ആലപ്പുഴ നഗരസഭയിലെ വലിയമരം വാർഡിൽ ജയിച്ച യുഡിഎഫിലെ ഷംന മൻസൂറിന് രണ്ടിടത്ത് വോട്ടുണ്ടെന്നാണ് പരാതി.
ആലപ്പുഴ: ആലപ്പുഴയിൽ ഇരട്ടവോട്ടെന്ന് പരാതി. ആലപ്പുഴ നഗരസഭയിലെ വലിയമരം വാർഡിൽ ജയിച്ച യുഡിഎഫിലെ ഷംന മൻസൂറിന് രണ്ടിടത്ത് വോട്ടുണ്ടെന്നാണ് പരാതി. വിജയം റദ്ദാക്കണമെന്നും സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വലിയമരം വാർഡിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥിയാണ് പരാതി നൽകിയത്. വിജയിച്ച യുഡിഎഫ് അംഗം ഷംനയ്ക്ക് വലിയമരം വാർഡിലും തൊട്ടടുത്തുള്ള വലിയ കുളം വാർഡിലും വോട്ടർ പട്ടികയിൽ പേരുണ്ട്. ഒന്നിലധികം വാർഡുകളിൽ വോട്ടർ പട്ടികയിൽ പേരുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സുപ്രീം കോടതി നിർദേശം ഉണ്ടെന്ന് കാണിച്ചാണ് പരാതി. അതേസമയം കഴിഞ്ഞ പത്ത് വർഷമായി വലിയമരം വാർഡിലാണ് വാടകയ്ക്ക് താമസിക്കുന്നതെന്നും നേരത്തെ താമസിച്ചിരുന്ന വലിയ കുളത്ത് വോട്ടർ പട്ടികയിൽ പേരുള്ളത് അറിഞ്ഞില്ലെന്നുമാണ് ഷംന മൻസൂർ പറയുന്നത്. ഇവർ വലിയ മരം വാർഡിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇരട്ട വോട്ട് പരാതി ഉയർന്ന സാഹചര്യത്തിൽ ഇവിടെ സത്യപ്രതിജ്ഞ മാറ്റി വച്ചേക്കും.

