
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ. നെട്ടൂർ സ്വദേശി റജീബ് ആണ് പിടിയിലായത് . ക്യംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. കൊലയാളി സംഘത്തിലെ പ്രധാനികളിലൊരാളാണ് റജീബ്.
അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒളിവിലായിരുന്ന ഇയാളെ തിരിച്ച് കേരളത്തിലേക്ക് വരുന്ന വഴിയിലാണ് പൊലീസ് പിടികൂടിയത്. റജീബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മുഖ്യ പ്രതികളിലൊരാളായ മുഹമ്മദ് റിഫ നേരത്തെ പിടിയിലായിരുന്നു. ക്യാംപസ് ഫ്രണ്ടിന്‍റെ സംസ്ഥാന സെക്രട്ടറിയായ റിഫയെ ബംഗളുരുവില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കൊലയാളി സംഘത്തിലെ മറ്റൊരു പ്രതി ഫസലുദ്ദീന്‍ എറണാകുളം കോടതിയില്‍ കീഴടങ്ങിയിരുന്നു.
ചുവരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മഹാരാജാസിലേക്ക് കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയും നേരത്തെ പിടിയിലായ ഒന്നാം പ്രതി മുഹമ്മദും ചേര്‍ന്നായിരുന്നു. കസ്റ്റഡിയിലുള്ള മുഹമ്മദില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിഫയെ പിടികൂടിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവശേഷം നാലാം തീയതി വരെ ഫേസ്ബുക്കില്‍ സജീവമായിരുന്നു റിഫ. കൊലപാതകത്തെ ന്യായീകരിച്ച് പോസ്റ്റുമിട്ടു. അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്നറിഞ്ഞ് ഒളിവില്‍ പോവുകയായിരുന്നു. അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 13പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ എട്ടുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam