
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് പൊലീസ് പിടികൂടിയത് മാരകായുധങ്ങളാണോ? ആണെന്ന് പൊലീസ് പറയുന്നു. വാര്‍ക്കപ്പണിക്കുള്ള ഉപകരണങ്ങള്‍ ആണെന്ന് പൊലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും. ഇതിനെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍, മഹാരാജാസിലെ പഴയ വിദ്യാര്‍ത്ഥി യൂനിയന്‍ ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ ആഷിഖ് അബുവിന് പറയാനുള്ളത് പഴയ ഒരനുഭവമാണ്. ക്രിമിനലുകളുടെ താവളമല്ലാതെ കൊച്ചി നഗരത്തിനു നടുവില്‍ മഹാരാജാസ് നിലനില്‍ക്കുന്നത് എങ്ങനെയെന്നു കൂടി വ്യക്തമാക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഷിഖ് അബു.
ഇതാണ് ആ പോസ്റ്റ്:
മഹാരാജാസില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തുണ്ടായ ഒരനുഭവം.
അന്നത്തെ പ്രിന്‍സിപ്പാള്‍ കാമ്പസ്സില്‍ നിന്ന് ഒരു ക്രിമിനലായ ഒരു ഔട്ട് സൈടറെ പിടികൂടുന്നു. പ്രിന്‍സിപ്പാളിന്റെ കൂടെ വിരമിക്കാറായ ഒരമ്മാവന്‍ (പ്യൂണ്‍) മാത്രം. പിടിയിലകപ്പെട്ട ഗുണ്ടാത്തലവന്‍ പ്രിന്‍സിപ്പാളിന്റെ കോളറിന് കയറിപ്പിടിച് ഭിത്തിയിലോട്ടുചേര്‍ത്തു ഉയര്‍ത്തുന്നു. ഗുണ്ടയുടെ കൂടെ മൂന്നുനാലുപേര്‍ ചേരുന്നു, ദേഹത്തൊളിപ്പിച്ചു വെച്ച ചെറിയ വാളുകളും കത്തികളും പുറത്തെടുത്തു അവര്‍ നിമിഷനേരം കൊണ്ട് ഭീതി പടര്‍ത്തി. കണ്ടുനിന്ന പ്രീഡിഗ്രി ആദ്യവര്‍ഷ വിദ്യാത്ഥികളായ ഞങ്ങളെല്ലാവരും ഞെട്ടിനില്‍ക്കുന്നു. പെണ്‍കുട്ടികള്‍ ചിതറിയോടുന്നു. കൂട്ടകൊലവിളികളും അതിന്റെയും മീതെ കുട്ടികളുടെ നിലവിളികളും. പ്രിന്‍സിപ്പാളിനെ രക്ഷിക്കാന്‍ ചെന്ന പാവം അമ്മാവന്‍ ഒരു ഗുണ്ടയുടെ ചെറിയൊരു തള്ളലില്‍ തെറിച്ചു താഴെ വീഴുന്നു. പല തവണ പ്രണയം നിഷേധിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാന്‍ എത്തിയതാണ് ഗുണ്ടാത്തലവനും സംഘവും നന്നായി മദ്യപിച്ചതു കൊണ്ടാവണം പെണ്‍കുട്ടിയുടെ മുന്‍പില്‍വെച്ചു പ്രിന്‍സിപ്പല്‍ പിടിച്ചപ്പോള്‍ അവന്‍ അത് മഹാരാജാസ് ആണെന്ന് മറന്നുപോയത്. വളരെപ്പെട്ടെന്ന് ഭീതിപരത്തി രക്ഷപ്പെടുക എന്നതായി പിന്നീടവരുടെ വഴി. അപമാനിതനും പരിക്കേറ്റവനുമായ പ്രിന്‍സിപ്പാള്‍, ഭയന്നോടുന്ന കുട്ടികള്‍, ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നും ചെയ്യാനാവാതെ നിശ്ചലമായി നില്‍ക്കുന്നു.
പിന്നീട് കേട്ടത് ഒരിരമ്പലാണ്...
യൂണിയന്‍ ഓഫീസില്‍ നിന്നുള്ള ഇരമ്പല്‍ ഇടനാഴികള്‍ കടന്ന് കെമിസ്ട്രി ബ്ലോക്കിന്റെ പിന്നിലെത്തുമ്പോള്‍ എല്ലാ കൊലവിളികളും ആക്രോശങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍. കൈയ്യില്‍ കിട്ടിയ ഡെസ്‌കിന്റെ കാലുകളും, സ്‌പോര്‍ട്‌സ് റൂമില്‍ നിന്നുള്ള ഹോക്കി സ്റ്റിക്കുകളും ജനാലകളുടെ ഇരുമ്പഴികളും മണ്‍വെട്ടിയുടെ പിടിയും ഇഷ്ടികക്കഷ്ണങ്ങളും ബൈക്കിന്റെ ചെയിനും ക്രിക്കറ്റ് സ്റ്റമ്പും പെയിന്റ് മേടിച്ച പാട്ട ബക്കറ്റും ആയുധങ്ങളാക്കി ഇരമ്പിവന്ന ഒരുകൂട്ടം എസ് എഫ് ഐ ക്കാരുടെ ദൃശ്യം അതുകണ്ടവരാരും മറക്കാന്‍ സാധ്യതയില്ല.
കൊച്ചി പോലൊരു നഗരത്തിന്റെ നടുവില്‍ ഇന്നും മഹാരാജാസ് ക്രിമിനല്‍ താവളമല്ലാതെ നിലനിക്കുന്നെങ്കില്‍ അതിന്റെ ഉത്തരവാദി നാട്ടിലെ നിയമവാഴ്ചയല്ല, പ്രിന്‍സിപ്പാളെന്നോ, അധ്യാപകനെന്നോ, വിദ്യാര്‍ത്ഥിയെന്നോ വ്യസ്ത്യസമില്ലാതെ ക്യാമ്പസിനെ സംരക്ഷിച്ചുനിര്‍ത്തിയ വിദ്യാര്‍ത്ഥികളുടെ മനശക്തിയും മേല്‍പറഞ്ഞ 'മാരകായുധങ്ങളുമാണ്'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam