പാർട്ടിപ്രവർത്തകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആംആദ്മി പ്രവർത്തക ആത്മഹത്യ ചെയ്തു

By Web DeskFirst Published Jul 20, 2016, 5:35 AM IST
Highlights

ദില്ലി: ദില്ലിയിൽ ആംആദ്മി പാർട്ടി പ്രവർത്തക വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.പീഡിപ്പിക്കാൻ ശ്രമിച്ച ആം ആദ്മി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആം ആദ്മി പാർട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിയാണ് പാർട്ടി പ്രവർത്തകയുടെ ആത്മഹത്യ നടന്നിരിക്കുന്നത്.

ദില്ലി നരേല സ്വദേശിയായ പ്രവർത്തകയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതിങ്ങനെ. ജൂൺ ആദ്യം നടന്ന ഒരു പാർട്ടി പരിപാടിക്കിടെ പാർട്ടി പ്രവർത്തകനായ രമേഷ് വാദ്‌വ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് യുവതി നരേല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.തുടർന്ന് പൊലീസ് രമേശിനെ അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചതിലുള്ള മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തത്.രമേശിനെ സംരക്ഷിക്കുന്നത് ആംആദ്മി എംഎൽഎ ശരദ് ചൗഹാനാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

അതേസമയം, ഈ ആത്മഹത്യയെ ആം ആദ്മിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പാർട്ടി പ്രവർത്തകനെതിരെ യുവതി ആംആദ്മി നേതാക്കളോട് നേരത്തെത്തന്നെ പരാതി പറഞ്ഞിരുന്നെങ്കിലും അത് ഗൗനിക്കാതിരുന്നതാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.എന്നാൽ ബിജെപിയുടേയത് തെറ്റായ ആരോപണമാണെന്നും രമേശ് വാദ്‌വയ്ക്ക് പാർട്ടിയുമായി ബന്ധമൊന്നുമില്ലെന്നും ആംആദ്മി പ്രതികരിച്ചു.

click me!