കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു.  ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നതെന്ന് അക്കാദമി എക്സിക്യൂട്ടീവ് അംഗം കെപി രാമനുണ്ണി

ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് ഇന്ന് പ്രഖ്യാപിക്കാനിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മാറ്റിവെച്ചത്. കാരണം വ്യക്തമാക്കാതെയാണ് പുരസ്കാര പ്രഖ്യാപനം നീട്ടിവെച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് ദില്ലിയിൽ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സമഗ്ര സംഭാവന അടക്കം വിവിധ മേഖലകളിലുള്ള അവാർഡുകളാണ് പ്രഖ്യാപിക്കാനിരുന്നത്. അവാർഡ് ജേതാക്കളായ മലയാളി എഴുത്തുകാരുടെ പേരുകളും ഇന്ന് പുറത്തുവിടുമെന്ന വിവരവും ഉണ്ടായിരുന്നു. എന്നാൽ, പ്രഖ്യാപനത്തിന് അൽപ്പസമയം മുമ്പാണ് നീട്ടിയത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്. 

മലയാളത്തിൽ അവാര്‍ഡ് തീരുമാനിച്ചിരുന്നത് എൻ പ്രഭാകരന്‍റെ മായാ മനുഷ്യര്‍ എന്ന നോവലിനാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് യോഗം അവാര്‍ഡ് പട്ടിക അംഗീകരിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനം നീട്ടിവെക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. വ്യക്തമായ കാരണം പറയാതെയാണ് ഇത്തരമൊരു നടപടിയെന്നും ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നതെന്നും അക്കാദമി എക്സിക്യൂട്ടീവ് അംഗം കെപി രാമനുണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വയംഭരണ സ്ഥാപനമാണ് സാഹിത്യ അക്കാദമിയെന്നും അതിന്‍റെ അന്തസ്സ് ഉയര്‍ത്തിപിടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിഷയം പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാരുമായി അക്കാദമി സെക്രട്ടറി ചര്‍ച്ച നടത്തുന്നുണ്ടെന്നും കെപി രാമനുണ്ണി പറഞ്ഞു. അഡ്മിനിട്രേറ്റീവ് കാരണങ്ങൾ കൊണ്ടാണ് അവാര്‍ഡ് പ്രഖ്യാപന വാർത്താസമ്മേളനം റദ്ദാക്കാൻ ആവശ്യപ്പെട്ടതെന്നാണ് സംസ്കാരിക മന്ത്രാലയം വിശദീകരിക്കുന്നത്. അതേസമയം, നീട്ടിവെക്കാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം തയ്യാറായിട്ടില്ല.