
ദില്ലി: എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. അവസാനം സത്യം പുറത്തുവരുമെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം. ആംആദ്മി പാര്‍ട്ടിയെ സിപിഎം പിന്തുണച്ചു
പാര്‍ലമെന്‍ററി സെക്രട്ടറി പദവി വഹിച്ച 20 എംഎൽഎമാരെ അയോഗ്യനാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ തീരുമാനം കാത്തിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. ശുപാര്‍ശ രാഷ്ട്രപതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. തീരുമാനം ആഭ്യന്തരമന്ത്രാലയം അറിയിക്കും. തീരുമാനം എതിരായാൽ ആറ് മാസത്തിനകം 20 മണ്ഡലങ്ങൾ ഉപതെരഞ്ഞടുപ്പിലേക്ക് നീങ്ങും.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം പുറത്തുവന്നിട്ടില്ല. അയോഗ്യത ശുപാര്‍ശ അടിയന്തരമായി സ്റ്റേ ചെയ്യാൻ ദില്ലി ഹൈക്കോടതിയും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ആംആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീക്കാനൊരുങ്ങുന്നത്. സത്യസന്ധമായി മുന്നോട്ടുപോകുമ്പോഴും തടസ്സങ്ങളുണ്ടാകും. അദൃശ്യ ശക്തിയും ദൈവാധിനവും സാഹായത്തിനുണ്ടാകും.
സത്യം പുറത്തുവരുമെന്നതാണ് ചരിത്രസാക്ഷ്യമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാര്‍ശയെ ചോദ്യം ചെയ്ത് ആറ് എംഎൽഎമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി തിങ്കളാഴ്ച്ച വാദം കേൾക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ജനാധിപത്യവിരുദ്ധമാണെന്നായിരുന്നു സിപിഎമ്മിന്‍റെ പ്രതികരണം.
അയോഗ്യത ശുപാര്‍ശയിൽ ദു:ഖമുണ്ടെന്നും തന്‍റെ നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ച് കെജ്‍രിവാൾ സ്വന്തം ഇഷ്ടപ്രകാരമാണ് എംഎൽഎമാര്‍ക്ക് ഇരട്ടപ്പദവി നൽകിയതെന്നും ഇടഞ്ഞ് നിൽക്കുന്ന ആംആദ്മി നേതാവ് കുമാര്‍ വിശ്വാസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam