്പക്കുളം നടുഭാഗം ഗവ. എല്‍പിഎസിന് സമീപത്തുള്ള നെടുമുടി കൃഷിഭവന്‍ പരിധിയിലെ കല്ലമ്പള്ളി പാടശേഖരത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇന്ന് രാവിലെയാണ് പാടശേഖരത്തില്‍ നിന്നും ഉയര്‍ന്ന പുകയും വെള്ളം തിളച്ചു മറിഞ്ഞതുമാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈദ്യുതി ബന്ധം വിച്ഛേദിച്ച ഇലക്ട്രിക് വയറില്‍ നിന്നായിരുന്നു പുക ഉയര്‍ന്നതെന്ന് പിന്നീട് നാട്ടുകാര്‍ കണ്ടെത്തി. പുക ഉയര്‍ന്ന ചതുപ്പിലേക്ക് ആളുകള്‍ ഇറങ്ങാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഒന്‍പത് മണിയോടെ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. നെടുമുടി പഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി 14 വര്‍ഷമായി തരിശായി കിടന്ന പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
ഇന്നലെ രാവിലെ ആറരയോടെ പ്രദേശത്തുകൂടി കടന്നുപോയ കൊരട്ടിയില്‍ ബിജു ആന്റണിയാണ് പോളയും പുല്ലും നിറഞ്ഞുകിടക്കുന്ന പാടശേഖരത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. സംഭവം കേട്ടറിഞ്ഞ് നൂറുകണക്കിനാളുകള്‍ പ്രദേശത്ത് ഒത്തുകൂടിയിരുന്നു. ചിലര്‍ ജിയോളജിസ്റ്റിനെ വിവരം അറിയിക്കുകയും ചെയ്തു. എട്ടുമണിയോടെ നാട്ടുകാരില്‍ ചിലര്‍ മുളകൊണ്ട് പുല്ല് നീക്കിയപ്പോള്‍ പഴയ ഇലക്ട്രിക് സര്‍വീസ് വയര്‍ ദൃശ്യമായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളിലേക്ക് വൈദ്യുതി ലഭ്യമാക്കുവാന്‍ സ്ഥാപിച്ച വയറാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പാടശേഖരം കൃഷിയില്ലാതായതോടെ സര്‍വീസ് വയര്‍ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് വെള്ളത്തിലായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളിലെ വൈദ്യുതി ബന്ധം നിലച്ചപ്പോള്‍ നിലവിലുള്ള സര്‍വീസ് വയറില്‍ നിന്നുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പോസ്റ്റില്‍ നിന്നും സര്‍വീസ് വയര്‍ സ്ഥാപിച്ചായിരുന്നു സ്‌കൂളിലേക്കുള്ള വൈദ്യുതി ലഭ്യമാക്കിയിരുന്നത്.
വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പാടശേഖരത്തില്‍ നിന്നുരുന്ന പോസ്റ്റില്‍ മരങ്ങളും വള്ളികളും പടന്നുകയറി ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിലായി. പാടശേഖരത്തില്‍ പുല്ലും നിറഞ്ഞതോടെ സര്‍വീസ് വയര്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇലക്ട്രിക് ലൈനുകളിലേക്ക് പടര്‍ന്നു പന്തലിച്ച വള്ളികളില്‍ കൂടിയായിരുന്നു സര്‍വീസ് വയറില്‍ വൈദ്യുതി പ്രവഹിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam