കാണാതായ ടെക്കിയ്ക്കായുള്ള തിരച്ചിലില്‍ അന്വേഷണ സംഘത്തിന് വെല്ലുവിളി 'ആധാറും ജിയോ നമ്പറും'

By Web DeskFirst Published Feb 13, 2018, 4:13 PM IST
Highlights

ബെംഗളുരു: ഒഎല്‍എക്സില്‍ വില്‍പനയ്ക്ക് വച്ച കാര്‍ കാണാനെത്തിയ ആളെ കാണാന്‍ പോയി കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിലില്‍ വെല്ലുവിളിയായി ആധാര്‍ തട്ടിപ്പും.  ബെംഗളുരുവില്‍ നിന്ന് കാണാതായ അജിതാഭ് കുമാറിനെ വിളിച്ച കാര്‍ കാണാനെത്തിയതെന്ന് വിശ്വസിക്കുന്ന ആളുടെ നമ്പറിനെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുന്നത്. കേസുമായി യാതൊരു ബന്ധമില്ലാത്ത വനിതയുടെ പേരിലാണ് ഈ നമ്പര്‍ എടുത്തിരിക്കുന്നത്.  ഒരു സ്ത്രീയുടെ പേരിലുള്ള ആധാര്‍ കാര്‍ഡിലാണ് നമ്പര്‍ എടുത്തിരിക്കുന്നത്. എന്നാല്‍ തന്റെ അറിവോടെ ഇങ്ങനെ ഒരു നമ്പര്‍ എടുത്തിട്ടില്ലെന്നാണ് സ്ത്രീ അവകാശപ്പെടുന്നത്. 

റിലയന്‍സ് ജിയോ സിം ആണ് ഇയാള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇയാള്‍ക്ക് ജിയോ സിം നല്‍കിയ കച്ചവടക്കാരനെതിരെ നിലവില്‍ വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. സിമ്മുകള്‍ അനുവദിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്താത്തതില്‍ റിലയന്‍സിനെതിരെയും പൊലീസ് കേസുണ്ട്. സിമ്മു നല്‍കിയ ജീവനക്കാരന്‍ പറഞ്ഞതിന് അടിസ്ഥാനമാക്കി രേഖാ ചിത്രം തയ്യാറാക്കിയെങ്കിലും ഇത് വരെയും ഇയാളെ കണ്ടത്താന്‍ സാധിച്ചിട്ടില്ല. 

 ബ്രിട്ടന്‍ ആസ്ഥാനമായുള്ള സോഫ്റ്റ്‍വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് അജിതാഭ് കുമാര്‍.  ഒ എല്‍ എക്സില്‍ കാര്‍ വില്‍പനയ്ക്ക് പരസ്യം ചെയ്തിരുന്നു. കാര്‍ വാങ്ങാന്‍ ഒരാള്‍ വരുന്നുണ്ട് ഇദ്ദേഹത്തെ കാണാന്‍ പോകുന്നുവെന്നാണ് അവസാനമായി അജിതാഭ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇതിന് ശേഷം അജിതാഭിനെ കാണാതാവുകയായിരുന്നു. 

വില്‍പനയ്ക്ക് വച്ചിരുന്ന കാറും ഇതു വരെ കണ്ടെത്താനും സാധിച്ചിട്ടില്ല. അജിതാഭിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ബെംഗളുരുവിലെ വൈറ്റ്ഫീല്‍ഡിലായിരുന്നു അജിതാഭ് സുഹൃത്തിനൊപ്പം താമസിച്ചിരുന്നത്. 2010 മുതല്‍ അജിതാഭ് ബെംഗളുരുവിലാണ് താമസം. ഉന്നത പഠനാവശ്യത്തിനായാണ് അജിതാഭ് കാര്‍ വില്‍പനയ്ക്ക് വച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. 

click me!