വയനാട്ടില്‍ വാഹനപകടങ്ങള്‍ പെരുകുന്നു; 144 ദിവസങ്ങള്‍ക്കിടെ 286 വാഹനപകടങ്ങള്‍

By Web DeskFirst Published May 27, 2018, 3:42 PM IST
Highlights
  • പത്തുവര്‍ഷത്തിനിടെ പൊലിഞ്ഞത് 667 ജീവനുകള്‍
  • പോലീസിന് പ്രിയം ഹെല്‍മറ്റ് വേട്ടയില്‍ മാത്രം

വയനാട്: മറ്റു ജില്ലകളെ അപേക്ഷിച്ച് വാഹനങ്ങള്‍ നന്നേ കുറവുള്ള ജില്ലയായിട്ടും വയനാട്ടില്‍ വാഹനപകടങ്ങളുടെ കണക്ക് കുത്തനെ കൂടുന്നു. 2018 തുടങ്ങിയ ശേഷം മെയ് 24 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ 43 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജനുവരി മുതല്‍ മെയ് 24 വരെ 286 വാഹനപകടങ്ങളാണുണ്ടായത്. ഗുരുതരവും അല്ലാത്തതുമായി 563 പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് മാസത്തിലാണ് കൂടുതല്‍ അപകടങ്ങളും മരണങ്ങളും നടന്നത്. 66 അപകടങ്ങളിലായി 16 പേര്‍ക്കാണ് ഈ മാസത്തില്‍ ജീവന്‍ നഷ്ടമായത്. ഫെബ്രുവരിയില്‍ പത്ത് പേര്‍ മരിച്ച സ്ഥാനത്താണ് മരണസംഖ്യ ഉയര്‍ന്നത്. 

ഏപ്രില്‍ മാസത്തില്‍ 63 അപകടങ്ങളുണ്ടായി. ഏഴു പേര്‍ മരിച്ചു. കഴിഞ്ഞ 24 ദിവസത്തിനുള്ളിലായി 43 അപകടങ്ങളിലായി മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. അമ്പലവയലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച അപകടമാണ് ഒടുവിലത്തേത്. ഇത്രയും കാലയളവില്‍ മരണമടഞ്ഞവരിലേറെയും യുവാക്കളാണെന്നതാണ് ഞെട്ടിപ്പിക്കുന്നത്. 

പത്തുവര്‍ഷത്തിനിടെ പൊലിഞ്ഞത് 667 ജീവനുകള്‍
പത്ത് വര്‍ഷത്തെ വാഹനപകടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ 667 പേര്‍ക്ക് ജീവന്‍ നഷ്ടമായ ജില്ലയാണ് വയനാട്. 2007 മുതല്‍ 2017 വരെയുള്ള ഈ കാലയളവില്‍ 6648 അപകടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 8790 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 

66 ബ്ലാക്ക് സ്‌പോട്ടുകളുള്ള ജില്ല
ജില്ലയില്‍ 66 ബ്ലാക്ക് സ്‌പോട്ടുകള്‍ (സ്ഥിരം അപകടമേഖലകള്‍) ഉണ്ടെന്നാണ് പോലീസിന്റെ കണക്ക്. എങ്കിലും ഇത്തരം മേഖലകളില്‍ വേണ്ടത്ര സ്ിഗ്നല്‍ സംവിധാനങ്ങളും മറ്റും സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ദേശീയപാത 766ല്‍ സുല്‍ത്താന്‍ബത്തേരിക്കടുത്ത കൊളഗപ്പാറ വളവുകള്‍ സ്ഥിരം അപകടമേഖലയാണ്. രണ്ട് മാസത്തിനുള്ളില്‍ അഞ്ചിലേറെ അപകടങ്ങള്‍ ഇവിടെ ഉണ്ടായി. ഇതേ ദേശീയപാതയില്‍ തന്നെ മുട്ടില്‍ വാര്യാട് മേഖലയും പാതിരിപ്പാലം മുതല്‍ ദൊട്ടപ്പന്‍കുളം വരെയുള്ള മേഖലയും അപകടങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. 

പോലീസിന് പ്രിയം ഹെല്‍മറ്റ് വേട്ടയില്‍ മാത്രം
തിരക്കേറിയ ടൗണുകളില്‍ പോലും ഹെല്‍മറ്റ് വേട്ടക്കായി ഇറങ്ങുന്ന പോലീസുകാര്‍ ജില്ലയിലുണ്ട്. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ബത്തേരി ഗണപതി അമ്പലത്തിന് മുമ്പിലായി തിരക്കേറിയ സമയത്ത് പോലീസുകാര്‍ ഹെല്‍മറ്റ് പരിശോധന നടത്തിയത് ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ അപകടങ്ങള്‍ ഏറുന്ന ജില്ലയില്‍ അത് കുറക്കാനുള്ള ക്രിയാത്മക നടപടികള്‍ ഒന്നും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഇന്റര്‍ സെപ്റ്റര്‍ അടക്കമുള്ള വാഹനങ്ങള്‍ ജില്ലക്കകത്തുണ്ട്. എന്നാല്‍ സ്ഥിരം സ്ഥലങ്ങളില്‍ തമ്പടിക്കുന്നതല്ലാതെ ജില്ലയിലുടനിളം എത്താറില്ലെന്നാണ് പരാതി.  

click me!